ഗജകേസരിയോഗമുണ്ടെന്ന് ഒരാൾ; ഇല്ലെന്ന് മറ്റൊരാൾ, കാരണം...

മകളുടെ ജാതകത്തിൽ ഗജകേസരി യോഗം ഉണ്ടെന്ന് ഒരു ജ്യോതിഷൻ എഴുതിയിരുന്നു. എന്നാൽ ഇൗയിടെ മറ്റൊരാളെ ജാതകം കാണിച്ചപ്പോൾ കേസരിയോഗം ഇല്ല എന്നു പറയുന്നു. അതെന്താണ് അങ്ങനെ വ്യത്യസ്ത അഭിപ്രായം വന്നതെന്നു വിശദമാക്കാമോ?

സുധർമ, തണ്ണിത്തോട്.

കത്തിൽ മകളുടെ ജനനവിവരങ്ങൾ ഇല്ലാത്തതിനാൽ ജാതകം എടുക്കാൻ കഴിയില്ല. മറ്റൊരു കാര്യം, ഗജകേസരിയോഗം ഉണ്ടെങ്കിൽ എല്ലാ സൗഭാഗ്യങ്ങളും ജീവിതത്തിൽ കിട്ടും എന്നൊന്നും കരുതരുത്. കഷ്ടപ്പെടുന്നത് അനുസരിച്ചാണ് ജീവിതത്തിൽ ഫലങ്ങൾ ലഭിക്കുന്നത്. രണ്ടു പ്രകാരത്തിലാണ് ഗജകേസരിയോഗം കണക്കാക്കുന്നത്...സാധാരണമായി ജാതകത്തിൽ ചന്ദ്രന്റെ കേന്ദ്ര സ്ഥാനത്ത് വ്യാഴം വരുന്നതിനെയാണ് കേസരിയോഗമായി പറയുന്നത്. എന്നാൽ എല്ലാവരും ഉപയോഗിക്കുന്നില്ലെങ്കിലും ചില ഗ്രന്ഥങ്ങളിൽ മറ്റൊരു വിധവും പറയുന്നുണ്ട്. നീചം, മൗഢ്യം എന്നിവയില്ലാതെ ബുധൻ, ഗുരു, ശുക്രൻ എന്നീ ഗ്രഹങ്ങളുടെ ദൃഷ്ടി ചന്ദ്രന് ഉണ്ടാകുന്നതും ഗജകേസരി യോഗമായി കണക്കാക്കാറുണ്ട്. പൊതുവിൽ ആ രീതി ഉപയോഗിക്കാത്തതു കൊണ്ടാകാം രണ്ടാമതു നോക്കിയ ആൾക്ക് ആശയക്കുഴപ്പം ഉണ്ടായത്.

എന്താണ് ഗജകേസരിയോഗം?

ഗജം എന്നാല്‍ ആനയാണെന്നും കേസരി സിംഹമാണെന്നും അറിയാമല്ലോ?എന്നാല്‍  ആനയും സിംഹവും ചേര്‍ന്നാല്‍ ഒരു  യോഗമുണ്ടാകുന്നത് എങ്ങിനെ? ബദ്ധവൈരികളായ രണ്ടുപേര്‍ ചേര്‍ന്നും ഒരു യോഗമോ? അതില്‍ ഒരുതത്വമുണ്ട്, വ്യാഴവും ചന്ദ്രനും ഒന്നിച്ചോ പരസ്പര കേന്ദ്രത്തിലോ നിന്നാലാണ് ജാതകത്തില്‍ ഗജകേസരിയോഗമുണ്ടെന്ന് പറയുന്നത്. ചന്ദ്രൻ മനസ്സിന്റെ കാരകനാണ്‌, വ്യാഴമാകട്ടെ ബുദ്ധിയുടേതും. മനസ്സും ബുദ്ധിയും തമ്മിലുള്ള സംഘട്ടനമാണ് ഗജകേസരിയോഗമെന്നു വേണമെങ്കില്‍ പറയാം, മനസ്സിന് ആനയെപ്പോലെ വലിപ്പമുണ്ടെങ്കിലും സിംഹമാകുന്ന ബുദ്ധിയെക്കൊണ്ട്‌ അതിന് കടിഞ്ഞാണ്‍ ഇടാന്‍ കെല്‍പ്പുള്ളവരാണ് ഗജകേസരിയോഗക്കാര്‍ എന്ന് സാരം.

മനസ്സിന്റെ വലിപ്പം ആര്‍ക്കും അളക്കാന്‍ കഴിയില്ല അതുപോലെ തന്നെ അതിന്‍റെ ചാപല്യവും. ആനയുടെ അത്ര വലിപ്പമില്ലാഞ്ഞിട്ടും വിശേഷ ബുദ്ധിയുള്ള സിംഹം ആനയെ കീഴ്പ്പെടുതുന്നതുപോലെ മനസ്സിന്റെ ചാപല്യങ്ങളെ ബുദ്ധികൊണ്ട് കീഴ്പ്പെടുത്തുന്നവരാണ് യഥാര്‍ത്ഥ  ഗജകേസരിയോഗക്കാർ‍,അവര്‍ ജീവിതവിജയം നേടുക തന്നെ ചെയ്യും ബുദ്ധിപൂര്‍വ്വമായ പരിശ്രമങ്ങളിലൂടെ...

( ചോദ്യത്തിന് ഉത്തരം പറഞ്ഞിരിക്കുന്നത് പ്രശസ്ത ജ്യോതിഷൻ ഹരി പത്തനാപുരമാണ് )