വിദേശത്തു പഠിക്കാൻ വായ്പയുടെ ചിറക്

സിവിൽ സർവീസ് ഉദ്യോഗസ്ഥർ വരെ അവധിയെടുത്തു വിദേശ സർവകലാശാലകളിൽ പഠിക്കാൻ പോകുന്ന കാലമാണ്. ഉന്നതപഠനത്തിനും കരിയറിലെ ഉയർച്ചയ്ക്കും വേണ്ടി വിദേശപഠനത്തെ ആശ്രയിക്കുന്നവരുടെ എണ്ണം ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ പഠനച്ചെലവിനും ജീവിതച്ചെലവിനുമായി വലിയ തുക കണ്ടെത്തേണ്ടി വരുന്നതാണ് ഇവർ നേരിടേണ്ടി വരുന്ന പ്രധാന തടസ്സം. ഇത്തരം സാഹചര്യങ്ങളിൽ ബാങ്കുകളുടെ ഓവർസീസ് വിദ്യാഭ്യാസ വായ്പകളുടെ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്. സാധാരണ വിദ്യാഭ്യാസ വായ്പയേക്കാൾ ഉയർന്ന തുകയും അധിക ആനുകൂല്യങ്ങളും വിദേശപഠനത്തിനുള്ള ഓവർസീസ് വിദ്യാഭ്യാസ വായ്പകൾക്കു ലഭിക്കും.

ഓവർസീസ് വായ്പകളുടെ പ്രധാന പ്രത്യേകതകൾ:

∙ ട്യൂഷൻ ഫീസ്, പരീക്ഷാ ഫീസ്, ലബോറട്ടറി, ലൈബ്രറി ഫീസ്, കോഷൻ ഡിപ്പോസിറ്റ്, ഹോസ്റ്റൽ ഫീസ്, പഠനോപകരണങ്ങൾ വാങ്ങാനുള്ള ഫീസ് എന്നിവയാണു സാധാരണ വിദ്യാഭ്യാസ വായ്പയിൽ നൽകുന്നത്. എന്നാൽ ഇതിനു പുറമെ വിദേശത്തേക്കുള്ള
യാത്രാച്ചെലവ്, അവിടുത്തെ ജീവിതച്ചെലവ്, കോഴ്സ് പൂർത്തിയാക്കാൻ ആവശ്യമായ പഠനയാത്ര, പ്രോജക്ട് വർക്ക്, ഉപകരണങ്ങൾ വാങ്ങൽ, ചില്ലറ ചെലവുകൾ തുടങ്ങിയവയ്ക്കും ബാങ്കുകൾ തുക അനുവദിക്കും.

∙ 7.50 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് ഈട് നൽകേണ്ടതില്ല. പക്ഷേ വിദേശപഠനത്തിനു പത്തു ലക്ഷം രൂപ ഏറ്റവും കുറഞ്ഞതു ചെലവു വരും. ഓവർസീസ് വായ്പയ്ക്ക് ഒരുങ്ങും മുൻപ് നൽകേണ്ട ഈടിനെക്കുറിച്ചു കൃത്യമായ ധാരണയുണ്ടാക്കണം. വീട്, സ്ഥലം തുടങ്ങിയ സ്വത്തുക്കൾക്കു പുറമെ സ്ഥിരനിക്ഷേപം, എൽഐസി, തേർഡ് പാർട്ടി സെക്യൂരിറ്റി എന്നിവയും ചില ബാങ്കുകൾ ഈടായി സ്വീകരിക്കും.

∙ വിദേശരാജ്യങ്ങളിലെ അംഗീകാരമുള്ള സർവകലാശാലകളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലും മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയവർക്കു മാത്രമേ വായ്പ ലഭിക്കുകയുള്ളൂ. റഗുലർ വിദ്യാർഥിയായിരിക്കണമെന്നും നിർബന്ധമുണ്ട്.

∙ ബിരുദതലം മുതൽ മുകളിലേക്കുള്ള കോഴ്സുകൾക്കും പ്രഫഷനൽ, തൊഴിൽ അധിഷ്ഠിത കോഴ്സുകൾക്കുമാണു ബാങ്കുകൾ മുൻഗണന നൽകുന്നത്. ഉന്നത പഠനത്തിനു പുറമെ വിദേശ രാജ്യങ്ങളിൽ സ്കിൽ ഡവലപ്മെന്റ് പരിശീലനത്തിനും ചില ബാങ്കുകൾ വായ്പ നൽകും.

