ഐക്യുവിൽ ഹോക്കിങ്ങിനെ മറികടന്ന കൊച്ചിക്കാരി

ഐക്യുവിന്റെ കാര്യത്തിൽ സ്റ്റീഫൻ ഹോക്കിങ്ങിനെ മറികടന്ന മലയാളിപ്പെൺകുട്ടിയുണ്ട്.     ലോകത്തിലെ ഏറ്റവും പ്രയാസമെന്നു കരുതുന്ന, അതിബുദ്ധിമാൻമാരെ കണ്ടെത്താൻ നടത്തുന്ന മെൻസ ഐക്യു പരീക്ഷയിൽ ഹോക്കിങ്ങിനേക്കാൾ സ്കോർ നേടിയതു പാലാരിവട്ടം സ്വദേശി ലിഡിയ സെബാസ്റ്റ്യനാണ്.

 ഇംഗ്ലണ്ടിലെ ഈസ്റ്റ് ലാങ്ഹാമിൽ സ്ഥിരതാമസമാക്കിയ പാലാരിവട്ടം സ്വദേശി തെക്കുംപുറത്ത് ഡോ. അരുൺ സെബാസ്റ്റ്യന്റെയും എറീക്ക കൊട്ടിയത്തിന്റെയും മകളാണ് 15 കാരിയായ ലിഡിയ. 2015 ൽ 12–ാം വയസ്സിലാണ് 162 പോയിന്റോടെ ഹോക്കിങ്ങിന്റെയും ആൽബർട് ഐൻസ്റ്റീന്റെയും റെക്കോർഡ് ലിഡിയ മറികടന്നത്. ഐൻസ്റ്റീന്റെയും ഹോക്കിങ്ങിന്റെയും ഐക്യു 160 ആയാണു ശാസ്ത്രലോകം കണക്കാക്കിയത്.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഇന്റലിജൻസ് സൊസൈറ്റിയാണു മെൻസ. ഇവർ പ്രതിവർഷം നടത്തുന്ന പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് ലഭിക്കുന്നവർക്കാണു സൊസൈറ്റിയിൽ അംഗത്വം ലഭിക്കുക. ഏറ്റവും ഉയർന്ന മാർക്കുള്ള രണ്ടുശതമാനം ആളുകൾ മാത്രമേ സൊസൈറ്റിയിൽ ഇടം നേടാറുള്ളു. ആറാം മാസത്തിൽ സംസാരിച്ചു തുടങ്ങിയ ലിഡിയ നാലാം വയസ്സിൽ വയലിൻ വായിക്കാൻ തുടങ്ങി. പുസ്തകങ്ങളാണു പ്രിയകൂട്ടുകാർ. കോൾ ചെസ്റ്ററിൽ കൺസൽറ്റന്റ് റേഡിയോളജിസ്റ്റാണ് ഡോ. അരുൺ. ലണ്ടനിലെ ബാർക്ലെയ്സ് ബാങ്കിൽ ഉന്നത ഉദ്യോഗസ്ഥയാണ് എറീക്ക. 

Education News>>