നായകൻ കിം, വില്ലൻ ട്രംപ്; എല്ലാത്തിനും കാരണം ആ ഒപ്പ്!

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപും ഉത്തരകൊറിയൻ ഭരണത്തലവൻ കിം ജോങ് ഉന്നും സിംഗപ്പൂരിൽ വച്ച് സമാധാനത്തിനുള്ള സംയുക്ത പ്രസ്താവനയിൽ ഇന്നലെ ഒപ്പുവച്ചപ്പോൾ ലോകം മുഴുവൻ ആശ്വസത്തോടെ കൺപാർത്തുനിന്നു. മിക്ക രാജ്യാന്തര മാധ്യമങ്ങളും പ്രധാന പേജിൽ വാർത്തയാക്കിയത് ഇരുവരുടെയും ഒപ്പുകളായിരുന്നു. മഷി തീർന്ന പേന കൊണ്ട് കുത്തിവരയ്ക്കും പോലെയായിരുന്നു കിം ജോങ് ഉന്നിന്റെ ഒപ്പ്. താരമായത് ഇ സി ജി  ഗ്രാഫ് പോലെ കയറ്റിറക്കങ്ങൾ നിറഞ്ഞ ട്രംപിന്റെ ഒപ്പാണ്. ഇതിനിടയ്ക്ക് ചില കയ്യക്ഷരവിദഗ്ധർ ഇരുവരുടെയും ഒപ്പുകളെ കൂലങ്കഷമായി വിലയിരുത്തി നിരൂപണവും പുറത്തുവിട്ടു.

കിമ്മിന്റെ ഒപ്പ് 

  കൊറിയൻ ശൈലിയിലുള്ള കയ്യൊപ്പാണ് കിമ്മിന്റേത്. താഴെ തുടങ്ങി മുകളിലേക്ക് ഉയർന്നു പോകുംവിധമാണ് ഒപ്പ്. ഓരോ അക്ഷരങ്ങളും തമ്മിൽ അകലമുണ്ട്. ഉയരങ്ങൾ സ്വപ്നം കാണുന്ന വ്യക്തിത്വമാണ് ഇതിൽ പ്രതിഫലിക്കുന്നത്. എന്ത് തടസമുണ്ടായാലും അതിനെയെല്ലാം മറികടന്നു ലക്ഷ്യം സഫലീകരിക്കാൻ ഇക്കൂട്ടർ മിടുക്കരാണ്. പുതിയ ആശയങ്ങൾ തേടിപ്പോകുന്നവർ ഇക്കൂട്ടർ രാജ്യസ്നേഹത്തിന്റെ കാര്യത്തിൽ ഭ്രാന്തന്മാരാണത്രെ...

തന്റേതായ ഇടത്തിൽ നിന്ന് പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്ന ഇക്കൂട്ടർ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് അധികം വില കൽപ്പിക്കാറില്ല. വെട്ടൊന്ന് മുറി രണ്ട് എന്ന രീതിയിലുള്ള പ്രവർത്തനശൈലി ഇക്കൂട്ടർക്ക് ചീത്തപ്പേരുണ്ടാക്കും. ഈ സ്വഭാവ വിശേഷങ്ങളായിരിക്കാം കിമ്മിന് ഏകാധിപതി എന്ന വിശേഷണം ചാർത്തിക്കൊടുത്തത്.

ട്രംപിന്റെ ഒപ്പ്

1. മുകളിലേക്ക് ഉയർന്നു നിൽക്കുന്ന ഭാഗങ്ങൾ- സ്വയം വളരണം എന്നുള്ള അതിതീവ്രമായ സ്വാർത്ഥ ചിന്ത. മറ്റുള്ളവരുടെ ക്ഷേമത്തിന് കുറഞ്ഞ വിലയേ ഇക്കൂട്ടർ കൽപിക്കുകയുള്ളൂ.

2. പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന അക്ഷരങ്ങൾ- അക്ഷമയെയും ധാര്‍ഷ്‌ട്യത്തെയും പ്രതിനിധീകരിക്കുന്നു.

3. ഉടനീളം കുത്തനെ ചരിഞ്ഞു നിൽക്കുന്ന ഭാഗങ്ങൾ-  ഇക്കൂട്ടരുടെ സ്വഭാവത്തിലുള്ള അസ്ഥിരത പ്രകടമാക്കുന്നു. ഒരു കാര്യത്തിലും പൂർണമായ പ്രതിജ്ഞാബദ്ധത നിലനിർത്താൻ ഇക്കൂട്ടർക്ക് കഴിയില്ല.

4. ക്ലോസ്ഡ് ലൂപ്പ്- അന്തര്‍ലീനമായ ഹിംസാത്മകത. എതിർലിംഗത്തിൽ പെട്ടവരോട് ഇക്കൂട്ടർ അതിരുകടന്ന ഭോഗാസക്തി കാണിക്കും.

5. മുകളിലേക്ക് ഉയർന്നു നിൽക്കുന്ന അടിവര -  അഹമ്മതിയെയും അതിരു കടന്ന ആത്മപ്രശംസയേയും സൂചിപ്പിക്കുന്നു.

അന്തർലീനമായ ഭയാശങ്കകൾ അടിച്ചമർത്തി വയ്ക്കുന്നതിന്റെ ഉപോൽപന്നങ്ങളാണ് ഈ സ്വഭാവസവിശേഷതകൾ എല്ലാം എന്ന്  അക്ഷരത്തിലൂടെ സ്വഭാവസവിശേഷതകൾ വിലയിരുത്തുന്ന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇരുനേതാക്കളുടെയും നടപ്പിനെയും ഹസ്തദാന ശൈലിയെയും വരെ വിലയിരുത്തി മാർക്കിട്ടു കൊണ്ടിരിക്കുകയാണ് രാജ്യാന്തര ടിവി ചാനലുകളും മാധ്യമങ്ങളും സമൂഹമാധ്യമങ്ങളുമൊക്കെ...കയ്യക്ഷരങ്ങൾ നമ്മുടെ സ്വഭാവം വിളിച്ചു പറയും എന്ന് പറയാറുണ്ട്. പക്ഷേ ഇതുകുറച്ച് കൂടിപ്പോയില്ലേ എന്ന് സംശയം. ഒപ്പിന്റെ റിസൾട്ട് പുറത്തുവന്നപ്പോൾ അതുവരെ വില്ലന്റെ പരിവേഷമുണ്ടായിരുന്ന ചെക്കൻ കിം കേറി നായകനായി. നായകപരിവേഷമുണ്ടായിരുന്ന ട്രംപ് വില്ലനുമായി. ഒന്നുമില്ലേലും ആ മനുഷ്യനെ കുറിച്ച് ഒരു വാക്കെങ്കിലും നല്ലതു പറയാമായിരുന്നു...