മേടരാശിക്കാർക്ക് (ഏരിസ്) ‘ചുവപ്പ്’ ഐശ്വര്യം

മേടം രാശിയിൽ ജനിച്ചവർ ചൊവ്വയെ പ്രീതിപ്പെടുത്തുന്ന ചൊവ്വാഴ്ച വ്രതം പോലെയുള്ളവ അനുഷ്ഠിക്കുന്നത് ശ്രേയസ്കരമായിരിക്കും. ചൊവ്വാഴ്ച വ്രതമനുഷ്ഠിക്കുമ്പോൾ സാധാരണ വ്രതനിഷ്ഠകൾക്കൊപ്പം സന്ധ്യയ്ക്കു ശേഷം ഉപ്പു ചേർന്ന ഭക്ഷണം കഴിക്കരുതെന്നാണ് വിധി. ജന്മനക്ഷത്ര ദിവസം നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലോ സുബ്രഹ്മണ്യ ക്ഷേത്രത്തിലോ വിഷ്ണു ക്ഷേത്രത്തിലോ ദർശനം നടത്തുന്നത് നല്ലതാണ്. വിഷ്ണുസഹസ്രനാമം പതിവായി ജപിക്കുക. തൊഴിൽ പ്രശ്നങ്ങളും ബിസിനസ് തടസ്സവും നേരിടുന്ന മേടം രാശിക്കാർക്ക് ശനീശ്വര പൂജയും ശാസ്താഭജനവും ഐശ്വര്യം നൽകുമെന്ന് വിശ്വാസം.

ചൊവ്വ യുഗ്മരാശിയിലാണെങ്കിൽ ഭദ്രകാളീ ഭജനമാണ് നടത്തേണ്ടത്. പവിഴം, മാണിക്യം, മഞ്ഞപുഷ്യരാഗം, മുത്ത് ഇവയാണ് ഈ രാശിക്കാർക്ക് പൊതുവേ പറയാവുന്ന രത്നങ്ങൾ. ജന്മനക്ഷത്ര സ്ഥിതി കണക്കിലെടുത്തുള്ള നിർദേശം സ്വീകരിച്ച് ഉചിതമായ രത്നധാരണം നടത്താം. ചൊവ്വ, ഞായർ, തിങ്കൾ, വ്യാഴം ഇവ അനുകൂല ദിനങ്ങളും. ചുവപ്പ്, മഞ്ഞ, വെളുപ്പ് ഇവ അനുകൂല നിറങ്ങളുമാണ്. തൃക്കേട്ട, അനിഴം, വിശാഖം അന്ത്യപാദം ഈ നക്ഷത്ര ദിനങ്ങൾ ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ ഈ രാശിക്കാർക്ക് നന്നല്ല.

Read More on Astrology Tips In Malayalam