ദേവീപൂജയുടെ നവരാത്രിനാളുകൾ

ആദിപരാശക്തിയുടെ മൂന്നു അവതാരങ്ങളിൽ ഒന്നാണ് സരസ്വതി ദേവി

വീണ്ടുമൊരു നവരാത്രിക്കാലം. ദേവീപൂജയുടെ ചൈതന്യമാർന്ന നാളുകൾ. ചാന്ദ്രരീതിയിലുള്ള ആശ്വിനമാസത്തിലെ വെളുത്തപക്ഷ പ്രഥമ മുതൽ നവമി വരെയുള്ള ദിവസങ്ങളാണു നവരാത്രി ആയി ആചരിക്കുന്നത്. ശരത്കാലത്തിന്റെ തുടക്കം കൂടിയാണിത്. സാക്ഷാൽ പരാശക്തിയായ ദേവിയെ വിവിധ രൂപങ്ങളിൽ നവരാത്രി ദിവസങ്ങളിൽ ആരാധിക്കുന്നു.

ബ്രഹ്മാവ്, മഹാവിഷ്ണു, പരമശിവൻ എന്നിവരാണു ഹിന്ദുമതത്തിലെ ത്രിമൂർത്തികൾ. ഈ ത്രിമൂർത്തികളുടെ ചൈതന്യമായിട്ടാണു ദേവിമാരെ ആരാധിക്കുന്നത്. ബ്രഹ്മാവിന്റെ ചൈതന്യരൂപമാണു സരസ്വതീദേവി. മഹാലക്ഷ്മി മഹാവിഷ്ണുവിന്റെയും പാർവതി എന്ന ദുർഗാദേവി പരമശിവന്റെയും ഭാര്യമാരാണല്ലോ. അങ്ങനെ പരാശക്തിസ്വരൂപമായ ദേവിയിലും ത്രിമൂർത്തിചൈതന്യം ഉണ്ട്.

പരാശക്തിയായ സാക്ഷാൽ ദേവീചൈതന്യത്തെ ദുർഗാഷ്ടമിദിവസം ദുർഗാദേവിയായും മഹാനവമി ദിവസം മഹാലക്ഷ്മിയായും വിജയദശമി ദിവസം സരസ്വതീദേവിയായും ആരാധിക്കുന്ന രീതിയാണു കേരളത്തിൽ പലയിടത്തും പണ്ടുമുതലേ ഉള്ളത്.