ആറില്‍ തോറ്റു; സിവില്‍ സര്‍വീസില്‍ രണ്ടാം റാങ്ക്

പരാജയം വിജയത്തിന്റെ ചവിട്ടുപടിയാണെന്നു പറയാറുണ്ട്. പക്ഷേ, ചെറിയൊരു പരാജയം ഒരു പെണ്‍കുട്ടിയുടെ ജീവിതം മാറ്റിമറിച്ച കഥയറിയാമോ? ബോര്‍ഡിങ് സ്‌കൂളിലേക്കു മാറ്റിയതിനെ തുടര്‍ന്നുള്ള സമ്മർദ്ദമാണു രുക്മിണി റിയാര്‍ എന്ന പെണ്‍കുട്ടിക്ക് ആറാം ക്ലാസില്‍ പരാജയം സമ്മാനിച്ചത്. തുടര്‍ന്നുണ്ടായ പരാജയഭീതി പക്ഷേ, ഈ പെണ്‍കുട്ടിയെ കൊണ്ടെത്തിച്ചതു സിവില്‍ സര്‍വീസ് പരീക്ഷയില്‍ ദേശീയതലത്തിലെ രണ്ടാം റാങ്കിലാണ്. സിവില്‍ സര്‍വീസില്‍ മാത്രമല്ല, എഴുതിയ പരീക്ഷകളിലും പഠിച്ച കോഴ്‌സുകളിലുമൊക്കെ ഉന്നത വിജയമാണ് ഈ ചണ്ഡീഗഡുകാരി നേടിയത്.

ആറാം ക്ലാസിലെ തോല്‍വി രുക്മിണിക്കു വലിയ മനപ്രയാസമുണ്ടാക്കുന്നതായിരുന്നു. പക്ഷേ, ഈ തോല്‍വിതന്നെയാണ് രുക്മിണിക്കു മുന്നോട്ടു പോകാനുള്ള ഊര്‍ജ്ജമായതും. ഇനിയൊന്നിലും തോറ്റു കൊടുക്കില്ല എന്ന് അന്നവൾ പ്രതിജ്ഞയെടുത്തു. 

പ്രത്യേകിച്ചു കോച്ചിങ് ഒന്നും കൂടാതെ 2011ലാണു രുക്മിണി സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്നത്. പൊളിറ്റിക്കല്‍ സയന്‍സും സോഷ്യോളജിയുമായിരുന്നു ഓപ്ഷണല്‍ വിഷയങ്ങള്‍. ഫലം വന്നപ്പോള്‍ ആദ്യ അവസരത്തില്‍ത്തന്നെ രണ്ടാം റാങ്കിന്റെ തിളക്കം. 

മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ സാമൂഹിക സംരംഭകത്വത്തില്‍ ബിരുദാനന്തരബിരുദം നേടിയ രുക്മിണി അവിടെയും സ്വര്‍ണ്ണ മെഡല്‍ നേടിയാണ് പഠിച്ചിറങ്ങിയത്. പഠനത്തിനു ശേഷം ആസൂത്രണ കമ്മിഷനിലും കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും എന്‍ജിഒകളിലും രുക്മിണി ജോലി ചെയ്തിരുന്നു. എന്‍ജിഒ പ്രവര്‍ത്തനത്തിനിടെയാണ് സിവില്‍ സര്‍വീസിലൂടെ സമൂഹത്തില്‍ എന്തെങ്കിലും മാറ്റം വരുത്തണമെന്ന ചിന്തയുണ്ടായത്. 

സ്ഥിരപ്രയത്‌നവും കഠിനാധ്വാനവുമാണ് സിവില്‍ സര്‍വീസ് മോഹികള്‍ക്കുള്ള രുക്മിണിയുടെ വിജയമന്ത്രങ്ങള്‍. കവിതയെഴുത്താണ് ഈ ഐഎഎസുകാരിയുടെ ഹോബി. സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കെല്ലാം രുക്മിണിയുടെ കഥ പ്രചോദനമാകും.