Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ സമ്മാനമായി നൽകിയ ധ്രുവ് ഹെലികോപ്റ്റർ മാലി തിരിച്ചു നൽകി, പിന്നിൽ ചൈന

Helicopter

ഇന്ത്യയുടെ എതിർപ്പുകൾ വകവയ്ക്കാതെ ചൈനയുമായി സഹകരണം തുടരാൻ തന്നെയാണ് മാലദ്വീപിന്റെ തീരുമാനം. നാവികാഭ്യാസത്തിൽ നിന്ന് വിട്ടുനിന്ന മാലദ്വീപ് ഇപ്പോൾ ഇന്ത്യ സമ്മാനിച്ച ഹെലികോപ്ടർ തിരിച്ചു നൽകിയിരിക്കുകയാണ്. ഇനിയുള്ള കാലം ചൈന സഹായിക്കുമെന്ന പ്രതീക്ഷയിലാണ് മാലദ്വീപ് ഇന്ത്യയ െകൈവിട്ടത്.

രാജ്യ സുരക്ഷയ്ക്കായി മാലദ്വീപ് തന്നെ ധ്രുവ് വിഭാഗത്തിൽപെട്ട രണ്ടു ഹെലികോപ്റ്ററുകളാണ് ആവശ്യപ്പെട്ടത്. തുടർന്ന് ഇന്ത്യ സമ്മാനമായി രണ്ടു ഹെലികോപ്ടറുകൾ നല്‍കി. എന്നാൽ ഇതിൽ ഒന്ന് ഇന്ത്യ തന്നെ തിരിച്ചെടുക്കണമെന്നാണ് മാലദ്വീപ് അധികൃതർ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.

അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറുകളാണ് ഇന്ത്യ മാലിക്ക് നൽകിയിരുന്നത്. എന്നാൽ നാവികാഭ്യാസത്തിൽ നിന്ന് പിൻമാറിയ മാലി കോപ്ടർ തിരിച്ചു നൽകാനുള്ള കാരണവും വ്യക്തമാക്കിയിട്ടില്ല. ഈ വിഭാഗത്തില്‍പെട്ട കോപ്ടർ വേണ്ടെന്നും ‌സമുദ്ര നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഡോണിയർ വിമാനങ്ങളാണ് ആവശ്യമെന്നുമാണ് മാലി അധികൃതർ പറഞ്ഞത്.

ഇന്ത്യ കോപ്ടർ സമ്മാനിച്ചപ്പോൾ രണ്ടു വർഷത്തേക്ക് നല്‍കിയ ലെറ്റർ ഒപ് എക്സ്ചേഞ്ചിന്റെ കാലാവധി അവസാനിച്ചുവെന്നും പറയുന്നുണ്ട്. എന്നാൽ ചൈനയുടെ കൂട്ടുക്കെട്ട് തന്നെയാണ് ഇതിനു പിന്നിലെന്ന് വ്യക്തമാണ്. രണ്ടാമത്തെ കോപ്റ്റർ തിരിച്ചുനൽകുന്ന കാര്യവും ഉടൻ പരിഗണിക്കുമെന്നാണ് അറിയുന്നത്. ഇന്ത്യ സഹോദരനും ചൈന ഏറെക്കാലം മുൻപ് നഷ്ടപ്പെട്ട, ഇപ്പോൾ തിരിച്ചുകിട്ടിയ അടുത്ത ബന്ധുവാണെന്നുമാണ് അടുത്തിടെ ചൈനയിലെ മാലിദ്വീപ് അംബാസഡർ മുഹമ്മദ് ഫൈസൽ പറഞ്ഞത്.

കഴിഞ്ഞ കുറച്ചു വർഷമായി മാലിയ്ക്ക് സൈനിക സഹായം നല്‍കുന്നത് ഇന്ത്യയാണ്. മാലിയിലെ സൈനികർക്ക് പരിശീലനവും മറ്റു സഹായങ്ങളും നല്‍കുന്നുണ്ട്. മാലിയുടെ പ്രതിരോധ സേനയെ സഹായിക്കാൻ ആറ് ഇന്ത്യൻ പൈലറ്റുമാര്‍ സേവനം ചെയ്യുന്നുണ്ട്. കൂടാതെ റഡാർ സാങ്കേതിക സഹായവും ഇന്ത്യയുടേതാണ്.