വരൂ, മികവിന്റെ പെരുന്തച്ചനാകാം

Image courtesy : nata.in

ആർക്കിടെക്ചർ പഠനത്തിന് ഇന്ത്യയിൽ നാനൂറിലേറെ സ്ഥാപനങ്ങളുണ്ട്; എന്നാൽ രാജ്യമെങ്ങും അംഗീകരിക്കപ്പെട്ടിരിക്കുന്ന അഭിരുചി നിർണയപരീക്ഷ ഒന്നുമാത്രം– ‘നാറ്റാ’ എന്ന നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ. ജെഇഇ വഴി പ്രവേശനം നടത്തുന്ന ഐഐടികളും എൻഐടികളും മാത്രമാണ് ഇതിന് അപവാദം. പത്താം ക്ലാസ് പാസായ ആർക്കും ‘നാറ്റാ’ എഴുതാം. എന്നാൽ ഈ യോഗ്യതയുടെ അടിസ്ഥാനത്തിൽ അഞ്ചു വർഷത്തെ ബിആർക്ക് കോഴ്സിനു ചേരണമെങ്കിൽ മാത്‌സ് വിഷയമായി 50 % മാർക്കോടെ പ്ലസ് ടു പാസാകണം.

ഒരാൾക്കു പരാമവധി അഞ്ച് അവസരങ്ങൾ എന്നതുൾപ്പെടെയുള്ള പരിഷ്കാരങ്ങളോടെ ‘നാറ്റാ 2016’ വിജ്ഞാപനം വന്നു കഴിഞ്ഞു.

റജിസ്ട്രേഷൻ: ഓഗസ്റ്റ് 18 വരെ

വെബ്സൈറ്റ്: http://www.nata.in

ഫീസ്: 1250 രൂപ

ഏപ്രിൽ ഒന്നു മുതൽ മേയ് 28 വരെയും ജൂൺ ആറു മുതൽ ഓഗസ്റ്റ് 20 വരെയുമുള്ള കാലയളവിൽ പരീക്ഷ എഴുതാം. ആദ്യം റജിസ്റ്റർ ചെയ്യുന്നവർക്കു മുൻഗണന. സൗകര്യപ്രദമായ പരീക്ഷാകേന്ദ്രം ലഭിക്കാൻ നേരത്തെ റജിസ്റ്റർ ചെയ്യുന്നതാകും നല്ലത്. പരീക്ഷാകേന്ദ്രങ്ങളുടെ അന്തിമപട്ടിക വെബ്സൈറ്റിൽ വരും.

പരീക്ഷാ ഘടന

പരീക്ഷയ്ക്കു രണ്ടു ഭാഗങ്ങൾ

1) പേപ്പർ ബേസ്ഡ് ഡ്രോയിങ് ടെസ്റ്റ്

2) കംപ്യൂട്ടർ ബേസ്ഡ് ഈസ്തെറ്റിക് സെൻസിറ്റിവിറ്റി ടെസ്റ്റ്

ഡ്രോയിങ് ടെസ്റ്റ്

നോക്കിവരയ്ക്കാനും ഓർത്തു വരയ്ക്കാനുമുള്ള ശേഷി, നിറവിന്യാസത്തിലുള്ള അഭിരുചി, അളവുകളും അനുപാതങ്ങളും മനസ്സിലാക്കാനുള്ള കഴിവ് തുടങ്ങിയവ പരിശോധിക്കും. സമയം രണ്ടു മണിക്കൂർ.

ഈസ്തെറ്റിക് സെൻസിറ്റിവിറ്റി ടെസ്റ്റ്

ഓൺലൈൻ പരീക്ഷയിൽ 40 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. നെഗറ്റിവ് മാർക്ക് ഇല്ല. കാര്യഗ്രഹണശേഷി, ഭാവന, നിരീക്ഷണബോധം, ക്രിയാത്മകത, ആശയവിനിമയശേഷി എന്നിവ പരിശോധിക്കും.

സ്കോർ കാർഡ്

പരീക്ഷ എഴുതി നാലാം ദിവസം വെബ്സൈറ്റിൽ സ്കോർ കാർഡ് ലഭ്യമാകും. ഇതു പരിശോധിച്ച ശേഷം സ്കോർ മെച്ചപ്പെടുത്താൻ വേണമെങ്കിൽ വീണ്ടും പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്യാം. ഇങ്ങനെ മൊത്തം അഞ്ച് അവസരങ്ങൾ. 200ൽ 80 മാർക്ക് എങ്കിലും ലഭിച്ചാൽ മാത്രമേ ബിആർക്ക് പ്രവേശനത്തിനു പരിഗണിക്കൂ. ‘നാറ്റാ’ സ്കോർ കാലാവധി രണ്ടു വർഷം.

