ചൊവ്വയില്‍ പണിയുമോ സുസ്ഥിര മരവീടുകള്‍?

ചൊവ്വയില്‍ മനുഷ്യവാസത്തിനുള്ള സാഹചര്യമൊരുക്കാന്‍ ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുകയാണു ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍. സമീപഭാവിയില്‍ത്തന്നെ ഇതു സാധിക്കുമെന്നാണു ശാസ്ത്രലോകത്തിന്റെ വിശ്വാസം. 

അങ്ങനെ താമസിക്കാന്‍ തുടങ്ങുമ്പോള്‍ ചുവന്ന ഗ്രഹത്തിലെ നഗരങ്ങള്‍ എങ്ങനെയായിരിക്കും? നമ്മുടെ നാട്ടിലെപ്പോലെ മെട്രോയും സ്‌കൈവാക്കും റിങ് റോഡുമൊക്കെ ഉണ്ടാകുമോ ? ഗതാഗതത്തിനും ജലസേചനത്തിനുമെല്ലാം അവിടെ എന്തു സൗകര്യമാകും ഉണ്ടാവുക? ഈ വക കാര്യങ്ങള്‍ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരോടും ആര്‍ക്കിടെക്ടുകളോടും വിദ്യാര്‍ഥികളോടും എന്‍ജിനീയര്‍മാരോടും ചോദിച്ചു കൊണ്ടേയിരിക്കുന്ന. ലൊസാഞ്ചലസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തിങ്ക് ടാങ്കാണ് മാര്‍സ് സിറ്റി ഡിസൈന്‍. ഇതിനായി വര്‍ഷം തോറും ഒരു ഡിസൈന്‍ മത്സരവും ഇവര്‍ നടത്തുന്നു. 

മാര്‍സ് സിറ്റി ഡിസൈന്‍ മത്സരത്തില്‍ ഈ വര്‍ഷം വിജയിച്ചതു മാസച്യുസിറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എംഐടി) ഒരു സംഘം ആര്‍ക്കിടെക്ടുകളും എന്‍ജിനീയര്‍മാരുമാണ്. പോസ്റ്റ് ഡോക്ടറല്‍ ഫെലോ വാലന്റീന സുമിനിയും അസിസ്റ്റന്റ് പ്രഫസര്‍ കെയ്റ്റ്‌ലിന്‍ മുള്ളറുമാണ് എംഐടി സംഘത്തിനു നേതൃത്വം നല്‍കിയത്. 

റെഡ്‌വുഡ് ഫോറസ്റ്റ് എന്നാണ് എംഐടി ടീം തങ്ങള്‍ ആസൂത്രണം ചെയ്ത ചൊവ്വാ നഗര മാതൃകയ്ക്കു നല്‍കിയ പേര്. ഡോമുകള്‍ എന്ന വലിയ താഴികക്കുടങ്ങള്‍ക്കുള്ളില്‍ സൃഷ്ടിച്ചെടുക്കുന്ന മര ആവാസവ്യവസ്ഥയാണു റെഡ്‌വുഡ് ഫോറസ്റ്റ്. 50 പേര്‍ക്ക് ഒരു ഡോമിനുള്ളില്‍ താമസിക്കാം. കാടിന്റെ ഒരു ചെറുപതിപ്പ് തന്നെയായിരിക്കും ഓരോ ഡോമിനുള്ളിലും ഉണ്ടാക്കുക. 

ഡോമുകള്‍ക്കു താഴെ പരസ്പര ബന്ധിതമായ ഭൂഗര്‍ഭ ടണലുകള്‍ അഥവാ റൂട്ടുകളുണ്ടാകും. ഇവയിലൂടെയാകും ഡോമുകള്‍ക്കിടയിലുള്ള ഗതാഗതം സാധ്യമാകുക. ഈ റൂട്ടുകള്‍ താമസക്കാര്‍ക്കു കോസ്മിക് റേഡിയേഷനുകളില്‍നിന്നും താപവ്യതിയാനങ്ങളില്‍ നിന്നുമെല്ലാം സംരക്ഷണം നല്‍കും. ഓരോ മര ആവാസവ്യവസ്ഥയും സൗരോര്‍ജം ഉപയോഗപ്പെടുത്തും. നാസ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളാണ് മാര്‍സ് സിറ്റി ഡിസൈന്റെ സ്‌പോണ്‍സര്‍മാർ. 

Education News>>