ഈ നക്ഷത്രങ്ങളിൽ മരണം നടന്നാൽ ദോഷമോ?

എന്റെ ഭർത്താവ് 2017 ജൂൺ മാസം 28–ാം തീയതി മരണമടഞ്ഞു. ഓർമക്കുറവിൽ നാലഞ്ചുമാസം കിടപ്പിലുമായിരുന്നു. രാത്രി ഒൻപതുമണിക്ക് ആഹാരം കൊടുത്തു കിടത്തിക്കഴിഞ്ഞാൽ ഇടയ്ക്കിടെ ഞാൻ പോയി നോക്കുമായിരുന്നു. ഞാൻ ഈ പറഞ്ഞ ദിവസം പോയി നോക്കിയത് വെളുപ്പിനു നാലു മണിക്കാണ്. അപ്പോൾ അദ്ദേഹത്തിനു ശ്വാസമില്ല. കൃത്യമായി എപ്പോഴാണ് അതു സംഭവിച്ചത് എന്നും അറിയില്ല. അന്നു മകം നക്ഷത്രമായിരുന്നു. ദയവായി എനിക്കു രണ്ടു കാര്യങ്ങൾ അറിയണം. ആണ്ടു ബലികർമം എന്നത്തേക്കു വരും എന്നും ഈ മരണം സംഭവിച്ച ദിവസം ദോഷം വല്ലതുമുള്ളതാണോ എന്നും.

– പങ്കജാക്ഷി രാഘവൻ, ചിറക്കടവ്, കോട്ടയം.

27–ാം തീയതി ഒൻപതുമണിക്ക് ആണെങ്കിലും അതു കഴിഞ്ഞു  വരുന്ന വെളുപ്പിനു നാലുമണിക്ക്  ആണെങ്കിലും മകം തന്നെയാണു നക്ഷത്രം. ഈ സമയപരിധിക്കിടയിൽ എപ്പോൾ മരണം സംഭവിച്ചാലും മകം നക്ഷത്രം തന്നെയാണ്.

ചില നക്ഷത്രങ്ങളിൽ മരണം നടന്നാൽ ജ്യോതിഷത്തിൽ ദോഷം പറയാറുണ്ട്. എന്നാൽ മകം നക്ഷത്രത്തിന് അപ്രകാരമുള്ള ഒരു ദോഷവും പറയുന്നില്ല. അതിനാൽ, അത്തരത്തിലുള്ള ആശങ്കകൾ വേണ്ട. മലയാളമാസം കണക്കാക്കുമ്പോൾ മിഥുനമാസത്തിലെ മകം നക്ഷത്രദിവസമാണു മരണം നടന്നിട്ടുള്ളത്. അതിനാൽ അടുത്ത മിഥുനമാസത്തിലെ മകം നക്ഷത്രം വരുന്ന ദിവസം വേണം വാർഷിക കർമങ്ങൾ നടത്താൻ.