ആ കൂട്ടമരണത്തിലേക്ക് നയിച്ചത് ദുർമന്ത്രവാദമോ? എങ്കിൽ കാരണം?

വടക്കൻ ഡൽഹിയിൽ നടന്ന 11 പേരുടെ മരണത്തിലെ ദുരൂഹതകൾ ദുർമന്ത്രവാദത്തിലേക്ക് എത്തി നിൽക്കുകയാണ്. അവിശ്വസനീയമായി തോന്നാമെങ്കിലും ‘അമ്മ മരിച്ചാലേ മകന് വിവാഹം നടക്കൂ’ എന്ന് പറയുന്ന മന്ത്രവാദികൾ കേരളത്തിൽ പോലും ഉണ്ട് എന്ന വ്യക്തതയോടെയുള്ള തിരിച്ചറിവ് ഈ മരണത്തിലെ മന്ത്രവാദ സാന്നിധ്യത്തേയും തള്ളിക്കളയാൻ പ്രേരിപ്പിക്കുന്നില്ല.

ജ്യോതിഷവും മന്ത്രവാദവുമെല്ലാം മനുഷ്യന്റെ ഭ്രമങ്ങളെ പുഷ്ടിപ്പെടുത്തിയാണ് നിലനിൽക്കുന്നത്. ഇപ്പോൾ ഉള്ളതിൽ കൂടുതൽ എന്തെങ്കിലും ഇനി ലഭിക്കാനുണ്ട് എന്ന ആഗ്രഹത്തിന് വളമിട്ടാൽ ഏത് മനുഷ്യന്റെ മനസ്സിലും മന്ത്രവാദത്തിന് സ്ഥാനം നേടാനാകും.

ഒരു സീരിയൽ നടി മുന്നില്‍ വന്ന് നിന്ന് ഈ വിളക്ക് വാങ്ങി വച്ചാൽ ഐശ്വര്യം വരും എന്ന് പറഞ്ഞാല്‍ വിശ്വസിക്കുന്നവർ ധാരാളമുണ്ട്. അത്തരത്തിൽ ഇപ്പോൾ മരിച്ചാൽ ഒരുമിച്ച് ഒരു പുനര്‍ജന്മം ഉണ്ടാകുമെന്നും ഒരു കുടുംബത്തിൽ തന്നെ പുനർജനിക്കാമെന്നുമൊക്കെ പറഞ്ഞ് മനസ്സിന്റെ മോഹത്തെ കൂടുതൽ ഉത്തേജിപ്പിക്കും.

അല്ലെങ്കിൽ സ്വർഗ്ഗം എന്ന പേരിൽ മായികമായ പല കാര്യങ്ങളും സുഖസൗകര്യങ്ങളും തന്ത്രപൂർവ്വം അവതരിപ്പിച്ച് വിശ്വാസം വർദ്ധിപ്പിക്കുവാനും മന്ത്രവാദികൾ ശ്രമിക്കും.

പണം മാത്രം ലക്ഷ്യമിട്ടാണ് ഈ കൂട്ടര്‍ പ്രവർത്തിക്കുന്നത് എങ്കിലും, ഇവർ മൂലം കുടുംബവും ജീവിതവും നഷ്ടപ്പെടുന്നവർ അനേകമാണ്. ഡൽഹിയിലെ വിഷയത്തിൽ ഒന്നോ രണ്ടോ ദിവസമോ, മാസങ്ങളോ കൊണ്ടുണ്ടായ ഒരു കാര്യമാകണം എന്നില്ല. കുറെ കാലങ്ങളായി അന്ധമായ വിശ്വാസങ്ങൾ മനസ്സിൽ കുത്തി നിറച്ച് മരണത്തിലേക്ക് അവരെ എത്തിച്ചതാകാനാണ് സാധ്യത.

സ്വാത്വികമായ പൂജകൾ നടത്തുന്നവരും തന്ത്രപൂർവ്വം ദുർമന്ത്രവാദത്തെ തള്ളിക്കളയാതെ ശ്രദ്ധിക്കും. ദുർമന്ത്രവാദം തെറ്റാണെന്ന് അവർ തന്നെ പറഞ്ഞാൽ സ്വാത്വിക മന്ത്രവാദത്തിന്റെ സാധ്യതകളേയും ചോദ്യം ചെയ്യപ്പെടാം എന്നവർ ഭയക്കുന്നുണ്ട്.

വിശ്വാസികളെ ഇല്ലാതാക്കാൻ നമുക്കാകില്ല. എന്നാൽ ആ വിശ്വാസത്തിന്റെ കാഠിന്യം എവിടെ വരെ ആകാം എന്നുള്ളത് നമുക്ക് നിയന്ത്രിച്ചു കൂടേ.