സ്വയം തയാറാക്കാം, കടലാസ് കൊണ്ടുള്ള പേനകൾ

ഇൗ അധ്യയന വർഷം നമുക്ക് കടലാസ് കൊണ്ടു പ്രകൃതി സൗഹാർദ പേനകൾ കൂടി നിർമിച്ചാലോ? ഒരു രൂപയുടെ റീഫില്ലുകൾ  വാങ്ങി വച്ചാൽ വിവിധ വർണക്കടലാസുകളിൽ ഇൗ അധ്യയന വർഷത്തേക്കുള്ള മുഴുവൻ പേനകളും സ്വന്തമായി തയാറാക്കാം. മണർകാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക വിനു സൂസൻ സഖറിയ പേപ്പർ പേനകൾ നിർമിക്കുന്ന രീതി പരിചയപ്പെടുത്തുന്നു. ഒരു സാധാരണ റീഫിൽ എടുക്കുക. റീഫില്ലിന്റെ നിബ് ഒഴിച്ചുള്ള ബാക്കി വീതിയിൽ ഒരു കടലാസ് എടുക്കുക. അര മീറ്റർ നീളമുള്ള കനം കുറഞ്ഞ കടലാസ് ആണ് അനുയോജ്യം. കനം കൂടിയ കടലാസ് ആണെങ്കിൽ 30 സെന്റിമീറ്റർ നീളം മതിയാകും. കടലാസിന്റെ വീതിയുള്ള ഭാഗത്തു നിന്നു രണ്ടു സെന്റിമീറ്റർ ഭാഗം വിട്ട ശേഷം താഴത്തെ കോണിലേക്കു കടലാസ് മുറിച്ചു മാറ്റുക. തുടർന്നു കടലാസിന്റെ വീതി കൂടിയ ഭാഗത്തേക്കു റീഫിൽ വയ്ക്കുക. 

പശ തേച്ച് ഒട്ടിച്ചു വേണം റീഫിൽ വയ്ക്കാൻ. തുടർന്നു റീഫിൽ ചുരുട്ടിയെടുക്കുക. ചുരുട്ടിയതിന്റെ അവസാന ഭാഗത്ത് പശ തേച്ചു മുറുക്കി ഒട്ടിക്കുക. ഇതോടെ പേന തയാറായി. ഇതിന് അടപ്പും സ്വയം തയാറാക്കാം. ആറു സെന്റിമീറ്റർ വീതിയും 10 സെന്റിമീറ്റർ നീളവുമുള്ള കടലാസ് മുറിച്ചെടുക്കുക. പേനയുടെ മുകൾ ഭാഗത്ത് അൽപം അയച്ചു കടലാസ് ചുറ്റണം. തുടർന്ന് ഇത് ഉൗരിയെടുക്കുക. അടപ്പിന്റെ രണ്ടു വശവും തുറന്നിരിക്കും. ഒരു വശത്തു പശ തേച്ച് അമർത്തി കഴിയുമ്പോൾ ക്യാപ്പും തയാർ. വിവിധ വർണക്കടലാസുകളിൽ ഇത്തരത്തിൽ പേനകൾ ഉണ്ടാക്കി വച്ചാൽ ഇൗ അധ്യയന വർഷം മുഴുവൻ പേന വാങ്ങാതെ സ്വയം നിർമിത പേനയിൽ എഴുതാം.