Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിസാനിലേക്ക് കുതിച്ചെത്തിയത് വൻ ദുരന്തം, സൗദിയുടെ രക്ഷയ്ക്ക് പാട്രിയറ്റ്

missile

തെക്കൻ സൗദി അറേബ്യ നഗരമായ ജിസാനിലേക്ക് കഴിഞ്ഞ ദിവസവും മിസൈൽ ആക്രമണമുണ്ടായി. ഇറാനിന്റെ പിന്തുണയോടെ യെമനിലെ ഹൂതികളാണ് ആക്രമണത്തിന് പിന്നിലെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൗദി സർക്കാരിന്റെ കീഴിലുള്ള ഔദ്യോഗിക മാധ്യമങ്ങളിൽ നിന്ന് ലഭ്യമായ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ദിവസത്തെ മിസൈല്‍ ആക്രമണത്തിൽ രണ്ടു പേർ മരിച്ചുവെന്നാണ് അറിയുന്നത്.

ശനിയാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. ജനവാസ മേഖകൾ ലക്ഷ്യമിട്ടാണ് ഹൂതികളുടെ ആക്രമണമെന്ന് അറബ് സഖ്യസേന പറഞ്ഞു. കഴിഞ്ഞ വെളളിയാഴ്ചയും മിസൈൽ ആക്രമണം നടന്നിരുന്നു. വെള്ളിയാഴ്ച രണ്ടു മിസൈലുകൾ വന്നതായി സഖ്യസേന വക്താവ് കേണസൽ തുർക്കി അല്‍മാലിക്കി പറഞ്ഞു. നജ്റാൻ ലക്ഷ്യമിട്ടായിരുന്നു വെള്ളിയാഴ്‌ചത്തെ ആക്രമണം. രണ്ടു മിസൈലുകളിൽ ഒന്ന് സആദ പ്രവ്യശ്യയിലാണ് വീണത്. മറ്റൊന്നു മരുഭൂമിയിലും വീണു. 

ദിവസങ്ങൾക്ക് മുൻപ് യാമ്പൂവിലേക്ക് കുതിച്ചെത്തിയ മിസൈൽ തകർക്കുകയും ചെയ്തിരുന്നു. പെട്രോളിയം റിഫൈനറികളും പെട്രോ കെമിക്കൽ ഫാക്ടറികളും പ്രവർത്തിക്കുന്ന ചെങ്കടൽ തീര നഗരമായ യാമ്പുവിൽ തുറമുഖം ലക്ഷ്യമിട്ടായിരുന്നു ഹൂതികളുടെ മിസൈൽ ആക്രമണം. ‍

യെമനിൽ നിന്നെത്തിയ മിസൈൽ അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനം പാട്രയറ്റിന്റെ സഹായത്തോടെ സൗദി എയർ ഡിഫൻസ് വിഭാഗം തകർക്കുകയായിരുന്നു. സ്കഡ് വിഭാഗത്തില്‍പെട്ട മിസൈൽ യെമനിൽ നിന്നു കുതിച്ചുയർന്ന നിമിഷം തന്നെ കണ്ടെത്തി തകർക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു ആക്രമണം. 

സൗദിയിലെ നിരവധി നഗരങ്ങൾക്കു നേരെ നേരത്തെയും മിസൈൽ ആക്രണം നടന്നിട്ടുണ്ട്. നജ്‌റാന്‍, ജിസാന്‍, റിയാദ് എന്നിവിടങ്ങളിലേക്കും മിസൈൽ ആക്രമണം നടത്തിയിട്ടുണ്ട്. എന്നാൽ എല്ലാ മിസൈലുകളും പാട്രിയറ്റിന്റെ സഹായത്തോടെ തകർത്തു. കഴിഞ്ഞ വർഷം നവംബറിൽ റിയാദിലെ എയർപോർട്ട് ലക്ഷ്യമിട്ട് യെമൻ വിമതരായ ഹൂതികൾ വിക്ഷേപിച്ച മിസൈലും തകർത്തിരുന്നു.    

∙ സ്കഡ് മിസൈലും പാട്രിയറ്റും    

ഒന്നാം ഗൾഫ് യുദ്ധകാലത്താണ് സ്കഡ് മിസൈലും പാട്രിയറ്റും കേൾക്കാൻ തുടങ്ങിയത്. യുദ്ധത്തിനു അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന റഷ്യയും അമേരിക്കയും തന്നെയാണ് ഈ രണ്ടു ആയുധങ്ങളും ഗൾഫ് രാജ്യങ്ങളിലും എത്തിച്ചത്. സ്കഡ് ആക്രമിക്കാനുള്ളതാണെങ്കിൽ പാട്രിയറ്റ് ആക്രമണത്തെ പ്രതിരോധിക്കാനുള്ളതാണ്. സ്കഡ് റഷ്യൻ ടെക്നോളജിയാണ്, പാട്രിയറ്റ് അമേരിക്കയുടെ ഉൽപന്നവും.    