∙ പഠനകാലാവധി കഴിയുന്നതു വരെ മോറട്ടോറിയം കാലാവധിയാണ്. ഈ കാലാവധിയിൽ വായ്പ തിരിച്ചടയ്ക്കേണ്ടതില്ല. പക്ഷേ വായ്പയ്ക്കു പലിശ കണക്കാക്കും. കോഴ്സ് കഴിഞ്ഞാലും നിശ്ചിത സമയം അധികമായി മോറട്ടോറിയം കാലാവധിയായി നൽകാറുണ്ട്.

∙ നാലുലക്ഷം രൂപയ്ക്കു മുകളിലാണു പഠനച്ചെലവെങ്കിൽ മാർജിൻ തുക എന്ന നിരക്കിൽ നിശ്ചിത തുക വിദ്യാർഥികളുടെ കൈവശമുണ്ടായിരിക്കണം. സ്കോളർഷിപ്, പഠനസഹായം എന്നിവ വിദ്യാർഥികളുടെ മാർജിൻ തുകയായി കാണിക്കാവുന്നതാണ്.

∙ മിക്ക ബാങ്കുകളും പെൺകുട്ടികൾക്ക് 0.5% പലിശ ഇളവ് നൽകുന്നുണ്ട്. കൃത്യസമയത്ത് പലിശ അടയ്ക്കുന്നവർക്കു വായ്പ തീരുന്ന സമയത്ത് കാഷ്ബാക്ക് നൽകുന്ന ബാങ്കുകളുണ്ട്. 6 ലക്ഷം രൂപയ്ക്കു താഴെ വാർഷിക വരുമാനമുള്ള വിദ്യാർഥികൾക്കു മോറട്ടോറിയം കാലയളവിൽ പലിശയിളവായി സർക്കാർ സബ്സിഡി ലഭിക്കും.

പ്രധാനപ്പെട്ട 4 ബാങ്കുകളുടെ വിദേശപഠന വായ്പകൾ താരതമ്യപ്പെടുത്തി നോക്കാം
(വിവരങ്ങൾ ബാങ്ക് വെബ്സൈറ്റ് അടിസ്ഥാനത്തിൽ )

∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

പരമാവധി തുക–20 ലക്ഷം രൂപ (സാധാരണ വായ്പ)

20 ലക്ഷം രൂപ മുതൽ 1.5 കോടി രൂപ വരെ (ഗ്ലോബൽ എഡ്–വാൻറേജ് വായ്പ )

തിരിച്ചടവ് കാലാവധി–15 വർഷം

പലിശനിരക്ക്– 10.50% (സാധാരണ വായ്പ)

10.75 % വരെ (ഗ്ലോബൽ എഡ്–വാൻറേജ്)

മാർജിൻ തുക– 15% വരെ

മൊറട്ടോറിയം കാലാവധി – കോഴ്സ് കാലാവധിയും ഒരുവർഷം (സാധാരണ വായ്പ)

കോഴ്സ് കാലാവധിയും ആറുമാസവും (ഗ്ലോബൽ എഡ്–വാൻറേജ്)

∙ ഫെഡറൽ ബാങ്ക്

പരമാവധി തുക –20 ലക്ഷം രൂപ വരെ

തിരിച്ചടവ് കാലാവധി– 5 വർഷം മുതൽ 7 വർഷം വരെ (കോഴ്സ് കാലാവധിക്കു പുറമെ)

പലിശ നിരക്ക്– 10.90%- 15.30% വരെ

മാർജിൻ തുക–15%

മോറട്ടോറിയം കാലാവധി– കോഴ്സ് കാലാവധിയും ഒരു വർഷവും, അല്ലെങ്കിൽ ജോലി കിട്ടി ആറുമാസം (ആദ്യം ഏതാണോ അതാണു പരിഗണിക്കുക)

∙ പഞ്ചാബ് നാഷനൽ ബാങ്ക്

പരമാവധി തുക–20 ലക്ഷം രൂപ

മാർജിൻ തുക – 15% 

തിരിച്ചടവ് കാലാവധി–– 15 വർഷം

മോറട്ടോറിയം കാലാവധി– 

പഠന കാലാവധിയും ഒരു വർഷവും

പലിശ നിരക്ക്– 10.45– 11.05 % വരെ

∙ കാനറ ബാങ്ക്

പരമാവധി തുക– 20 ലക്ഷം രൂപ

മാർജിൻ തുക –15 %

മോറട്ടോറിയം കാലാവധി– പഠന കാലാവധിയും ഒരു വർഷവും, അല്ലെങ്കിൽ ജോലി കിട്ടി ആറുമാസം (ആദ്യമേതാണോ അതാണു പരിഗണിക്കുക)

തിരിച്ചടവ് കാലാവധി–10 മുതൽ 15 വർഷം

പലിശ നിരക്ക്– 10.50–10.70%