ദര്‍ശനപുണ്യം നേടാം, തിരുമൂഴിക്കുളത്തപ്പന്റെ സന്നിധിയില്‍

തിരുമൂഴിക്കുളം ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം

തിരുമൂഴിക്കുളം ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം. സ്വപ്‌നദര്‍ശനത്തിലെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചു വക്കയി കൈമള്‍ പ്രതിഷ്ഠിച്ച ലക്ഷ്മണ സ്വാമിയുടെ വിഗ്രഹമാണ് ഇവിടുത്തെ പ്രധാന ആരാധനാമൂര്‍ത്തി.   എറണാകുളം ജില്ലയിലെ അംഗമാലിക്കും തൃശൂര്‍  ജില്ലയിലെ മാളയ്ക്കും ഇടയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  തിരുമൂഴിക്കുളം കേരളത്തിലെ 32 ബ്രാഹ്മണ ഗ്രാമങ്ങളിലൊന്നാണ്. തിരുമൂഴിക്കുളം പെരുമാളെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പല നമ്മാഴ്വാര്‍ കൃതികളുമുണ്ട്. കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ ഇവിടുത്തെ പൗരാണികത ഊട്ടിയിറപ്പിക്കുന്നതാണ് 11-ാം നൂറ്റാണ്ടില്‍ ചേര രാജാവായ ഭാസ്‌കരരവിവര്‍മ്മന്റെ ഭരണകാലത്തുള്ള ഒരു ശിലാലിഖിതം ഈ ക്ഷേത്രത്തില്‍ ഉണ്ട് എന്നുള്ളത്.  

ഐതിഹ്യം 

വിശ്വാമിത്ര മഹര്‍ഷിയുടെ പുത്രനായ ഹരീത മുനി വിഷ്ണു ഭഗവാനെ പൂജിച്ച ഇടമാണിതെന്നാണ് ഐതിഹ്യം. കഥയിങ്ങനെയാണ്: പൂര്‍ണാ നദിയുടെ (പെരിയാറിന്റെ) തീരത്തിരുന്ന് ഹരീത മുനി വിഷ്ണു ഭഗവാന്റെ പ്രസാദത്തിനായി കഠിന തപസ്സനുഷ്ഠിച്ചു. കലിയുഗാരംഭത്തില്‍ ഭഗവാന്‍ മുനിക്ക് മുമ്പില്‍ പ്രത്യക്ഷനായി. കലിയുഗത്തിലെ ദുരിതങ്ങളില്‍ നിന്നും മുക്തനാവാന്‍ ചില ഉപദേശങ്ങളും കൊടുത്തു. ഭഗവാന്റെ വാക്കുകള്‍ തിരുമൊഴികളാണല്ലോ. അതില്‍ നിന്നുമാണ് തിരുമൂഴിക്കുളം എന്ന സ്ഥലപ്പേരുണ്ടായതത്രെ. രാമായണകഥയുമായി ബന്ധപ്പെട്ടും ചില ഐതിഹ്യങ്ങള്‍ ഈ ക്ഷേത്രത്തെക്കുറിച്ചും നിലനില്‍ക്കുന്നുണ്ട്.  

ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്തു ക്ഷേത്രം ആക്രമിക്കപ്പെട്ടിരുന്നു. വിഗ്രഹത്തിനു കേടുപാടുകള്‍ സംഭവിച്ചിരുന്നതിനാല്‍ ഒരു വെള്ളിആവരണം ചാര്‍ത്തിയിരുന്നു. പില്‍ക്കാലത്തു ദേവപ്രശ്‌നത്തില്‍ തരുമൊഴിക്കുളത്തപ്പന്‍ അങ്ങനെയൊരു ആവരണം ആഗ്രഹിക്കുന്നില്ലെന്ന് കണ്ടതിനാല്‍, അത് മാറ്റുകയുണ്ടായി. 

 പൂജകൾ

ദക്ഷിണാമൂര്‍ത്തിയുടെ രൂപത്തിലുള്ള ശിവനും ശ്രീ രാമനും സീതാദേവിയും ഹനുമാനും അയ്യപ്പനും ഗോശാല കൃഷ്ണനും ഭഗവതിയുമാണ് ഇവിടുത്തെ മറ്റാരാധനാമൂര്‍ത്തികള്‍.   

നിത്യവും മൂന്നു പൂജകളും മൂന്നു ശീവേലിയുമാണിവിടെ നടക്കാറുള്ളത്. രാവിലെ 5 മണിക്ക് തുറക്കുന്ന നട 11 മണിയോടെ അടയ്ക്കും. വൈകുന്നേരത്തെ ദര്‍ശനത്തിനായി വീണ്ടും 5  മണിക്ക് തുറക്കുകയും 8.00  മണിക്ക് അടയ്ക്കുകയും ചെയ്യും.  

നിര്‍മാല്യ ദര്‍ശനത്തോടും അഭിഷേകത്തോടും കൂടി രാവിലെ 5.30ന് വഴിപാടുകള്‍ ആരംഭിക്കുന്നു. രാവിലെ ഏഴ് മണിക്കാണ് ഉഷ പൂജ. ഉഷ ശീവേലി 7.30നും. അതുകഴിഞ്ഞ് ഉച്ച പൂജ, ഉച്ച ശീവേലിയും. വൈകിട്ട് 6.30നാണ് ദീപാരാധന. 7.30ന് അത്താഴപൂജയും അതിനു ശേഷം അത്താഴ ശീവേലിയും കഴിഞ്ഞാണ് ഒരു ദിവസം അവസാനിക്കുന്നത്. 

ഏപ്രില്‍/മേയ് മാസത്തില്‍ നടക്കുന്ന ചിത്തിരൈ തിരുവോണവും രാമായാണമാസത്തിലെ കര്‍ക്കിടകോത്സവവും ഈ ക്ഷേത്രത്തെ സംബന്ധിച്ച് വിശേഷമാണ്. വലിയ രീതിയിലാണ് ഇത് ആഘോഷിക്കപ്പെടാറുള്ളത്. 

Read More on Malayalam Astrology Magazine