മരണത്തെ മുഖാമുഖം കണ്ടിട്ടും ഡിഗ്രികൾ വാരിക്കൂട്ടിയ മിടുക്കിക്കുഞ്ചു

ഇത് അഞ്ജു, കൂട്ടുകാരുടെ കുഞ്ചു. തുരുതുരാ വർത്തമാനം, തീപ്പൊരി പ്രസംഗം, കലോൽസവവേദികളിലെ താരം– ഇപ്പോൾ അധ്യാപിക. എംഎ, ബിഎഡ്, എംഎഡ്, എഫിൽ...വിദ്യാഭ്യാസ യോഗ്യത കുന്നോളം. പിഎച്ച്ഡിക്കു യുജിസിയുടെ നാഷനൽ ഫെലോഷിപ്. കേരളത്തിൽ ഇതു ലഭിച്ച ആറുപേരിൽ ഒരാൾ. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സ്കീലോഡെർമ എന്ന അസുഖം ബാധിച്ച, പത്താം ക്ലാസിലായിരിക്കെ മരണത്തെ മുഖാമുഖം കണ്ട, ഡിഗ്രി വേളയിൽ കേൾവി ശക്തിയും നഷ്ടമായ.... എന്നിട്ടും ജീവിതത്തെ ഒരുപാടൊരുപാട് ഇഷ്ടപ്പെടുന്ന അഞ്ജു.

എങ്ങനെയാണു മിടുമിടുക്കിയായത്?
കഴിവും പോരായ്മകളും കൃത്യമായി അറിയാമെന്നതാണ് എന്റെ ശക്തി. ഞാൻ വിചാരിച്ചാൽ പലർക്കും സന്തോഷം നൽകാനാകുമെന്ന് എനിക്കറിയാം. എന്റെ കഴിവുകൾ വളർത്താൻ ശ്രമിക്കുന്നു. എന്റെ ജീവിതം എന്റെ കയ്യിൽത്തന്നെയാണെന്ന തിരിച്ചറിവുണ്ട്. ഒന്നിൽനിന്നും മാറിനിൽക്കാതിരിക്കുക. നമ്മെക്കൊണ്ടു പറ്റുന്നതെല്ലാം ചെയ്യുക. ലോകം നമുക്ക് എന്തു നൽകിയെന്നല്ല നമ്മൾ ലോകത്തിന് എന്തു നൽകി എന്നതാണു കാര്യം. പിന്നെ അപകർഷതാബോധം എന്നത് എനിക്ക് ഇല്ലേയില്ല.

നേട്ടങ്ങൾക്കു പിന്നിലെ ‘രഹസ്യം’ ?
‌എനിക്ക് എന്നിലുള്ള വിശ്വാസം തന്നെ. പലതും ചെയ്യാൻ കഴിയുമെന്ന തോന്നൽ. അതു തന്നെയാണ് രഹസ്യം. കോളജ് കാലത്തു ശാരീരികമായി ചിലപ്രയാസങ്ങളുണ്ടായിരുന്നു. അതിനെയെല്ലാം മറികടന്നു. കോളജിന്റെ ഭാഗമാകണമെന്ന ആഗ്രഹം കൊണ്ടാണു ചെയർപഴ്സനായി  മൽസരിച്ചതും ജയിച്ചതും. 2010 ൽ  മികച്ച വിദ്യാർഥിക്കുള്ള അവാർഡ് കിട്ടി. എറണാകുളം ജില്ലയിലെ കോളജുകളിലെ മികച്ച വിദ്യാർഥിക്കുള്ള പുരസ്കാരവും ലഭിച്ചു.

മരണത്തെ മുഖാമുഖം കണ്ട അവസ്ഥ? 
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണത്. ആദ്യം ചുമ വന്നു. പിന്നെ പനിയായി. ആ വർഷം കുറച്ചു ദിവസങ്ങളേ ക്ലാസിൽ പോയുള്ളൂ. . ജീവിതത്തിലേക്കു തിരിച്ചു വന്നത് എനിക്കു പലതും ചെയ്യാൻ ബാക്കിയുള്ളതുകൊണ്ടാണ് എന്നു വിശ്വസിക്കുന്നു.

ജീവിതത്തെ അത്രയ്ക്ക് ഇഷ്ടമാണോ? 
അതെ, ജീവിതം അത്രയ്ക്ക് ഇഷ്ടമാണ്. പരാതികളില്ല. നമ്മളെക്കാൾ  ഉന്നതരുടെ ജീവിതത്തിലേക്കു നോക്കിയാലേ പരാതികളുണ്ടാകൂ. നമ്മെക്കാൾ താഴെക്കിടക്കുന്നവരെ തിരിച്ചറിഞ്ഞാൽ പിന്നെ പരാതികളുണ്ടാകേണ്ട കാര്യമില്ലല്ലോ.

സ്കിലോഡെർമ എന്ന ത്വക്ക് രോഗമാണ് അഞ്ജുവിന്. ഭക്ഷണത്തിലെ പോഷകമൂല്യങ്ങൾ ശരീരത്തിൽ പിടിക്കില്ല. ശരീരം ശോഷിക്കും. കേൾവി നഷ്ടമായതിനാൽ കേൾവിസഹായി ഉപയോഗിക്കുന്നു. പഠിച്ചിരുന്ന ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപികയാണിപ്പോൾ. വയസ്സ് 27. ഗോതുരുത്ത് മനക്കിൽ ഇമ്മാനുവൽ ഉണ്ണിയുടെയും എം. ജെ. ഡെയ്സിയുടെയും രണ്ടാമത്തെ മകൾ. 

Education News>>