പ്രവേശന രീതി

‘നാറ്റാ’ അഭിരുചിനിർണയ പരീക്ഷ മാത്രമാണ്. പ്ലസ് ടു ആണു യോഗ്യതാപരീക്ഷ. ഇരുപരീക്ഷകളിലെയും മാർക്ക് 50:50 അനുപാതത്തിൽ ചേർത്താകും പ്രവേശനത്തിനു പരിഗണിക്കുക.

കടുപ്പമുള്ള ചോദ്യത്തിന് മാർക്ക് കൂടും

‘നാറ്റാ’ മൂല്യനിർണയത്തിലും പ്രത്യേകതയുണ്ട്. ഡ്രോയിങ് ടെസ്റ്റിൽ ഓരോ പേപ്പറും മൂന്നു പേർ പരിശോധിക്കും. മൂന്നു പേരും നൽകുന്ന മാർക്കിന്റെ ശരാശരിയാകും കണക്കാക്കുക.

ഓൺലൈനിലുള്ള ഈസ്തെറ്റിക് സെൻസിറ്റിവിറ്റി ടെസ്റ്റിൽ ഓരോ ചോദ്യത്തിനുമുള്ള പരീക്ഷാർഥിയുടെ പ്രകടനം തൽസമയം വിലയിരുത്തി കംപ്യൂട്ടർ ആകും തുടർന്നുള്ള ചോദ്യങ്ങൾ നിശ്ചയിക്കുക. ശരിയുത്തരം നൽകിയാൽ അടുത്തതായി കുറച്ചുകൂടി ബുദ്ധിമുട്ടുള്ള ചോദ്യം; ഉത്തരം തെറ്റെങ്കിൽ തുടർന്ന് അൽപം ലഘുവായ ചോദ്യം. ചോദ്യങ്ങളുടെ കടുപ്പം അനുസരിച്ചു സ്കോറിലും മാറ്റമുണ്ടാകും. കടുപ്പമുളള കുറച്ചു ചോദ്യങ്ങൾക്ക് ഉത്തരം എഴുതുന്നവർക്ക് ലഘുവായ കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നവരേക്കാൾ മാർക്ക് ലഭിച്ചേക്കാം. ഇരു പരീക്ഷകളിലും പുനർമൂല്യനിർണയം ഇല്ല.

ഇക്കൊല്ലം മുതൽ ബെസ്റ്റ് ഓഫ് 5

‘ബെസ്റ്റ് ഓഫ് ഫൈവ്’ സമ്പ്രദായമാണ് ഇക്കൊല്ലം മുതലുള്ള പ്രത്യേകത. ശ്രദ്ധിക്കേണ്ട അഞ്ചു പ്രധാന കാര്യങ്ങൾ

∙ ഏറ്റവും പുതിയ സ്കോർ കാർഡിനു പ്രാബല്യമുള്ള കാലാവധിക്കുള്ളിൽ പരാമവധി അഞ്ചു തവണ പരീക്ഷ എഴുതാം.

∙ ഓരോ തവണ എഴുതാനും ‘നാറ്റാ’ വെബ്സൈറ്റിൽ പുതുതായി റജിസ്റ്റർ ചെയ്യണം. മുൻപ് എഴുതിയ കാര്യം (കഴിഞ്ഞ വർഷമാണെങ്കിൽ പോലും) വ്യക്തമാക്കുകയും വേണം.

∙ അഞ്ച് അവസരങ്ങളിൽ ഏറ്റവും മികച്ച സ്കോറിനാകും പ്രാബല്യം. കഴിഞ്ഞ വർഷം പരീക്ഷ എഴുതിയവർ ഈ വർഷം വീണ്ടും എഴുതുകയാണെങ്കിൽ തമ്മിൽ മികച്ച സ്കോർ ആകും പരിഗണിക്കുക.

∙ മുൻപ് റജിസ്റ്റർ ചെയ്തിട്ടു പരീക്ഷ എഴുതാത്തവരാണെങ്കിൽ പോലും അക്കാര്യം അറിയിക്കണം. മുൻ ശ്രമങ്ങൾ മറച്ചുവച്ചു പുതുതായി റജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നവരെ അയോഗ്യരാക്കും. പഴയ സ്കോർ റദ്ദാക്കുകയും ചെയ്യും.

∙ ഒരു തവണ എഴുതിയതിന്റെ സ്കോർ കാർഡ് കിട്ടിയ ശേഷമേ അടുത്തതിനു റജിസ്റ്റർ ചെയ്യാവൂ.