ഗൃഹത്തിൽ ദീപം തെളിയിക്കേണ്ട സമയങ്ങൾ

പ്രഭാതത്തിലും, സായഹ്നത്തിലുമുള്ള ദീപം തെളിയിക്കലും പ്രാർത്ഥനയും സർവ്വ കഷ്ടനഷ്ടങ്ങളിൽ നിന്നും നിങ്ങളെ അകറ്റി നിർത്തും.

അഗ്നിയെ സാക്ഷി നിർത്താതെ ഒരു പുണ്യ കർമ്മങ്ങളും നമ്മൾ ചെയ്യാറില്ല. അഗ്നിയുടെ പ്രാധാന്യം എടുത്തുപറയാത്ത ഒരു പുരാണങ്ങളുമില്ല. വേദങ്ങളിലും, ഉപനിഷത്തുകളിലുമെല്ലാം അഗ്നിയെ പ്രതിപാദിക്കുന്നുണ്ട്. അഗ്നിയുടെ മഹത്വം തിരച്ചറിയുന്നവരാണ് നമ്മുടെ ഋഷിവര്യന്മാർ.

അഗ്നിക്ക് മൂന്ന് രൂപങ്ങളാണ്. ഒന്ന്; ഭൂമിയിലെ അഗ്നി, രണ്ട്; അന്തരീക്ഷത്തിലെ അഗ്നി അഥവാ മിന്നൽ, മൂന്ന്; ഭൂമിയുടെ നാഥനായ ആകാശത്തിലെ സൂര്യൻ പ്രസരിപ്പിക്കുന്ന അഗ്നി. സൂര്യാഗ്നിയാണ് ഭൂമിയുടെ നിലനിൽപ്പിനുതന്നെ ആധാരം. നാം വിശ്വസിക്കുന്ന ദേവന്മാരിൽ സൂര്യനെ മാത്രമാണ് നഗ്നനേത്രങ്ങൾകൊണ്ട് കാണാവുന്നതും. സൂര്യന്റെ അംശമായി ഭൂമിയിലെത്തുന്ന അഗ്നിയെ നാം പവിത്രമായി കാണുന്നു. നമ്മുടെ ആരാധന സമ്പ്രദായത്തിൽ അഗ്നിക്ക് പ്രമുഖ സ്ഥാനം കിട്ടുവാനുള്ള കാരണവും അഗ്നി ഇൗശ്വരനാണെന്നുള്ള തിരിച്ചറിവാണ്.

ഗൃഹത്തിൽ ദീപം തെളിയിക്കേണ്ട സമയങ്ങൾ:

ഒരു ദിവസം പൂർണ്ണമാകുന്നത് മൂന്ന് സന്ധ്യകളിലൂടെയാണ് പ്രാതഃ

സന്ധ്യ, മദ്ധ്യസന്ധ്യ, സായംസന്ധ്യ എന്നിവയാണവ. ഇതിൽ പ്രധാനം പ്രാതഃസന്ധ്യയും സായംസന്ധ്യയുമാണ്. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് പോകുന്ന പ്രാതഃസന്ധ്യയിലും, വെളിച്ചത്തിൽ നിന്ന് ഇരുട്ടിലേക്കു പോകുന്ന സായംസന്ധ്യയിലുമാണ് നാം ദീപം തെളിയിക്കേണ്ടത്. 

