വീട്ടിൽ ഇവ വെച്ചോളൂ, ഭാഗ്യവും ഐശ്വര്യവും ഉറപ്പ്!

അയ്യായിരത്തോളം വർഷം പഴക്കമുള്ള ശാസ്ത്ര ശാഖയാണ് ഫെങ്ഷൂയി. ഭൂമിയിലെ ഊർജം മനുഷ്യർക്കനുകൂലമായി മാറ്റാൻ കഴിവുള്ള ഈ ചൈനീസ് വാസ്തുശാസ്ത്രത്തിനു നമ്മുടെ നാട്ടിൽ ഏറെ പ്രചാരമുണ്ട്. ഭാഗ്യത്തിനും  ധനസിദ്ധിക്കും ഫെങ്ഷുയിൽ  പല മാർഗ്ഗങ്ങളുമുണ്ട്. ഇതില്‍ പ്രധാപ്പെട്ട ഒന്നാണ്  ലക്കി ബാംബൂ. വീടുകളിലും ഓഫീസുകളിലും ലക്കി ബാംബൂ വയ്ക്കുന്നത് സർവസാധാരണമാണ്. ഇത് അലങ്കാരത്തെക്കാൾ ഉപരി പോസറ്റീവ് എനർജി നിറയ്ക്കുന്ന ഒന്നാണ് .

പേര് സൂചിപ്പിക്കുന്നത് പോലെ ജീവിതത്തിൽ ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുന്ന ഒരു സസ്യമാണ് ലക്കി ബാംബൂ. ചൈനീസ് വിശ്വാസപ്രകാരം പഞ്ചഭൂതങ്ങളുമായി ഇത് ബന്ധപ്പെട്ടു കിടക്കുന്നു. ലക്കിബാംബു വൃക്ഷത്തെയും ഇത് വച്ചിട്ടുള്ള പത്രത്തിലെ കല്ലുകൾ ഭൂമിയെയും ഇതിൽ ചുറ്റിയിട്ടുള്ള ചുവപ്പു നാട അഗ്നിയേയും നാടയിലോ പാത്രത്തിലോ വച്ചിട്ടുള്ള ചൈനീസ്‌ നാണയം ലോഹത്തെയും പാത്രത്തിൽ  നിറക്കുന്ന വെള്ളം ജലത്തെയും സൂചിപ്പിക്കുന്നു. പ്രകൃതിശക്തികളെ പ്രതിനിധീകരിക്കുന്ന ലക്കി ബാംബൂ പെട്ടന്ന് തന്നെ ഐശ്വര്യവും ഭാഗ്യവും സമ്പത്തും നൽകുമെന്നാണ് വിശ്വാസം. 

സാധാരണയായി ഒന്നുമുതൽ പത്തുവരെ എണ്ണത്തിലുള്ള ബാംബൂ തണ്ടുകളാണ് വയ്ക്കുന്നത്.  തണ്ടുകളുടെ എണ്ണത്തിനനുസരിച്ചു ഫലം വ്യത്യസ്തമായിരിക്കും. ഒരുതണ്ട് വളർച്ചയെ സൂചിപ്പിക്കുന്നതിനാൽ ബിസിനസ് ചെയ്യുന്നവർക്ക് ഇത് നല്ലതാണ് . ദാമ്പത്യ പ്രണയ അഭിവൃദ്ധിക്ക് രണ്ടു തണ്ടുള്ള ലക്കി ബാംബൂവാണ്‌  വയ്ക്കേണ്ടത്.മനഃസമാധാനവും  ധനവും ആയുസും നൽകുന്നവയാണ് മൂന്നു തണ്ടുള്ളവ. ദോഷമുണ്ടാക്കുന്നതിനാൽ  നാലു തണ്ടുള്ളവ ഒഴിവാക്കുക. ഭാഗ്യവും അഭിവൃദ്ധിയും നൽകാൻ ആറുതണ്ടുകൾ ഒരു ചുവപ്പു നാടയാൽ കൂട്ടിക്കെട്ടിയുള്ള ലക്കി ബാംബൂ ഉത്തമമാണ് . ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരും കുടുംബാരോഗ്യത്തിനുമായി ഏഴ് തണ്ടുള്ളവ വയ്ക്കാവുന്നതാണ്. എട്ടു തണ്ടുകൾ ഉന്നതിയെയും പത്തു തണ്ടുകൾ പൂർണതയെയും സൂചിപ്പിക്കുന്നു . അഞ്ചോ ഒൻപതോ  തണ്ടുകൾ സാധാരണയായി  വയ്ക്കാറില്ല.  

ഭവനത്തിലോ ഓഫീസിലോ വെറുതെ എവിടെങ്കിലും കൊണ്ട് വച്ചാൽ ഉദ്ദേശിച്ച ഫലം ലഭിക്കുകയില്ല. കിഴക്കു ദിക്കിലായി സ്ഥാപിക്കുന്നത് ആരോഗ്യപരമായ ഉയർച്ചക്കും തെക്കു കിഴക്കു ഭാഗത്തായി വയ്ക്കുന്നത് സമ്പൽ സമൃദ്ധിക്കും  കാരണമാകും.