മിനി സിവിൽ സർവീസിന് മലയാളികൾക്ക് ബാലികേറാമലയോ?

മിനി സിവിൽ സർവീസ് - സ്റ്റാഫ് സിലക്‌ഷൻ കമ്മിഷന്റെ (എസ്എസ്‌സി) കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (സിജിഎൽ) പരീക്ഷയ്ക്ക് ഇങ്ങനെയും വിശേഷണമുണ്ടെങ്കിലും മലയാളി സാന്നിധ്യം വളരെ കുറവാണ്. കേന്ദ്ര സർവീസിലെ മികച്ച തസ്തികകളിലേക്കു വഴി തുറക്കുന്ന പരീക്ഷയ്ക്കു കൃത്യമായ തയാറെടുപ്പുണ്ടെങ്കിൽ വിജയം ഉറപ്പാക്കാം. സിലബസ് മനസ്സിലാക്കുകയും പരീക്ഷയുടെ നാലു ഘട്ടങ്ങൾക്കും അനുസൃതമായ തയാറെടുപ്പു നടത്തുകയുമാണു വേണ്ടത്. 

ഒന്നാംഘട്ടം
ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (ക്യുഎ), റീസണിങ്, പൊതുവിജ്ഞാനം എന്നീ വിഭാഗങ്ങൾക്ക് 50 മാർക്ക് വീതം മൊത്തം 200 മാർക്ക്. ‘ഇതിൽ 140 മാർക്കെങ്കിലും ഉറപ്പാക്കണം.ഇംഗ്ലിഷ്, ക്യുഎ, റീസണിങ് എന്നിവ സ്കോർ ചെയ്യാൻ എളുപ്പമാണ്. ഇവയിൽ 80 ശതമാനമെങ്കിലും മാർക്ക് വാങ്ങിയിരിക്കണം.പൊതുവിജ്ഞാനത്തിൽ മാർക്ക് വാങ്ങുക പ്രയാസമാണ്. 50 % വാങ്ങിയാൽ തന്നെ നല്ല സ്കോറാണ്. പൊതുവിജ്ഞാനത്തിൽ കറന്റ് അഫയേഴ്സിനേക്കാൾ മുൻതൂക്കം സിലബസ്  പ്രകാരമുള്ള കാര്യങ്ങൾക്കാണ്.’–മുൻവർഷവിജയികൾ പറയുന്നു. സിജിഎല്ലിന്റെ ഓൺലൈൻ മാതൃകാപരീക്ഷകൾ പല വെബ്സൈറ്റുകളിലും ലഭ്യമാണ്. ഇത് ഓരോ ദിവസവും ചെയ്യാം. ഇവയിൽ പലതിലും സ്കോറുകൾ താരതമ്യം ചെയ്യാനുള്ള സൗകര്യമുള്ളതിനാൽ നമ്മൾ എവിടെ നിൽക്കുന്നു എന്നും അറിയാൻ സാധിക്കും. കൂടുതൽ പേപ്പറുകൾ ചെയ്യുമ്പോൾ വേഗം കൂടും. പരീക്ഷയുടെ മൊത്തം സമയം 75 മിനിറ്റാണ്.

രണ്ടാംഘട്ടം
ഇംഗ്ലിഷിൽ 200 മാർക്കിന്റെ 100 ചോദ്യം; ക്വാണ്ടിറ്റേറ്റീവ് എബിലിറ്റിയിൽ 200 മാർക്കിന്റെ 200 ചോദ്യങ്ങൾ. നാനൂറിൽ 320 മാർക്ക് എങ്കിലും ഈ ഘട്ടത്തിൽ നേടണമെന്നു മുൻവർഷവിജയികൾ പറയുന്നു. ഓരോന്നിനും രണ്ടു മണിക്കൂറാണ് സമയം.ചില പ്രത്യേക തസ്തികകൾക്ക് സ്റ്റാറ്റിസ്റ്റിക്സ്, ജനറൽ സ്റ്റഡീസ് എന്നീ പേപ്പറുകളും ഈ ഘട്ടത്തിലുണ്ടാകും.

മൂന്നാംഘട്ടം 
ഈ ഘട്ടം എഴുത്തുപരീക്ഷയാണ്. ഉപന്യാസം/കത്തെഴുത്ത് തുടങ്ങിയവ.പലപ്പോഴും വിഷയം ലളിതമായിരിക്കും. ഉദാ. ഭൂകമ്പം വന്നാൽ നിങ്ങൾ എന്തുചെയ്യും ? അക്ഷരത്തെറ്റും വ്യാകരണത്തെറ്റും കഴിയുന്നത്ര കുറയ്ക്കണം. കാടുകയറേണ്ട. 100 മാർക്കുള്ള ഈ ഘട്ടം ഒരുമണിക്കൂറില്‍ പൂർത്തിയാക്കണം. 33 ശതമാനം മാർക്ക് ലഭിച്ചാലേ ഇതു വിജയിക്കൂ. പരിശീലനത്തിനിടെ, എഴുത്തിലെ തെറ്റുകണ്ടുപിടിക്കാനും നിശ്ചിത വേഡ്കൗണ്ട് പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാനും വെബ്സൈറ്റുകളുണ്ട്.

നാലാംഘട്ടം
സ്കിൽ ടെസ്റ്റ് എന്നറിയപ്പെടുന്ന ഈ ഘട്ടത്തിൽ കംപ്യൂട്ടർ‌ ടൈപ്പിങ്, മൈക്രോസോഫ്റ്റ് ഓഫിസിലെ പ്രാഗത്ഭ്യം എന്നിവ പരിശോധിക്കും.ചില തസ്തികകൾക്കു മാത്രമാണ് ഈ ഘട്ടം ബാധകം.

പ്രധാനതീയതികൾ
അവസാന തീയതി: ജൂൺ നാല്
ഒന്നാം ഘട്ട പരീക്ഷ: ജൂലൈ 25– ഓഗസ്റ്റ് 20 
രണ്ടാം ഘട്ട പരീക്ഷ: ഒക്ടോബർ 27–30 
വെബ്സൈറ്റ്:  www.ssc.nic.in  

''രണ്ടാമത്തെ തവണ പരീക്ഷയെഴുതിയപ്പോഴാണു വിജയിച്ചത്. ഓൺലൈൻ മാതൃകാപരീക്ഷപേപ്പറുകൾ ചെയ്തായിരുന്നു  പരിശീലനം, ദിവസം ഒരു മണിക്കൂർ അല്ലെങ്കിൽ ഒന്നരമണിക്കൂർ. ഓരോ ദിവസവും ഒരു മാതൃകാചോദ്യപേപ്പറെങ്കിലും ചെയ്യണം''

- ജിയോ രാജ് ചെറുവത്തൂർ (മുൻവർഷ വിജയി)