പ്രമോഷൻ വേണോ, എന്നാൽ പഠിച്ചോളൂ

ജോലി കിട്ടി, ഇനിയെന്തിനു കൂടുതൽ പഠനം? ഒരു കാലത്തു വർക്കിങ് പ്രഫഷനലുകൾ ചിന്തിച്ചിരുന്നതിങ്ങനെ. ഇന്നു കഥ മാറി. മിഡ് കരിയർ ജോബ് ചേഞ്ചും പ്രമോഷൻ സാധ്യതകളുമൊക്കെ കണക്കിലെടുത്തുള്ള തുടർപഠനം പ്രഫഷനലുകൾക്കിടയിൽ സാധാരണമാകുന്നു. തൊഴിൽ പരിചയത്തോടൊപ്പം അക്കാദമിക് പരിശീലനം കൂടിയാകുമ്പോൾ കരിയറിൽ പുതിയ കുതിപ്പ്.  

കോർപറേറ്റ് രംഗത്തെ ഏറ്റവും തിളക്കമേറിയ ജോലികൾ നിലനിൽക്കുന്ന മാനേജ്മെന്റ് രംഗത്താണ് ഇതേറെ പ്രസക്തമാകുന്നത്. രാജ്യാന്തരതലത്തിൽ പല മുൻ‌നിര മാനേജ്മെന്റ് സ്ഥാപനങ്ങളും എക്സിക്യൂട്ടീവ് എംബിഎ കോഴ്സുകൾ തുടങ്ങിയത് ഇത്തരം പ്രഫഷനലുകളെ ലക്ഷ്യംവച്ചാണ്. ഇത്തരം കോഴ്സുകൾ‌ ഇന്ത്യയിലും പ്രചാരം നേടിയിട്ടുണ്ട്. ഇത്തരം ഗ‌ണത്തിൽ പെടുത്താവുന്ന ഒന്നാണ് ഇന്ത്യയിലെ മാനേജ്മെന്റ് സ്ഥാപനങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന കോഴിക്കോട് ഐഐഎമ്മിന്റെ എക്സിക്യൂട്ടീവ് പിജി പ്രോഗ്രാം (EPGP). ഇതിന്റെ ആറാം പതിപ്പിന് അപേക്ഷിക്കേണ്ട സമയയമാണിത്. എക്സിക്യൂട്ടിവ് എംബിഎയ്ക്കു തുല്യമായ കോഴ്സാണിത്. 

കൊച്ചിയിൽ പഠിക്കാം
ഐഐഎം കൊച്ചി ക്യാംപസിലാണു രണ്ടു വർഷ നോൺ റസിഡൻഷ്യൽ കോഴ്സ്. ഈവനിങ്, വീക്കെൻഡ് ബാച്ചുകളിൽ പ്രവേശനം നേടാം. ജോലിയെ ബാധിക്കുകയുമില്ല. അസോസിയേഷൻ ഓഫ് എംബിഎസ് (അംബ) അംഗീകാരവുമുണ്ട്.  

യോഗ്യത 
‌50 ശതമാനം മാർക്ക്/ തത്തുല്യ സിജിപിഎയോടെ ബിരുദം. മൂന്നു വർഷത്തെ സംരംഭക/മാനേജീരിയൽ/പ്രഫഷനൽ തൊഴിൽ പരിചയം. എക്സിക്യൂട്ടീവ് മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (EMAT) എന്ന പരീക്ഷ വിജയിച്ച ശേഷം ഇന്റർവ്യൂ വഴിയാണു പ്രവേശനം. ഇമാറ്റിനു പകരം ക്യാറ്റ് (കുറഞ്ഞത് 75 പെർസന്റൈൽ)/ ജിമാറ്റ്(കുറഞ്ഞത് 650) സ്കോറുകളും പരിഗണിക്കും. സ്കോറുകൾക്ക് ഒരു വർഷത്തിലധികം പഴക്കം പാടില്ല. 

പരീക്ഷ
ഇമാറ്റ് ഒരുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയാണ്. ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, ഡേറ്റ ഇന്റർപ്രറ്റേഷൻ ആൻഡ് ലോജിക്കൽ റീസണിങ്, വെർബൽ എബിലിറ്റി എന്നിവയുണ്ടാകും.  അപേക്ഷയ്ക്ക്:http://iimk.ac.in/kochi/EPGP/AdmissionNotification.php 
അപേക്ഷ: സെപ്റ്റംബർ മൂന്നുവരെ