ഒരു പരീക്ഷയ്ക്കു വേണ്ടി ഇവർ വിമാനത്താവളം പോലും നിശ്ചലമാക്കും

ലാന്‍ഡിങ്ങും ടേക്ക് ഓഫും ഇല്ലാതെ വിമാനത്താവളം നിശ്ചലമായത് 25 മിനിട്ട്. റീഷ്യെഡ്യൂള്‍ ചെയ്യപ്പെട്ടത് 134 ഫ്‌ളൈറ്റുകള്‍. എല്ലാ വിമാനങ്ങളും 3000 മീറ്ററിനും മുകളില്‍ കൂടി മാത്രം പറക്കണമെന്ന കര്‍ശന നിര്‍ദ്ദേശം. റോഡില്‍ ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാകാതിരിക്കാന്‍ ഓഹരി വിപണിയുള്‍പ്പെടെ എല്ലാ വ്യാപാരങ്ങളും പൊതുസ്ഥാപനങ്ങളും ഒരു മണിക്കൂര്‍ വൈകി മാത്രം തുറന്നു. ഈ സന്നാഹങ്ങളെല്ലാം കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയില്‍ നടത്തിയത് ഏതെങ്കിലും വിഐപിയുടെ വരവ് പ്രമാണിച്ചല്ല. മറിച്ച് അവിടുത്തെ കുട്ടികളുടെ ഭാവി നിര്‍ണ്ണയിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു പരീക്ഷയ്ക്കായിട്ടാണ്. 

സ്‌കൂള്‍ കാലഘട്ടത്തിനു ശേഷം വിദ്യാർഥികള്‍ എഴുതുന്ന ദേശീയ സര്‍വകലാശാല പ്രവേശന പരീക്ഷയ്ക്കു വേണ്ടിയാണ് ദക്ഷിണ കൊറിയ അസാധാരണമായ മുന്‍കരുതലുകള്‍ സ്വീകരിച്ചത്. പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കു യാതൊരു വിധ ഏകാഗ്രത നഷ്ടവും ഉണ്ടാകാതിരിക്കാനാണ് വിമാനങ്ങളെ ഉള്‍പ്പെടെ ഈ രാജ്യം നിയന്ത്രിച്ചത്. 

5,95,000 വിദ്യാർഥികളാണ് ഒന്‍പത് മണിക്കൂറിലേറെ നീളുന്ന ഈ അതികഠിന പരീക്ഷയ്ക്ക് ഇരുന്നത്. അത്യധികം മത്സരക്ഷമമായ ദക്ഷിണ കൊറിയന്‍ സമൂഹത്തില്‍ ഈ കോളജ് പ്രവേശന പരീക്ഷ വിദ്യാർഥികളുടെ ഭാവിയിലേക്കുള്ള പാസ്‌പോര്‍ട്ടാണ്. അവരുടെ ഉന്നത പഠനവും സാമൂഹിക പദവിയും ജോലിയും വിവാഹ സാധ്യതകളുമെല്ലാം ഈ പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കിനെയും തുടര്‍ന്നു ലഭിക്കുന്ന സര്‍വകലാശാല പ്രവേശനത്തെയും അടിസ്ഥാനമാക്കിയിരിക്കുന്നു. അതു കൊണ്ടു തന്നെ കുട്ടികളും മാതാപിതാക്കളും അധികൃതരും പരീക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. 

രാവിലെ 8.40 ന് ആരംഭിക്കുന്ന പരീക്ഷയ്ക്കായി വരുന്ന കുട്ടികളില്‍ ആരെങ്കിലും വഴിയില്‍ ട്രാഫിക്കില്‍പ്പെട്ടാല്‍ പോലീസ് കാറിലോ ബൈക്കിലോ അവരെ പരീക്ഷ കേന്ദ്രത്തിലെത്തിക്കും. കുട്ടികളുടെ ഇംഗ്ലീഷ് കേള്‍വി പരീക്ഷയ്ക്ക് വേണ്ടിയാണ് വിമാനത്താവളത്തിലെ ലാന്‍ഡിങ്ങും ടെയ്ക്ക്ഓഫും നിര്‍ത്തുന്നതും വിമാനങ്ങള്‍ ഉയര്‍ന്ന് പറക്കാന്‍ നിര്‍ദ്ദേശിക്കുന്നതും. ഡിസംബര്‍ അഞ്ചിനാണ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുന്നത്. 

More Campus Updates>