പൂർണ്ണ സൂര്യോദയത്തിനു തൊട്ടുമുൻപുള്ള പ്രാതഃസന്ധ്യയ്ക്ക് മൂന്ന് മണിക്കൂർ മുൻപുള്ള ബ്രഹ്മമുഹൂർത്തമാണ് ദീപം തെളിയിക്കൻ ഏറ്റവും മികച്ച സമയമെങ്കിലും സൂര്യോദയത്തിനു മുൻപുള്ള ഏതു സമയവും ദീപം തെളിയിക്കാം. ഇതിന് ചില അനുഷ്ഠാനങ്ങളുണ്ട്. അതിനായി സൂര്യോദയത്തിനു മുൻപായി ഉറക്കമുണരുക. ശരീരം ശുദ്ധിവരുത്തിയശേഷം പൂജാ മുറിയിലോ പൂമുഖത്തോ ദീപം തെളിയിക്കാം. അഞ്ചുതിരിയോ, രണ്ടു തിരിയോ ദീപത്തിനായി ഉപയോഗിക്കുകയാകും അഭികാമ്യം. അഞ്ചു തിരിയിടുമ്പോൾ കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് എന്നീ ദിക്കുകൾക്കുശേഷം  അധികം വരുന്ന ഒരുതിരി വിളക്കിന്റെ കിഴക്കു വടക്കു മൂലയിലുള്ള ഇൗശാന കോണിലാകണം തെളിയിക്കേണ്ടത്. രണ്ടു തിരിയാണെങ്കിൽ കിഴക്ക്, പടിഞ്ഞാറ് ദർശനമാക്കി തെളിയിക്കണം. തിരികത്തിച്ചു കഴിഞ്ഞാൽ സൂര്യോദയം കഴിയുന്നതുവരെ എണ്ണ ഒഴിച്ച് അവയെ അണയാതെ സംരക്ഷിക്കുകയും വേണം.

ദീപങ്ങൾ തെളിയിച്ചു കഴിഞ്ഞാൽ ഗൃഹനാഥനും കുടുംബവും ആദ്യം വണങ്ങേണ്ടത് അഗ്നിശുദ്ധിയുള്ള ജീവിതത്തിനായി അഗ്നിയുടെ പ്രതീകമായ ദീപത്തിനെയാണ്. ഇഷ്ടദൈവങ്ങളുടേയും, കുലദൈവത്തിന്റേയും, പിതൃക്കളുടേയും അനുഗ്രഹത്തിനായി പ്രാർത്ഥിക്കാം. നാമജപവും, പുരാണപാരായണവുമാകാം. പ്രാർത്ഥന സൂര്യോദയം വരെയായാൽ അത്രയും നല്ലത്. പ്രാർത്ഥനകൾക്ക് ശേഷം ദീപനാളം കെടുത്തുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഏതെങ്കിലും വസ്തുക്കൾകൊണ്ട് ദീപങ്ങൾ കെടുത്തരുത്. കരിംതിരകത്തി സ്വയം അണയുവാനും അനുവദിക്കരുത്. ഉൗതികെടുത്തുകയുമരുത്. പകരം അഗ്നിയെ മനസ്സിൽ സ്മരിച്ചുകൊണ്ട് തിരി സാവധാനം എണ്ണയിൽ താഴ്ത്തി കെടുത്തുകയാണ് വേണ്ടത്. ഒരിക്കൽ ഉപയോഗിച്ച തിരിയും ഒരിക്കൽ ഉപയോഗിച്ച എണ്ണയും വീണ്ടും ഉപയോഗിക്കരുത്. വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്ക് പോകുന്ന സായംസന്ധ്യയിലും മേൽപറഞ്ഞ കാര്യങ്ങൾ തന്നെയാണ് ആവർത്തിക്കേണ്ടത്. പ്രഭാതത്തിലുപയോഗിച്ച വിളക്ക് ജലശുദ്ധി വരുത്തി ഇൗർപ്പാംശം കളഞ്ഞതിനുശേഷം വീണ്ടും ദീപനാളങ്ങൾ തെളിയിക്കാനായി ഉപയോഗിക്കുക.

പ്രഭാതത്തിലും, സായഹ്നത്തിലുമുള്ള ദീപം തെളിയിക്കലും പ്രാർത്ഥനയും സർവ്വ കഷ്ടനഷ്ടങ്ങളിൽ നിന്നും നിങ്ങളെ അകറ്റി നിർത്തും. ഗൃഹവാസികൾക്ക് സർവ്വഐശ്വര്യങ്ങളും വന്നുചേരും. ദീപം പവിത്രമാണ്. ദീപത്തിനോടും, ദീപത്തിനെ സാക്ഷിയാക്കി ദേവീദേവന്മാരോടുമുള്ള പ്രാർത്ഥനകൾ നിങ്ങളെയും, നിങ്ങളുടെ കുടുംബത്തിനേയും പവിത്രമാക്കും.

Read more.. Star prediction, Zociac prediction, Vastu