അനുജത്തിമാർക്കു വേണ്ടി ചേട്ടൻ പഠനം നിർത്തി, തിരിച്ചു കിട്ടിയതോ?

പെണ്‍കുട്ടികള്‍ പിറക്കുന്നതു തന്നെ അശുഭകരമായി  കരുതിയ ഒരു സമൂഹത്തിലേക്കാണു തന്റെ നാലു പെണ്‍മക്കളെയും ഗുസ്തിക്കാരാക്കി കൊണ്ട് മഹാവീര്‍ ഫോഗട്ട് എത്തിയത്. ഫോഗട്ടിന്റെ കഥ അമീര്‍ ഖാന്‍ നായകനായ ദംഗല്‍ സിനിമയിലൂടെ വെള്ളിവെളിച്ചത്തിലെത്തിയപ്പോള്‍ ഇന്ത്യ മുഴുവന്‍ കയ്യടികളോടെ അതിനെ സ്വാഗതം ചെയ്തു. 

പെണ്‍ഭ്രൂണഹത്യയ്ക്കു ദുഷ്‌പേര് കേട്ട ഹരിയാനയിലാണു ഫോഗട്ട് സ്ത്രീശക്തിയുടെ കാഹളമൂതിയതെങ്കില്‍ പെണ്‍കുട്ടികളുടെ സാക്ഷരതയില്‍ ഇന്ത്യയിലേറ്റവും പിന്നിലുള്ള രാജസ്ഥാനും സമാനമായ ഒരു കഥ പറയുകയാണ്. ഇവിടെ പക്ഷേ, താരം വിധവയായ ഒരമ്മയാണെന്നു മാത്രം. 

രാവും പകലും കൃഷിയിടങ്ങളില്‍ അധ്വാനിച്ചാണ് മീരാദേവിയെന്ന 55 കാരി തന്റെ മൂന്നു പെണ്‍മക്കളെയും പഠിപ്പിച്ചത്. കമലാ ചൗധരിയും ഗീതാ ചൗധരിയും മമത ചൗധരിയും അമ്മയുടെ വിയര്‍പ്പിന്റെ വിലയറിഞ്ഞു പഠിച്ചു. കല്യാണ പ്രായം കഴിഞ്ഞിട്ടും പെണ്‍മക്കളെ ഇപ്രകാരം പഠിപ്പിച്ചു കൊണ്ടിരിക്കുന്നതിനു അയല്‍ക്കാര്‍ അടക്കമുള്ളവര്‍ കുറ്റം പറഞ്ഞു. പക്ഷേ, മീരാ ദേവി കുലുങ്ങിയില്ല. രാജസ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്(ആര്‍എഎസ്) പരീക്ഷയില്‍ മിന്നുന്ന വിജയം നേടിയാണ് ഈ മിടുക്കികള്‍ ഒടുക്കം അക്ഷരാഭ്യാസമില്ലാത്ത അമ്മയ്ക്ക് മധുര സമ്മാനം നല്‍കിയത്. 

ഭര്‍ത്താവ് ഗോപാലിന്റെ മരണ ശേഷമാണു ജയ്പൂര്‍ സ്വദേശിയായ മീരാ ദേവി കുടുംബഭാരം ഏല്‍ക്കുന്നത്. കൂട്ടായി ഒരേയൊരു മകന്‍ രാംസിങ്ങുമുണ്ടായിരുന്നു. അനുജത്തിമാരുടെ പഠനത്തിനായി രാം സിങ്ങും ഇടയ്ക്ക് വച്ച് പഠനം നിര്‍ത്തി പണിക്കിറങ്ങി. അമ്മയുടെയും സഹോദരന്റെയും കഷ്ടപ്പാടുകള്‍ക്കു പരീക്ഷാ വിജയത്തിലൂടെ പ്രതിഫലം നല്‍കിയ ഈ സഹോദരിമാര്‍ നാടിനാകെ അഭിമാനമായി. ഇവര്‍ക്കു വിവാഹിതരായ രണ്ട് മൂത്ത സഹോദരിമാര്‍ കൂടിയുണ്ട്. 

Job Tips >>