നക്ഷത്രങ്ങളെ പ്രണയിച്ചു പതിനാലുകാൻ നാസയിലേക്ക്

തന്റെ പ്രായത്തിലുള്ള കുട്ടികള്‍ ഹാരി പോട്ടറിനെയും ചേതന്‍ ഭഗത്തിനെയുമൊക്കെ വായിച്ചപ്പോള്‍ അഞ്ജിഷ്ണു സത്പതി വായിച്ചത് സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈമാണ്. നക്ഷത്രങ്ങളോടുള്ള പ്രണയം ഈ പതിനാലുകാരനെ ഒടുവില്‍ എത്തിക്കാന്‍ പോകുന്നത് അമേരിക്കന്‍ ബഹിരാകാശ പഠന കേന്ദ്രമായ നാസയിലാണ്. ചൊവ്വയെ കുറിച്ചു പഠിക്കാന്‍ മേയില്‍ നാസയിലേക്കു പറക്കാനൊരുങ്ങുകയാണ് അഞ്ജിഷ്ണു. ഇതിനായി ഇന്ത്യയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 21പേരില്‍ ഒരാള്‍. 

ഇ-ലേണിങ്ങ് വെബ്‌സൈറ്റായ എഡ്യുചാര്യ.കോം സംഘടിപ്പിച്ച കല്‍പന ചൗള നാഷണല്‍ സ്‌കോളര്‍ പരീക്ഷയാണ് അഞ്ജിഷ്ണുവിന് നാസയിലേക്കുള്ള പാസ്‌പോര്‍ട്ടായത്. രാജ്യമെമ്പാടുമുള്ള 1.2ലക്ഷം പേരാണ് ഡിസംബറില്‍ ഓണ്‍ലൈനായി നടത്തിയ പരീക്ഷയ്ക്ക് അപേക്ഷിച്ചത്. ഇതില്‍ നിന്ന് 2134 പേരെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെടുത്തി അവര്‍ക്കായി സ്‌കൈപ്പ് വഴി അഭിമുഖപരീക്ഷ നടത്തി. ഇവരില്‍ നിന്നാണ് അഞ്ജിഷ്ണു ഉള്‍പ്പെടെ 21 പേരെ തിരഞ്ഞെടുത്തത്. 

ജംഷഡ്പൂരിലെ ഹില്‍ടോപ്പ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അഞ്ജിഷ്ണു. തുഷാര്‍ കാന്തി സത്പതിയും സുമോണ പാനിയുമാണ് മാതാപിതാക്കള്‍. വലുതാകുമ്പോള്‍ ആസ്‌ട്രോഫിസിസ്റ്റ് ആയിത്തീരാനാണ്  ഈ കൊച്ചുമിടുക്കന്റെ ആഗ്രഹം. പത്തു ദിവസം നീളുന്നതാണ് 21 അംഗ സംഘത്തിന്റെ നാസ സന്ദര്‍ശനം. 


Education News>>