കാണിപ്പയ്യൂരിനെ ട്രോളുന്നവരോട് ഹരി പത്തനാപുരത്തിന് പറയാനുള്ളത്

സത്യത്തില്‍ കാണിപ്പയ്യൂര്‍ തിരുമേനിയോട് കൂടുതല്‍ ആദരവ് തോന്നുന്നത് ഇപ്പോഴാണ്. സോഷ്യല്‍ മീഡിയ തുറന്നാല്‍ അദ്ദേഹത്തിനെതിരെ ട്രോള്‍ മഴയാണ്. കാണിപ്പയ്യൂര്‍ തിരുമേനിയെ അത്രയേറെ ജനങ്ങള്‍ വിശ്വസിക്കുന്നതു കൊണ്ടാണല്ലോ ഒരു കാര്യത്തില്‍ പിഴവ് വന്നപ്പോള്‍ ആര്‍ക്കും സഹിക്കാതെ വന്നത്. ഇത്രയേറെ ജനങ്ങള്‍ അങ്ങയുടെ വാക്കുകള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കാറുണ്ടായിരുന്നു എന്നുള്ളതില്‍ താങ്കള്‍ക്ക് അഭിമാനിക്കാം.

അങ്ങ് പറഞ്ഞിട്ടുള്ള പല കാര്യങ്ങളും സംഭവിക്കുകയും അതില്‍ അനുഭവം ഉണ്ടായിട്ടുള്ളവരുമാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നത്. താങ്കളെ വിശ്വാസം ഇല്ലായിരുന്നെങ്കില്‍ ഇവര്‍ക്ക് ഇതൊന്നും ട്രോളിനുള്ള വിഷയമേ ആകുമായിരുന്നില്ല.

ഇനി വിഷയത്തിലേക്ക് വരാം...

ജ്യോതിഷം പ്രവചനമല്ല, സൂചനങ്ങള്‍ മാത്രമാണെന്ന് ഞാന്‍ എപ്പോഴും പറയാറുള്ള കാര്യമാണ്‌. ഈ കാര്യം സംഭവിക്കും എന്നാര്‍ക്കും പറയാന്‍ കഴിയില്ല. സാധ്യതകള്‍ മാത്രമേ ജ്യോതിഷത്തിലൂടെ പറയാന്‍ കഴിയൂ.

ജ്യോതിഷത്തില്‍ ഓരോ കാര്യങ്ങള്‍ പറയുന്നതിനും അതിന്റേതായ ജ്യോതിഷനിയമങ്ങള്‍ ഉണ്ട്. അത് ആധുനിക ശാസ്ത്രത്തിന്റെ കണ്ണിലൂടെ ഇപ്പോള്‍  നോക്കുമ്പോള്‍ പല ജ്യോതിഷ നിയമങ്ങളും വിഡ്ഢിത്തമായി തോന്നാം. എന്ന് കരുതി അതൊക്കെ വെറും തെറ്റാണെന്ന് പറയാന്‍ കഴിയില്ല. ശാസ്ത്രചിന്തയ്ക്ക് ഒരു അവസാനമില്ല. പുതിയ കണ്ടെത്തലുകള്‍ വന്നു കൊണ്ടിരിക്കുന്നു. ശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ള പഴയ പല കാര്യങ്ങളും ഉള്ളതാണെന്നും ഇല്ലാത്തതാണെന്നുമൊക്കെ പില്‍ക്കാലത്ത് നാം ശാസ്ത്രത്തിലൂടെ തന്നെ മനസിലാക്കി. അതേ പോലെ നാളെ ജ്യോതിഷനിയമങ്ങളില്‍ എന്തെങ്കിലും സത്യമുണ്ട് എന്ന് ശാസ്ത്രം കണ്ടെത്തുന്നത് വരെ ജ്യോതിഷത്തിലെ ചില നിയമങ്ങള്‍ വിഡ്ഢിത്തമാണെന്ന് വേണമെങ്കില്‍ നിങ്ങള്‍ വിശ്വസിച്ചുകൊള്ളൂ. പക്ഷെ അങ്ങനെ ഒരിക്കലും കണ്ടെത്തില്ല എന്ന് പറയാന്‍ നിങ്ങള്‍ക്കും കഴിയില്ലല്ലോ.

