ബിഎസ്‍‍സി പഠിച്ച് ട്രാക്കിലിറങ്ങാം

ബാച്‌ലർ ഓഫ് റിക്രിയേഷൻ, ലെഷർ ആൻഡ് സ്‌പോർട്‌സ് സ്‌റ്റഡീസ് (ബിഎസ്‍‍സി)– മൂന്നു വർഷം മുൻപു പാലാ സെന്റ് തോമസ് കോളജിൽ തുടങ്ങിയ ഈ കോഴ്സ് ഇന്ത്യയിൽ തന്നെ ആദ്യത്തേതായിരുന്നു. കായിക വിദ്യാഭ്യാസത്തെ മറ്റു തൊഴിൽ മേഖലകളുമായി ബന്ധിപ്പിച്ച്, യുജിസിയുടെ ഇന്നവേറ്റീവ് എജ്യുക്കേഷൻ സ്‌കീമിന്റെ ഭാഗമായി രൂപം കൊടുത്ത കോഴ്സ്. വേറിട്ട ട്രാക്കിലെ ആ കുതിപ്പ് വെറുതെയായില്ലെന്ന് ഇതാ തെളിഞ്ഞിരിക്കുന്നു. ആദ്യ ബാച്ചിലെ 16 പേരിൽ 13 പേർക്കും ഇതിനകം ക്യാംപസ് നിയമനം. ഇന്ത്യൻ‌ ക്രിക്കറ്റ് ടീം കോച്ച് അനിൽ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് അക്കാദമിയിലും ഐ ലീഗ് ചാംപ്യൻമാരായ ബെംഗളൂരു എഫ്‍സിയുടെ ക്ലബ് മാനേജ്മെന്റ് ടീമിലും വരെ ജോലി നേടിയവരുണ്ട്. രാജ്യാന്തര കമ്പനികളിൽനിന്നും അന്വേഷണം വരുന്നു.

സ്പോർട്സ് കരിയറിനപ്പുറം
സ്പോർട്സിനോടു വലിയ ഇഷ്ടം. എന്നാൽ മികച്ച കായിക താരമാകാൻ കഴിഞ്ഞതുമില്ല. എന്തു ചെയ്യും? കായിക രംഗത്തെ അനുബന്ധ കരിയറുകൾ ലക്ഷ്യമിട്ടുള്ള കോഴ്സിന്റെ തുടക്കം ഈ ചോദ്യത്തിൽ നിന്നായിരുന്നു. ‌‌സ്‌പോർട്‌സ്, ടൂറിസം, ഫിറ്റ്‌നസ് മേഖലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള കോഴ്സിന് അങ്ങനെ യുജിസി അംഗീകാരം നൽകി. കായിക താരങ്ങൾക്ക് ഏറെ വളക്കൂറുള്ള കേരളത്തിൽ തന്നെ രാജ്യത്താദ്യമായി കോഴ്സ് ആരംഭിച്ചു. വിവിധ കായിക ഇനങ്ങളിൽ സംസ്ഥാന, ജില്ലാ തലങ്ങളിൽ മികച്ച പ്രകടനം നടത്തിയവരാണു കഴിഞ്ഞ മൂന്നു ബാച്ചുകളിലും പ്രവേശനം നേടിയത്.

പ്ലേസ്മെന്റ് സാധ്യതകൾ പലത്
ബെംഗളൂരു എഫ്സിക്കും ‌അനിൽ കുംബ്ലെയുടെ ടെൻവിക് ബാംഗ്ലൂരിനും പുറമെ മാരത്തൺ മൽസരങ്ങൾക്ക് പരിശീലനം നൽകുന്ന കമ്പനിയായ സ്ട്രൈഡേഴ്സ് മുബൈ, ഫിസിക്കൻ എജ്യുക്കേഷൻ രംഗത്ത് പരിശീലകരായ എജ്യുസ്പോർട് ബാംഗ്ലൂർ, ഐഎസ്എൽ സംഘാടകരായ ഐഎംജി റിലയൻസ് എന്നിവയിലും ജോലി നേടിയവരുണ്ട്. ഡൽഹിയിലും മുംബൈയിലുമുള്ള സ്പോർട്സ് ഫിറ്റ്നെസ് ഗ്രൂപ്പുകളും ചിലരെ റാ​ഞ്ചി. സ്‌പോർട്സ് ഇവന്റ് മാനേജ്‌മെന്റ്, ഹെൽത്ത് ആൻഡ് ഫിറ്റ്‌നസ്, അഡ്വഞ്ചർ സ്പോർട്സ്, കായിക പരിശീലനം തുടങ്ങിയ മേഖലകളിലാണു പ്രധാനമായും തൊഴിലവസരങ്ങൾ.
കോഴ്‌സിന് അഞ്ചു വർഷത്തേക്കു യുജിസി സാമ്പത്തിക സഹായമുണ്ട്. സ്വിമ്മിങ് പൂൾ, ഇൻഡോർ സ്റ്റേഡിയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ലഭ്യം. എംജി സർവകലാശാലയുടെ കീഴിൽ 30 പേർക്കാണു പ്രവേശനം. ഒരു വർഷം 2500 രൂപയാണു ഫീസ്. എംജി ‌സർവകലാശാലയുടെ ‌ഡിഗ്രി ഏകജാലക അലോട്മെന്റ് വഴിയാണു പ്രവേശനം.

വൈവിധ്യമാർന്ന സിലബസ്
സ്‌പാ മാനേജ്‌മെന്റ്, അഡ്വഞ്ചർ സ്‌പോർട്‌സ്, സ്‌പാ തെറപ്പി, ഫിസിക്കൽ എജ്യുക്കേഷൻ, ഫിറ്റ്‌നെസ് തെറപ്പി, ഫിസിയോതെറപ്പി എന്നിവയിൽ കോഴ്‌സിന്റെ ഭാഗമായി പരിശീലനം നൽകുന്നുണ്ട്. ഡിസാസ്‌റ്റർ മാനേജ്‌മെന്റ്, പബ്ലിക്‌ റിലേഷൻസ്, ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റ് പേപ്പറുകളും സിലബസിലുണ്ട്. കായിക രംഗത്തെ പരിശീലകരാകാൻ ലക്ഷ്യമിടുന്നവർക്ക് ക്രിക്കറ്റ്, ഫുട്ബോൾ, ബാസ്കറ്റ്ബോൾ, വോളിബോൾ തുടങ്ങി 12 കായിക ഇങ്ങളിലും പരിശീലനം നൽകുന്നു. സ്‌പോർട്‌സ് മാനേജ്‌മെന്റ്, ലെഷർ മാനേജ്‌മെന്റ്, സ്‌പോർട്‌സ് ന്യൂട്രീഷൻ തുടങ്ങിയ മേഖലകളിൽ ഉപരിപഠനത്തിനും അവസരമുണ്ട്.

റിക്രിയേഷൻ മാനേജർ (ടൂറിസം), കായികാധ്യാപകൻ, പഴ്‌സനൽ ഫിറ്റ്‌നസ് ട്രെയിനർ, സ്‌പാ മാനേജർ, ഗോൾഫ്‌കോഴ്‌സ് മാനേജർ, ഹെൽത്ത് ക്ലബ് മാനേജർ, സീനിയർ അഡൽറ്റ്‌സ് ഫിറ്റ്‌നസ് ട്രെയിനർ തുടങ്ങിയ തസ്തികകളിൽ ജോലി ലഭിക്കും.