‘ക്യാറ്റി’നെ പിടിക്കാൻ ചില വഴികൾ

‘ക്യാറ്റി’ന് ഇനി രണ്ടര മാസം കൂടി. രണ്ടുലക്ഷത്തിലേറെപ്പേർ എഴുതുന്ന പരീക്ഷയിൽ മികച്ച സ്കോറിന് അവസാന ലാപ്പിലെ കൃത്യമായ ആസൂത്രണവും പരിശീലനവും അനിവാര്യം.

  മുൻ പരീക്ഷകളിൽ മികച്ച സ്കോർ നേടിയവരുടെ ചില ടിപ്സ് ഇതാ:

 ഇതുവരെ പഠനം ആരംഭിക്കാത്തവർ ദിവസം 6–7 മണിക്കൂർ മാറ്റിവയ്ക്കുക; നേരത്തേ പഠനം തുടങ്ങിയവരാണെങ്കിൽ 3–5 മണിക്കൂറും. ആദ്യമായി തയാറെടുക്കുന്നവർ ക്യാറ്റ് വെബ്സൈറ്റ് നോക്കി സിലബസിനെക്കുറിച്ചു ധാരണയുണ്ടാക്കണം.

 സിലബസ് മനസ്സിലാക്കാൻ ഓൺലൈനിലെ പരിശീലന വിഡിയോകളുടെ സഹായം തേടാം. ഏതു രീതിയിലാണു നന്നായി പഠിക്കാൻ കഴിയുന്നതെന്നു സ്വയം വിലയിരുത്തി അതിൽ ഉറച്ചുനിൽക്കുക.

 ഏതു ഭാഗത്താണു പോരായ്മയെന്നു തിരിച്ചറിയാൻ മോക്ടെസ്റ്റുകൾ സഹായിക്കും. ആ ഭാഗം പഠിച്ച ശേഷം അടുത്ത മോക്ടെസ്റ്റ് എന്ന രീതി പിന്തുടരാം. മുൻ ചോദ്യപേപ്പറുകൾ പരിശീലിക്കേണ്ട സമയവും ഇതാണ്.

 എൻജിനീയറിങ് ബിരുദധാരികൾക്കു ഡേറ്റ ഇന്റർപ്രറ്റേഷൻ താരതമ്യേന എളുപ്പമായിരിക്കും. ഇവർ വെർബൽ എബിലിറ്റി, കോംപ്രിഹെൻഷൻ തുടങ്ങിയ ഭാഗങ്ങളിൽ കൂടുതൽ പരിശീലനം നടത്തണം.

 മറ്റു ബിരുദധാരികൾ ഡേറ്റ ഇന്റർപ്രറ്റേഷനിൽ പ്രത്യേക പരിശീലനം നേടണം. എത്ര ഉയർന്ന ടോട്ടൽ ആണെങ്കിലും ഡേറ്റ ഇന്റർപ്രറ്റേഷനു നിശ്ചയിച്ച കട്ട് ഓഫ് ലഭിച്ചില്ലെങ്കിൽ പ്രവേശനം ലഭിക്കില്ല.

 നെഗറ്റീവ് മാർക്ക് ഉള്ളതിനാൽ ഉറപ്പില്ലാത്ത ചോദ്യങ്ങൾ ഒഴിവാക്കാൻ പരിശീലിക്കണം. പകുതി ചോദ്യങ്ങൾക്കു മാത്രം ഉത്തരമെഴുതിയാലും 98–99 പെർസെന്റൈൽ നേടാം.

 ക്യാറ്റ് സൈറ്റിൽ അടുത്തമാസം മുതൽ മോക്ടെസ്റ്റ് സൗകര്യമുണ്ടാകും. ഇതു കൃത്യമായി പരിശീലിച്ചാൽ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാം.

ഓർത്തുവയ്ക്കാം

റജിസ്ട്രേഷൻ: 19 വരെ
ഓൺലൈൻ ട്യൂട്ടോറിയൽ: ഒക്ടോബർ 17 മുതൽ
അഡ്മിറ്റ് കാർഡ് :
ഒക്ടോബർ 24
പരീക്ഷ: നവംബർ 25
ഫലം: ജനുവരി രണ്ടാം വാരം
അപ്ഡേറ്റുകൾക്ക്:
iimcat.ac.in