ഐഒടി പഠിക്കാം, ഒരു കോടി വരെ ശമ്പളം വാങ്ങാം

വർഷം ഒരു കോടിയോളം രൂപ ശമ്പളം ! ഏതാണ് ആ ജോലി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഐഒടി അഥവാ, ഇന്റർനെറ്റ് ഓഫ് തിങ്സ്. പ്രമുഖ വെബ്സൈറ്റായ ‘ഇൻഡീഡി’ന്റെ സർവേപ്രകാരം രാജ്യാന്തര തലത്തിൽ ഐഒടി പ്രഫഷനലുകൾ നേടുന്ന വാർഷികശമ്പളം ഒന്നര ലക്ഷത്തിലേറെ യുഎസ് ഡോളറാണ് (ഏകദേശം ഒരു കോടി രൂപ). മറ്റ് ഐടി പ്രഫഷനലുകളേക്കാൾ‌ 76 % വരെ അധികം ശമ്പളം നേടുന്നവരാണ് ഐഒടി രംഗത്തുള്ളവരെന്നു മറ്റൊരു സർവേ റിപ്പോർട്ട്. 

ഭാവിയിലെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നാകുമെന്നു വിദഗ്ധർ അടിവരയിട്ടു പറയുന്ന മേഖലയാണിത്. എല്ലാ വിഭാഗത്തിലുള്ള എൻജിനീയർമാർക്കും അവസരങ്ങളൊരുക്കുന്ന ഐഒടി വ്യവസായം ഇന്ത്യയിൽ മാത്രം 1500 കോടി ഡോളർ (ഏകദേശം 97,500 കോടി രൂപ) മൂല്യത്തിലേക്ക് ഉയരുമെന്ന് ഐടി കമ്പനികളുടെ കൂട്ടായ്മയായ നാസ്കോം പറയുന്നു. അവസരങ്ങളുടെ സെർവർ ഒരുങ്ങുന്നുവെന്ന് അർഥം.

വൈവിധ്യമാർന്ന ജോബ്റോളുകൾ
ഒരു പ്രോജക്ടിന്റെ നിർവഹണ ഘട്ടത്തിനു മേൽനോട്ടം വഹിക്കുന്ന പ്രോജക്ട് മാനേജർമാർ, ക്ലൗഡ് സെർവറിലേക്ക് ഒഴുകുന്ന ഡേറ്റയുടെ അളവ് വിലയിരുത്തുന്ന ഇൻഡസ്ട്രിയൽ ഡേറ്റ സയന്റിസ്റ്റ്, ഐഒടി സംവിധാനങ്ങൾക്ക് ഉപയോക്താവുമായി സംവ‌ദിക്കാൻ അവസരമൊരുക്കുന്ന യൂസർ ഇന്റർഫെയ്സ് ഡിസൈനർ, മെറ്റീരിയൽ സ്പെഷലിസ്റ്റ്, ഇൻഡസ്ട്രിയൽ എൻജിനീയർ, ഐഒടി ആർക്കിടെക്റ്റ്, ഇൻസ്ട്രമെന്റേഷൻ എൻജിനീയർമാർ തുടങ്ങി ഒട്ടേറെ ജോബ്റോളുകൾ ഐഒടിയിലുണ്ടാകുമെന്നു വിദഗ്ധർ പറയുന്നു. 

ഐഐഎസ്‌സിയിലും ഐഐടികളിലും
ഐഒടി കോഴ്സുകൾ ഇന്ത്യയിൽ പ്രചാരം നേടി വരുന്നതേയുള്ളൂ. ഒട്ടേറെ സ്വകാര്യ സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കു പുറമേ ബെംഗളൂരു ഐഐഎസ്‌സിയും ഐഐടികളും തങ്ങളുടെ ബിരുദാനന്തരബിരുദ കോഴ്സുകളിൽ വിഷയമായി ഐഒടി ഉൾപ്പെടുത്തിയിട്ടുണ്ട്.

ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിന്റെ പിലാനി (രാജസ്ഥാൻ) ക്യാംപസിൽ 10 മാസം ദൈർഘ്യമുള്ള പിജി ഡിപ്ലോമ കോഴ്സ് ഉണ്ട്. ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ,  കംപ്യൂട്ടർ സയൻസ്, ഐടി എന്നിവയിൽ ബിടെക് നേടിയ പ്രഫഷനലുകൾ‌ക്കാണ് അവസരം. ഇവിടെത്തന്നെയുള്ള എംടെക് കോഴ്സായ എംബഡസ് സിസ്റ്റംസിന്റെ സിലബസിലും ഐഒടി ഉൾപ്പെടുത്തിയിട്ടുണ്ട്.

പഠിക്കാം, കോഴിക്കോട്ടും തിരുവനന്തപുരത്തും
കോഴിക്കോട്ടുള്ള കേന്ദ്രസർക്കാർ സ്ഥാപനമായ നീലിറ്റിൽ(നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി) ഐഐഒടി ഡിപ്ലോമ കോഴ്സുണ്ട്. വ്യവസായ മേഖലയ്ക്കായുള്ള ഐഒടി വകഭേദമാണ് ഐഐഒടി(ഇൻഡസ്ട്രിയൽ ഇന്റർനെറ്റ് ഓഫ് തിങ്സ്). എട്ടുമൊഡ്യൂളുകളായുള്ള കോഴ്സിൽ ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ, ബയോമെഡിക്കൽ, കംപ്യൂട്ടർ സയൻസ്, ഇൻസ്ട്രമെന്റേഷൻ തുടങ്ങിയ മേഖലകളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം.അടുത്ത അഡ്മിഷൻ ഓഗസ്റ്റിൽ.

വെബ്സൈറ്റ്: www.nielit.gov.in.

തിരുവനന്തപുരം ടെക്നോപാർക് ക്യാംപസിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റിൽ ഐഒടി സംബന്ധിച്ച ഗവേഷണം നടക്കുന്നുണ്ട്. ആറോളം ഗവേഷണവിദ്യാർഥികൾ ഈ മേഖലയിൽ ഇവിടെ വിദ്യാഭ്യാസം ‌തേടുന്നുണ്ട്.


More Campus Updates>>