മൂന്നു തവണ തോറ്റിട്ടും, നാലാം തവണ രണ്ടാം റാങ്ക്

രണ്ടു വർഷം മുൻപ്, 36–ാം വയസ്സിലാണു ജയ യുജിസി– സിഎസ്ഐആർ നെറ്റ് എഴുതാൻ തീരുമാനിച്ചത്. 2002ൽ കൊച്ചി സെന്റ് തെരേസാസിൽനിന്നു ഫിസിക്സിൽ പിജി കഴിഞ്ഞതാണു കിഴക്കമ്പലം നീറ്റിങ്കര വീട്ടിൽ ജയ എം. സോണി. കോളജ് അധ്യാപിക എന്ന സ്വപ്നമുണ്ടായിരുന്നെങ്കിലും നടന്നില്ല. എൻട്രൻസ് പരിശീലന സ്ഥാപനത്തിൽ കുറച്ചുനാൾ ജോലിചെയ്തു. എന്നാൽ 2016ൽ പഴയ സ്വപ്നം തലപൊക്കി. നെറ്റ് എഴുതിയെങ്കിലും തോറ്റു. ഒന്നല്ല, മൂന്നു തവണ. എന്നിട്ടും പിന്മാറാതിരുന്ന ജയയ്ക്കു കഴിഞ്ഞ ഡിസംബറിലെ പരീക്ഷയി‍ൽ ലഭിച്ചതു ദേശീയ തലത്തിൽ രണ്ടാം റാങ്ക്. 

വിജയത്തിലേക്കുള്ള അതീവദുഷ്കര പാതയിൽ നിർണായകമായ മൂന്നു ഘടകങ്ങൾ ഇതാ: 

വീണ്ടും നോട്സ്: 14 വർഷം മുൻപു പഠിച്ച സിലബസ് മുഴുവനും വീണ്ടും മനസ്സിലുറപ്പിക്കുക എളുപ്പമായിരുന്നില്ല. പഴയ നോട്ടുകളും പുസ്തകങ്ങളും പൊടിതട്ടിയെടുത്തു. ആവശ്യമായ പുസ്തകങ്ങൾ വാങ്ങി. മണിക്കൂറുകളെടുത്ത് നോട്സ് തയാറാക്കി. കൃത്യമായി ഓരോ ദിവസവും പഠിക്കേണ്ട പാഠങ്ങൾ തയാറാക്കി. ഇതായിരുന്നു തയാറെടുപ്പിന്റെ ആദ്യഘട്ടം. 

പഠിപ്പിച്ചു‘പഠിച്ചു’: പഠിക്കുന്ന കാര്യങ്ങൾ മനസ്സിലുറപ്പിക്കാനൊരു വഴി കണ്ടെത്തി. പഴയ എൻട്രൻസ് പരിശീലന അനുഭവത്തിന്റെ വെളിച്ചത്തിൽ, എംഎസ്എ‌സി ഫിസിക്സ് കഴിഞ്ഞ കുട്ടികൾക്കു കൂടി സ്വന്തം പാഠങ്ങൾ പറഞ്ഞുകൊടുക്കാൻ തീരുമാനിച്ചു. ആദ്യം ഒന്നോ രണ്ടോ കുട്ടികൾ. അങ്ങനെ പഠിക്കാനും പഠിപ്പിക്കാനുമായി ദിവസത്തിന്റെ 12 മണിക്കൂർ  മാറ്റിവച്ചു.

തോറ്റിട്ടും ‘തോൽക്കാതെ’: ജെആർഎഫിന്റെ പ്രായപരിധി കഴിഞ്ഞിരുന്നതിനാൽ ലക്ചർഷിപ്പിനാണ് എഴുതിയത്. ആദ്യതവണ തോറ്റെങ്കിലും പിൻമാറിയില്ല. കൂടുതൽ സമയം പഠിച്ച്, രണ്ടാമതും എഴുതി. വീണ്ടും തോറ്റെങ്കിലും മാർക്ക് കൂടി. മൂന്നാം തവണ ആറു മാർക്കിനാണു ‘നെറ്റ്’ നഷ്ടമായത്. വിജയത്തിലേക്കുള്ള അകലം കുറയുന്നതിന്റെ ആത്മവിശ്വസത്തിൽ വീണ്ടും പഠിച്ചപ്പോൾ റാങ്ക്. 

വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ ഭർത്താവ് ജെയ്സ് വർഗീസും കളമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ മകൻ ഗീവർഗീസ് ജെയ്സും പിന്തുണയേകി ഒപ്പം നിന്നു. ഇനി, കോളജ് അധ്യാപികയാകുകയെന്ന വലിയ ലക്ഷ്യമാണു മുന്നിലെന്നു ജയ പറയുന്നു.

കോളജ് കാലത്തേതുപോലെ ഫിസിക്സ് പഠനം ഈ പ്രായത്തിൽ അത്ര എളുപ്പമല്ല. കൂടുതൽ ചോദ്യങ്ങളും പ്രോബ്ലം ബേസ്ഡ് ആണ്.  കുട്ടികളെപ്പോലെ അതിവേഗത്തിൽ ഇവ ചെയ്തു തീർക്കുക പ്രയാസം. എങ്കിലും വിട്ടില്ല.