ഒരേ സമയം അധ്യാപികയും വിദ്യാർഥിനിയുമായി ഏഴാം ക്ലാസുകാരി

Representative Image

രാവിലെ 9.30 മുതല്‍ 12.30 വരെ പ്രൈമറി ക്ലാസിലെ വിദ്യാർഥികളുടെ അധ്യാപിക. ഉച്ചയ്ക്ക് ശേഷം ഏഴാം ക്ലാസിലെ വിദ്യാർഥിനി. 15 വയസ്സുകാരി മധു കുമാരിക്ക് തന്റെ സ്‌കൂളില്‍ ദിവസവും കെട്ടിയാടേണ്ടത് അധ്യാപികയുടെയും വിദ്യാർഥിനിയുടെയും ഇരട്ട വേഷമാണ്. മധു കുമാരിയുടെ ഈ ഇരട്ട വേഷം വരച്ചിടുന്നതാകട്ടെ രാജസ്ഥാനിലെ സ്‌കൂള്‍ വിദ്യാഭ്യാസ സംവിധാനത്തിന്റെ ദയനീയ ചിത്രവും. 

രാജസ്ഥാനിലെ ഭരത്പൂരിലുള്ള പട്പരയിലെ സ്‌കൂളില്‍ ആകെയുള്ളത് 73 പെണ്‍കുട്ടികളക്കം 134 വിദ്യാർഥികള്‍. ഇവര്‍ക്ക് എല്ലാവര്‍ക്കും കൂടി ആകെയുളളത് ഒരേ ഒരു അധ്യാപിക. ഇവര്‍ തന്നെയാണ് ഈ സ്‌കൂളിന്റെ പ്രിന്‍സിപ്പലും. രജനി ഉപാധ്യായ എന്ന ഈ പ്രിന്‍സിപ്പലിന്റെ അഭ്യർഥന പ്രകാരമാണ് മധു കുമാരി സ്വന്തം അനുജനും അനിയത്തിമാരും ഉള്‍പ്പെടെയുള്ളവര്‍ പഠിക്കുന്ന പ്രൈമറി ക്ലാസുകളുടെ ടീച്ചറായത്. പഠിപ്പിക്കാനാരും ഇല്ലാത്തതു കൊണ്ട് സ്വയം പഠിച്ച് പരീക്ഷയെഴുതേണ്ട അവസ്ഥയിലാണ് സീനിയര്‍ ക്ലാസുകളിലെ കുട്ടികള്‍. 

അധ്യാപകരെ നിയമിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് അനുകൂലമായ നിലപാട് ഉണ്ടായില്ലെന്നു പ്രിന്‍സിപ്പല്‍ പരാതിപ്പെടുന്നു. 1196 പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളുള്ള ഭരത്പൂരിലെ പല സ്‌കൂളുകളിലും സമാന അവസ്ഥയുണ്ട്.

രാജസ്ഥാനിലെ ഗവണ്‍മെന്റ് സ്‌കൂളുകളിലെ വിദ്യാർഥി-അധ്യാപക അനുപാതം ഏറ്റവും മോശം അവസ്ഥയിലാണ്. വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്ന വിദ്യാർഥിനി-അധ്യാപക അനുപാതം പാലിക്കുന്നത് 51.1 ശതമാനം ഗവണ്‍മെന്റ് സ്‌കൂളുകള്‍ മാത്രമാണ്. ഒരു ലക്ഷത്തോളം അധ്യാപക തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതായാണ് കണക്കുകള്‍. കഴിഞ്ഞ രണ്ടു വര്‍ഷമായി വിദ്യാർഥികളുടെ എൻറോള്‍മെന്റില്‍ 17 ലക്ഷത്തിന്റെ വർധനയുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതിന് അനുസരിച്ച് സ്റ്റാഫിങ് പാറ്റേണ്‍ ക്രമീകരിക്കാത്തതും അധ്യാപകരെ നിയമിക്കാത്തതും സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നു. 

Education News>>