യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇവിടെ പഠിക്കുന്നവരെ ശല്യം ചെയ്യരുത്

രാവിലെയും വൈകുന്നേരവും ബീഹാറിലെ റോത്താസ് ജില്ലയിലുള്ള സാസാറാം ജംഗ്ഷന്‍ റയില്‍വേ സ്‌റ്റേഷനില്‍ നല്ല തിരക്കാണ്. ഇതു ട്രെയിനില്‍ കയറി എങ്ങോട്ടെങ്കിലും പോകാനെത്തുന്നവരുടെ തിരക്കല്ല. ജോലിക്കു പോകുന്നവരുടെയോ ജോലി കഴിഞ്ഞെത്തിയവരുടെയോ തിരക്കുമല്ല. മറിച്ചു വിവിധ മത്സര പരീക്ഷകള്‍ ജയിച്ചു ജോലിക്കു കയറാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികളാണു പഠന പുസ്തകങ്ങളുമായി സാസാറാം റയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമുകളില്‍ നിറയുന്നത്. രാവിലെയും വൈകുന്നേരവും രണ്ടു മണിക്കൂര്‍ നേരത്തേക്ക് ഈ റെയില്‍വേ സ്‌റ്റേഷന്റെ ഒരു കോച്ചിങ് സെന്ററായി മാറും.

1200 ഓളം ഉദ്യോഗാർഥികളാണു ദിവസവും ഈ റെയില്‍വേ സ്റ്റേഷന്‍ പഠനത്തിനായി റോത്താസിന്റെ വിദൂരപ്രദേശങ്ങളില്‍ നിന്നു വരെ എത്തുന്നത്. ക്വിസ് എന്ന പേരിലുള്ള കൂട്ടായ്മയാണു വിവിധ പരീക്ഷകള്‍ക്കായി ഉദ്യോഗാർഥികളെ ഇവിടെ പരിശീലിപ്പിക്കുന്നത്. ഇവരാരും ശമ്പളം വാങ്ങി ജോലിക്ക് എത്തുന്നവരല്ല. അടുത്തുള്ള സ്ഥാപനങ്ങളിലെ അധ്യാപകരും മുതിര്‍ന്ന ഉദ്യോഗാര്‍ത്ഥികളും സൗജന്യമായിട്ടാണ് ഈ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 

2002ലാണ് സാസാറാം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ ഈ പരീക്ഷാ പരിശീലന കൂട്ടായ്മ ആരംഭിക്കുന്നത്. അന്നു റോത്താസിലെ പല ഗ്രാമങ്ങളിലും വൈദ്യുതി എത്തിയിട്ടില്ല. ദിവസം മുഴുവന്‍ വൈദ്യുതി ലഭിക്കുന്ന ഒരേ ഒരിടമെന്ന നിലയിലാണു വിദ്യാർഥികള്‍ പുസ്തങ്ങളുമെടുത്തു റെയില്‍വേ സ്റ്റേഷനിലെത്തിയത്. അവര്‍ കൂട്ടം ചേര്‍ന്നു റെയില്‍വേയുടെ വിളക്കു കാലുകള്‍ക്കു ചുവട്ടിലിരുന്നു പഠിച്ചു പലയിടങ്ങളിലും ജോലിക്കു കയറി. വിജയശതമാനം ഉയര്‍ന്നതോടെ പല സ്ഥലങ്ങളില്‍ നിന്നു ഉദ്യോഗാർഥികള്‍ വരാന്‍ തുടങ്ങി. ഇന്നിപ്പോള്‍ വൈദ്യുതി പല വീടുകളിലും എത്തിയെങ്കിലും റെയില്‍വേ സ്റ്റേഷന്‍ ഇപ്പോഴും ഇഷ്ട പഠന സ്ഥലമായി തുടരുന്നു. 

റെയില്‍വേ അധികൃതരും ഉദ്യോഗാർഥികളുമായി തുടക്കം മുതല്‍ തന്നെ സഹകരിക്കുന്നുണ്ട്. പഠിക്കാനെത്തുന്ന ആരെയും റെയില്‍വേ ശല്യപ്പെടുത്തുകയില്ല. ഇവര്‍ക്കു വേണ്ടി പ്ലാറ്റ്‌ഫോമുകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നു. 2017ല്‍ പട്‌നയിലെ റയില്‍ പോലീസ് സൂപ്രണ്ട് മുന്‍കയ്യെടുത്തു ക്വിസ് കൂട്ടായ്മയിലെ 500ല്‍ അധികം പതിവുകാര്‍ക്കു ഐഡി കാര്‍ഡുകളും നല്‍കുകയുണ്ടായി. 

ഒട്ടേറെ കാര്യങ്ങളില്‍ പിന്നാക്കമാണെന്നു അധിക്ഷേപിക്കപ്പെടുമ്പോഴും സിവില്‍ സര്‍വീസ് പോലുള്ള പരീക്ഷകളില്‍ ബീഹാറില്‍ നിന്ന് എല്ലാ വര്‍ഷവും നിരവധി വിദ്യാർഥികള്‍ വിജയിക്കാറുണ്ട്. പരിമിതമായ ചുറ്റുപാടുകളിലും പരസ്പരം പഠിപ്പിച്ചും കൂട്ടായ്മകളിലൂടെ പഠിച്ചതു പങ്കുവച്ചുമാണു ബീഹാറിലുള്ളവര്‍ ഈ നേട്ടം കൈവരിക്കുന്നതെന്നു സാസാറാം റെയില്‍വേ സ്റ്റേഷനിലെ പഠനസംഘം തെളിയിക്കുന്നു. 

Job Tips >>