1990 ലാണ് അന്നത്തെ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ കുവൈത്തിനെ ആക്രമിക്കാൻ തുടങ്ങിയത്. വ്യോമ– കരയാക്രമണം ശക്തമാക്കിയ സദ്ദാമിന്റെ പ്രധാന ആയുധം സ്കഡ് മിസൈലുകളായിരുന്നു. റഷ്യൻ നിർമിത സ്കഡ് മിസൈലിന്റെ പരിഷ്കരിച്ച പതിപ്പ് ‘അൽ ഹുസൈൻ’ മിസൈൽ അന്ന് ഗൾഫ് മേഖലയ്ക്ക് വൻ ഭീഷണിയായിരുന്നു.    

മിക്ക ഗൾഫ് രാജ്യങ്ങളുടെയും കൈവശം അത്യാധുനിക മിസൈലുകൾ ഉണ്ടായിരുന്നെങ്കിലും പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ ഇല്ലായിരുന്നു. ഇതോടെയാണ് കുവൈത്തിനെ സഹായിക്കാൻ അമേരിക്ക എത്തുന്നത്. അമേരിക്ക വന്നത് ഒരുകൂട്ടം അത്യാധുനിക ആയുധങ്ങളുമായിരുന്നു. ഇതിലൊന്നായിരുന്നു മിസൈൽ പ്രതിരോധ സംവിധാനമായ പാട്രിയറ്റ്.    

'ഓപ്പറേഷന്‍ ഡെസര്‍ട്ട് സ്റ്റോം' എന്ന പേരിൽ ഇറാഖിനെതിരെ നടന്ന അമേരിക്കൻ ആക്രമണത്തിൽ പാട്രിയറ്റ് വൻ ശക്തിയായി പ്രവർത്തിച്ചു. ബ്രിട്ടന്‍, ഫ്രാന്‍സ്, ഈജിപ്ത്, സൗദി അറേബ്യ, കുവൈത്ത്, ഓസ്‌ട്രേലിയ തുടങ്ങി 32 രാജ്യങ്ങളിലെ സൈനികരെ ഏകോപിപ്പിച്ചാണ് ആക്രമണം നടത്തിയത്. ഇതോടെയാണ് അമേരിക്കയുടെ കൂടെ നിന്ന രാജ്യങ്ങളിലെല്ലാം മിസൈൽ പ്രതിരോധ സംവിധാനം പാട്രിയറ്റ് സജ്ജീകരിച്ചത്. അന്നും സൗദി അറേബ്യക്കു നേരെ സ്കഡ് മിസൈല്‍ ആക്രമണമുണ്ടായി. എന്നാൽ യുഎസ് ടെക്നോളജി പാട്രിയറ്റ് മിസൈല്‍ ഉപയോഗിച്ച് അമേരിക്കൻ പട്ടാളക്കാര്‍ മിസൈൽ തകർത്തു.    

∙ എന്താണ് പാട്രിയറ്റ്?    

പാട്രിയറ്റ് എന്നാൽ കരയിൽ നിന്നു വായുവിലേക്ക് തൊടുക്കാവുന്ന പ്രതിരോധ ബാലസ്റ്റിക് മിസൈലാണ്. അമേരിക്കയാണ് ഈ മിസൈൽ ആദ്യമായി വികസിപ്പിച്ചെടുത്തത്. പിന്നീട് അമേരിക്കയുടെ സഖ്യത്തിലെ മിക്ക രാജ്യങ്ങളിലും ഈ സംവിധാനം കൊണ്ടുവന്നു. 1981 ലാണ് പാട്രിയറ്റ് പുറത്തുവരുന്നത്. 20 മുതൽ 30 ലക്ഷം ഡോളർ വരെയാണ് ഇതിന്റെ നിർമാണ ചെലവ്. 

നിലവിൽ അമേരിക്കയുടെ കൈവശം മാത്രം 1,106 പാട്രിയറ്റ് ലോഞ്ചറുകളുണ്ട്. മറ്റു രാജ്യങ്ങളിലായി 172 ലോഞ്ചറുകളും സർവീസിലുണ്ട്. ഇതിൽ പ്രയോഗിക്കാനായി ഏകദേശം പതിനായിരം മിസൈലുകൾ നിർമിച്ചിട്ടുണ്ട്. എംഐഎം–104 പാട്രിയറ്റ് എന്നാണ് ഈ ടെക്നോളജിയുടെ ഔദ്യോഗിക പേര്. കുവൈത്ത്, യുഎഇ, സൗദിഅറേബ്യ എന്നീ ഗൾഫ് രാജ്യങ്ങളിൽ പാട്രിയറ്റിന്റെ സേവനം ലഭ്യമാമാണ്.    

റോയൽ സൗദി എയർ ഡിഫൻസിന്റെ കീഴിലുള്ള പാട്രിയറ്റാണ് ഹൂതികൾ വിക്ഷേപിച്ച ബുർഖാൻ 2 എച്ചിനെ തകർത്തത്. വിക്ഷേപിച്ചു മിനിറ്റുകൾക്കുള്ളിൽ മിസൈൽ കണ്ടെത്തുകയും ആകാശത്തുവെച്ചു തന്നെ തകർക്കുകയുമായിരുന്നു.