കണ്ടു പഠിക്കാം ഈ 12 വയസ്സുകാരനെ

തമിഴ്‌നാട്ടിലെ നാടോടി സമുദായമാണ് നരിക്കുറവര്‍. തെരുവില്‍ മുത്തുമാല വിറ്റും ഭിക്ഷ യാചിച്ചുമാണു സമുദായാംഗങ്ങളില്‍ പലരും കഴിഞ്ഞു കൂടുന്നത്. മുഖ്യധാര സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ട ഈ സമുദായത്തില്‍ നിന്നു പഠിക്കാന്‍ പോകുന്നവര്‍ ചുരുക്കമാണ്. പോകുന്നവര്‍ തന്നെ സ്‌കൂളില്‍ നേരിടുന്ന വിവേചനത്തില്‍ മനം മടുത്തു പഠനമുപേക്ഷിച്ച് തെരുവിലേക്കിറങ്ങും. 

ശക്തി രമേഷ് എന്ന നരിക്കുറവന്‍ പയ്യനും തന്റെ എട്ടാം വയസ്സില്‍ ഗവണ്‍മെന്റ് സ്‌കൂളിന്റെ പടിയിറങ്ങിയതാണ്. മുന്നിലുള്ളതു തെരുവിലെ മുത്തുമാല വില്‍പന മാത്രമായിരുന്നു. പക്ഷേ അറിവു പകര്‍ന്നു നല്‍കാന്‍ ഒരു എന്‍ജിഒ മുന്നോട്ടു വന്നതോടെ ശക്തി തന്റെ ജീവിതഗതിയൊന്നു മാറ്റിപിടിച്ചു. നന്നായി പഠിക്കാന്‍ മാത്രമല്ല, സമുദായത്തിലെ 25 ഓളം കുട്ടികളെ അറിവിന്റെ ലോകത്തേക്കു കൈപിടിച്ചു നടത്താനും ശക്തിക്കായി. ഈ വര്‍ഷത്തെ കുട്ടികള്‍ക്കുള്ള രാജ്യാന്തര സമാധാന പുരസ്‌ക്കാരത്തിനുള്ള നോമിനേഷനുകളില്‍ ഒന്നായി മാറാന്‍ ശക്തിക്ക് കഴിഞ്ഞതു പ്രായത്തിലും കവിഞ്ഞ ഈ ദൃഢനിശ്ചയം കൊണ്ടാണ്. 

വിദ്യാഭ്യാസത്തിലൂടെ നരിക്കുറവര്‍ സമുദായത്തിന്റെ മുഖച്ഛായ മാറ്റാനുള്ള പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണ് ഈ 12 വയസ്സുകാരന്‍. വിദ്യാഭ്യാസത്തിലൂടെ ദാരിദ്ര്യം തുടച്ചു നീക്കാനായി യത്‌നിക്കുന്ന ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് ഇന്ത്യ എന്ന എന്‍ജിഒയാണു ശക്തിയുടെ ജീവിതത്തിലെ നിലവിളക്കായത്. എന്‍ജിഒയുടെ റസിഡന്‍ഷ്യല്‍ സ്‌പെഷ്യല്‍ ട്രെയിനിങ് സെന്ററിലാണ് വിദ്യാഭ്യാസം നല്‍കുന്നത്. 

വിദ്യ നല്‍കാനായി എന്‍ജിഒ നരിക്കുറവര്‍ സമുദായത്തെ സമീപിച്ചപ്പോള്‍ ലഭിച്ച പ്രതികരണം നിരാശാജനകമായിരുന്നു. ശക്തിയുടേതടക്കം കുറച്ചു കുടുംബങ്ങള്‍ മാത്രം സമ്മതം മൂളി. ആദ്യമൊക്കെ ശക്തിക്കും അത്രം താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ക്രമേണ വിദ്യാഭ്യാസമാണു തന്റെയും തന്റെ ചുറ്റുമുള്ളവരുടെയും ഇന്നത്തെ അവസ്ഥയ്ക്കു മാറ്റം വരുത്താനുള്ള ഏക ഉപാധിയെന്നു ശക്തി തിരിച്ചറിഞ്ഞു. അങ്ങനെയാണു മറ്റ് മാതാപിതാക്കളെ പറഞ്ഞു സമ്മതിപ്പിച്ച് അവരുടെ കുട്ടികളെ പഠനത്തിലേക്ക് എത്തിക്കാന്‍ ശക്തി മുന്‍കൈയ്യെടുത്തത്. വിദ്യാഭ്യാസം ചെയ്യാന്‍ തുടങ്ങിയതു മുതല്‍ രൂപത്തിലും പെരുമാറ്റത്തിലും ശക്തിക്കു വന്ന മാറ്റങ്ങളും മറ്റുള്ളവര്‍ക്ക് പ്രചോദനമായി. 

25 നരിക്കുറവ കുട്ടികളെ പഠനത്തിന്റെ ലോകത്തെത്തിച്ച ശക്തി ഈ സംഖ്യ അമ്പതും അതിനു മുകളിലേക്കും ഉയര്‍ത്താനുള്ള ശ്രമത്തിലാണ്. വലുതാകുമ്പോള്‍ ഒരു സോഫ്ട്‌വെയര്‍ എന്‍ജിനീയറാകണം എന്നതാണ് ശക്തിയുടെ ആഗ്രഹം. രാജ്യാന്തര സമാധാന പുരസ്‌ക്കാരത്തിന് ഇത്തവണ നോമിനേറ്റ് ചെയ്യപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളും ശക്തിയാണ്. നെതര്‍ലാന്‍ഡ്‌സിലെ കിഡ്‌സ്‌റൈറ്റ്‌സ് ഫൗണ്ടേഷനാണു കുട്ടികള്‍ക്കുള്ള രാജ്യാന്തര സമാധാന പുരസ്‌ക്കാരം നല്‍കുന്നത്. പാകിസ്ഥാനിലെ മലാല യൂസഫ്‌സായ് അടക്കമുള്ളവര്‍ ഈ പുരസ്‌ക്കാരം മുന്‍പ് ലഭിച്ചവരുടെ പട്ടികയില്‍ പെടുന്നു. 

More Education News>>