അന്വേഷിച്ചറിഞ്ഞു വേണം, വിദേശ മെഡിക്കൽ പഠനം

കേരളത്തിൽ മെഡിക്കൽ പ്രവേശന നടപടികൾ അന്തിമ ഘട്ടത്തിലെത്തിനിൽക്കുന്നു. ഇതിനൊപ്പം, കുറച്ചു വിദ്യാർഥികളും രക്ഷിതാക്കളുമെങ്കിലും വിദേശത്തെ മെഡിക്കൽ പഠന സാധ്യതകളും അന്വേഷിക്കുന്നുണ്ട്. 

പുതിയ നിയമഭേദഗതി അനുസരിച്ച് ഇന്ത്യക്കാർക്കു രാജ്യത്തെ മാത്രമല്ല, വിദേശത്തെ മെഡിക്കൽ പഠനത്തിനും ‘നീറ്റ്’ യോഗ്യത അനിവാര്യം. കാനഡ, യുഎസ്, യുകെ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ബിരുദം മെഡിക്കൽ കൗൺസിലും കേന്ദ്ര സർക്കാരും നേരിട്ട് അംഗീകരിച്ചിട്ടുണ്ട്. ഇവർക്കു ബിരുദവും ഹൗസ് സർജൻസി സർട്ടിഫിക്കറ്റുമുണ്ടെങ്കിൽ ഇവിടെ മെഡിക്കൽ കൗൺസിൽ അംഗീകാരത്തിനു നേരിട്ട് അപേക്ഷ നൽകാം. മറ്റു രാജ്യങ്ങളിൽ പഠിക്കാൻ പോകുന്നവർ അറിയേണ്ട പ്രധാന വസ്തുതകൾ ഇവ:

 പഠിക്കുന്നത് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെയോ ലോകാരോഗ്യ സംഘടനയുടെയോ അംഗീകാരമുള്ള സ്ഥാപനത്തിലായിരിക്കണം.അവിടെത്തന്നെ കോഴ്സ് പൂർത്തിയാക്കുകയും വേണം. 

വിദേശരാജ്യത്തുനിന്നുള്ള മെഡിക്കൽ ബിരുദം അവിടെ പ്രാക്ടീസ് നടത്താൻ അംഗീകാരമുള്ളതാണെന്ന് ഇന്ത്യൻ എംബസിയുടെ സാക്ഷ്യപത്രം വേണം. റഷ്യയിലെ ബിരുദം അവിടത്തെ സർക്കാർ സാക്ഷ്യപ്പെടുത്തുന്നതിനാൽ ഈ വ്യവസ്ഥയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

വിദേശത്തു പഠനം പൂർത്തിയാക്കി വരുന്നവർ രണ്ടു വിഭാഗമുണ്ട്. ഹൗസ്‌ സർജൻസി അവിടെ പൂർത്തിയാക്കിയവരും ഇന്ത്യയിൽ ചെയ്യാൻ ആഗ്രഹിക്കുന്നവരും. ആദ്യ വിഭാഗത്തിനു സ്ഥിരം റജിസ്ട്രേഷനും രണ്ടാം വിഭാഗത്തിനു താൽക്കാലിക റജിസ്ട്രേഷനുമാണ് അർഹത. ഇരുകൂട്ടരും അതിനുമുൻപ് ഇന്ത്യയിലെ യോഗ്യതാപരീക്ഷ പാസാകണം.

നിലവിൽ നാഷനൽ ബോർഡാണ് (എൻബിഇ) ഇന്ത്യയിലെ യോഗ്യതാപരീക്ഷ നടത്തുന്നത്. 2002 മാർച്ച് 15നു ശേഷം വിദേശത്തുനിന്നു പാസായിട്ടുള്ളവർ ഈ പരീക്ഷയിലെ പ്രീ ക്ലിനിക്കൽ, പാരാ ക്ലിനിക്കൽ, ക്ലിനിക്കൽ മെഡിസിൻ പേപ്പറുകൾ 50% മാർക്കോടെ പാസാകണം.

ശ്രദ്ധിക്കുക, ഇക്കാര്യങ്ങൾ 

1. അംഗീകാരമുള്ള സർവകലാശാലയിലെയും കോളജിലെയും അംഗീകൃത കോഴ്സുകൾക്കു മാത്രം ചേരുക.

2. പഠനശേഷം യോഗ്യതാപരീക്ഷ പാസാകുക. ഇന്റേൺഷിപ് പൂർത്തിയാക്കിയാൽ ഒരു മാസത്തിനകം സ്ഥിരം റജിസ്ട്രേഷന് അപേക്ഷിക്കുക.

3. കാലാകാലങ്ങളിൽ പാസാകുന്ന പിജി ബിരുദങ്ങളും ഉടൻതന്നെ റജിസ്റ്റർ ചെയ്യുക. കൂടുതൽ  വിവരങ്ങൾക്ക് : 0471 2302756, 2307227 (കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ)

(കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ പ്രസിഡന്റാണു ലേഖിക).