അത്തരത്തില്‍ പല പ്രകാരമുള്ള ജ്യോതിഷനിയമങ്ങളെ വിശകലനം ചെയ്താണ് വിഷുഫലം അടക്കമുള്ള കാര്യങ്ങള്‍ തയ്യാറാക്കുന്നത്. ഒരു വ്യക്തിയെന്ന നിലയില്‍ ഓരോരുത്തരും നടത്തുന്ന നീരിക്ഷണങ്ങളില്‍ പോരായ്മകള്‍ വരാം. അത് ആ സമയത്തെ അയാളുടെ മാനസികാവസ്ഥയടക്കമുള്ള കാര്യങ്ങളെ ആശ്രയിച്ചിരിക്കും. തയ്യാറാക്കല്‍ പ്രക്രിയയിലെ ആ ഏറ്റകുറച്ചിലുകള്‍ ആ സമയത്ത് കൃത്യമായി ക്രമീകരിക്കാന്‍ ആകാത്തതാണ് കാണിപ്പയ്യൂര്‍ തിരുമേനിയ്ക്ക് സംഭവിച്ചത്. അത് എനിക്കും നിങ്ങള്‍ക്കും അടക്കം ആര്‍ക്കും സംഭവിക്കാവുന്നതാണ്‌ ഏത് മേഖലയിലും.

സര്‍ക്കാര്‍ ശമ്പളം വാങ്ങി ജീവിക്കുന്ന ആളല്ല കാണിപ്പയ്യൂര്‍ തിരുമേനി. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന കാലാവസ്ഥ നീരിക്ഷണ വകുപ്പുകാര്‍ക്ക് കൃത്യമായി ഇത്രദിവസം മഴ പെയ്യും എന്ന് എന്തേ പ്രവചിക്കാന്‍ ആയില്ല....?

എന്തേ നിങ്ങള്‍ അതിനെ ട്രോളാത്തത്.....?

ചെങ്ങന്നൂര്‍ ഇടനാട്ടിലൂടെ യാത്ര ചെയ്താല്‍ ചില വീടുകളുടെ അടിത്തറ മാത്രം പൂര്‍ണ്ണമായി ഇളകി മാറിയിരിക്കുന്നത് കാണാം. കുത്തൊഴുക്കുള്ള ഭാഗത്തല്ല ഇതെന്നും മനസിലാക്കണം. ഏറ്റവും ശക്തമായി നിര്‍മ്മിക്കേണ്ട അടിത്തറ ബലമില്ലാതായത് എഞ്ചിനീയറിംഗ് പിഴവാണെന്ന് എന്തേ നിങ്ങള്‍ കണ്ടെത്തിയില്ല...?

അതിനെയും നിങ്ങള്‍ക്കൊന്ന് ട്രോളിക്കൂടെ.....?

ഒരേ രോഗലക്ഷണവുമായി നാം പല ഡോക്ടര്‍മാരെ സമീപിച്ചാല്‍ ഒരേ കാര്യങ്ങള്‍ അവരെല്ലാം പറയാറുണ്ടോ.....?

10 ഡോക്ടര്‍മാരെ കാണിച്ചാല്‍ 11 അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുള്ള എത്രയോ അവസരങ്ങള്‍ ഉണ്ട്. എന്തേ നിങ്ങള്‍ ട്രോളാത്തത്....?

നിരീക്ഷണങ്ങളിലെ പിഴവിനെ ജ്യോതിഷത്തിന്റെ പിഴവായി കാണരുത്.

പിന്നെ ട്രോളേഴ്സ് സുഹൃത്തുക്കളോട് ഒരു കാര്യം കൂടി.

ഞാനും കാണിപ്പയ്യൂര്‍ തിരുമേനിയും ആയി യാതൊരു ബന്ധവും ഇല്ല. എന്നെ അദ്ദേഹത്തിന് അറിയുമോ എന്ന് പോലും ഉറപ്പില്ല. പക്ഷേ എനിക്ക് ഉറപ്പുണ്ട്, അദ്ദേഹം ഹോമമാഫിയയുടെ ആളല്ല.

മുന്നിലെത്തുന്നവരെ ഭയപ്പെടുത്തി കാശുണ്ടാക്കുന്ന മനുഷ്യനുമല്ല. നിങ്ങള്‍ ഉണ്ടാക്കുന്ന ട്രോളുകള്‍ ചില ഹോമമാഫിയ വിദഗ്ധര്‍ അവരുടെ കച്ചവടതാല്‍പര്യത്തിന് ഉപയോഗിക്കുന്നുണ്ട്.

അത് മനസിലാക്കുക...