കൂടോത്രം, അങ്ങനെയൊന്നുണ്ടോ?

ഒരു വ്യക്തിയെ തകർക്കാനോ അപകടപ്പെടുത്തുവാനോ ഒക്കെയായി മന്ത്രവാദിയെ കൊണ്ട്   ചെയ്യിപ്പിക്കുന്ന ദുഷ്കർമ്മമാണ് ആഭിചാരം അഥവാ കൂടോത്രം.ഇതിലൂടെ ശത്രുവിനെ ഉന്മൂലനം ചെയ്യാൻ സാധിക്കും എന്നു വിശ്വസിക്കുന്നവർ ഈ ഇരുപതാം നൂറ്റാണ്ടിലുമുണ്ടെന്നുള്ള തെളിവാണ് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍റെ വീട്ടില്‍ അജ്ഞാതരുടെ കൂടോത്രപ്പണി. കണ്ണ്, കൈകൾ, കാലുകൾ, ആൾരൂപം, ശൂലങ്ങൾ, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകൾ, വെള്ളക്കല്ലുകൾ എന്നിവയാണ് അദ്ദേഹത്തിന്റെ വീട്ടിൽനിന്നു കണ്ടെത്തിയത്.

ആഭിചാരക്രിയകൾക്കു ഒരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടേത്.പ്രശ്നപരിഹാരങ്ങൾക്കും ശത്രുദോഷങ്ങൾ അകറ്റാനുമൊക്കെ ഇത്തരത്തിലുള്ള ക്രിയകളിൽ ഏർപ്പെടുന്ന നിരവധി പേരുണ്ട്. ചാത്തനും മറുതയും തുടങ്ങി പേരറിയാത്ത നിരവധി രൂപങ്ങളുടെ സാമീപ്യത്തിലാണ് ഇത്തരത്തിലുള്ള കർമങ്ങൾ ചെയ്യുന്നത്.ഏതെങ്കിലും ഒരു ലോഹത്തകിടില്‍  ചില അടയാളങ്ങളും കളങ്ങളും ശത്രുവിന്റെ രൂപവും  വരച്ച് ദിവസങ്ങളോളം പൂജ ചെയ്ത് എടുക്കുന്നു. ഈ തകിട് ചുരുട്ടി ഒരു കുഴലിലോ കുപ്പിയിലോ മറ്റു   സാധനങ്ങളിലോ അടക്കം ചെയ്ത് ശത്രുനടക്കുന്ന  വഴിയില്‍ സ്ഥാപിക്കുന്നു . അയാളറിയാതെ ഇതിനെ മറികടക്കുകയോ ചവിട്ടുകയോ ചെയ്‌താൽ ഇത്ര ദിവസത്തിനകം ശത്രുവില്‍ ഫലം കാണുമെന്ന് കൂടോത്രക്കാർ വിശ്വസിക്കുന്നു. വിഎം സുധീരന്‍റെ വീട്ടിൽ ഇത്തരം തകിടുകൾ കുപ്പിക്ക് അകത്താക്കിയാണ് നിക്ഷേപിച്ചിരിക്കുന്നെതെന്ന്‌ അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

ആഭിചാരം ഒരു അന്ധവിശ്വാസം മാത്രമാണെന്ന് യുവതലമുറയ്ക്ക് ഒരു പരിധിവരെ ബോധമുണ്ട്.എങ്കിലും ഈ ഐ ടി യുഗത്തിലും ഇത് തുടരുന്നു .കൂടോത്രത്തിലൂടെ ചിലരുടെ ബിസ്സിനെസ്സ് തകർത്തെന്നും ചിലരെ കടക്കെണിയിൽ നിന്നു കോടീശ്വരനാക്കിയെന്നുമുള്ള  വിശ്വാസ്യമായ രീതിയിലുള്ള കഥകൾ  കേട്ടാണ് പലരും ഇതിന് ഇറങ്ങിത്തിരിക്കുന്നത്.  പണം നഷ്ടമാകുമ്പോൾ നാണക്കേടുകാരണം പലരും പുറത്തു പറയില്ലെന്ന് മാത്രം.