ഇരുകൈ കൊണ്ടും ഒരേസമയമെഴുതി അതിശയിപ്പിക്കുന്ന ഒരു സ്‌കൂള്‍

Representative Image

വലതുകൈ കൊണ്ടും ഇടതുകൈ കൊണ്ടും എഴുതുന്നവരെ നാം കണ്ടിട്ടുണ്ട്. ഇരു കൈകള്‍ കൊണ്ടും വൃത്തിയായി എഴുതാന്‍ സാധിക്കുന്നവര്‍ ഉണ്ടെങ്കിലും അപൂര്‍വമാണ്. എന്നാല്‍ രണ്ടു കൈ കൊണ്ടും ഒരേസമയം വൃത്തിയായി എഴുതാന്‍ സാധിക്കുന്നവര്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ചില്ലറക്കാരല്ലാത്ത ഇവരെ കണ്ടുകിട്ടാന്‍ തന്നെ വിഷമം. 

എന്നാല്‍ മധ്യപ്രദേശിലെ സിഗ്രോളിയിലുള്ള വീണ വാദിനി പബ്ലിക് സ്‌കൂളിലേക്ക് ഒന്നു ചെന്നു നോക്കൂ. ഒന്നും രണ്ടുമല്ല, പല ക്ലാസുകളിലായി 150 ഓളം വിദ്യാർഥികളാണ് ഇവിടെ ഇരുകൈ കൊണ്ടും ഒരേ സമയം അനായാസം എഴുതുന്നത്. അതും ഒരു ഭാഷയിലല്ല, ഹിന്ദി, ഇംഗ്ലിഷ്, ഉര്‍ദു, സംസ്‌കൃതം, അറബി, റോമന്‍ എന്നീ ആറു ഭാഷകളില്‍. 

സ്‌കൂള്‍ പ്രിന്‍സിപ്പലും ഇവിടുത്തെ അധ്യാപകനുമായ ബി. പി. ശര്‍മ എന്ന മുന്‍സൈനികനാണ് സ്‌കൂളിന്റെ ഈ അപൂര്‍വ നേട്ടത്തിനു പിന്നില്‍. ഇരു കൈ കൊണ്ടും എഴുതാന്‍ സാധിച്ചിരുന്ന ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ബി. പി. ശര്‍മ എഴുത്തില്‍ രണ്ടു കൈകളുടെയും സാധ്യതകള്‍ വിനിയോഗിച്ചു തുടങ്ങിയത്. പിന്നീട് അദ്ദേഹം ഈ വിദ്യ തന്റെ സ്‌കൂളിലെ വിദ്യാർഥികളെയും പഠിപ്പിച്ചു.

വീണ വാദിനി സ്‌കൂളിലേക്ക് പുതുതായി ഒരു കുട്ടി വന്നാല്‍ ആദ്യം ഏതെങ്കിലും ഒരു കൈ കൊണ്ടു എഴുതിപ്പഠിപ്പിക്കും. ഒരു മാസത്തിനു ശേഷം അടുത്ത കൈയിലേക്കു പേന മാറ്റും. അതിനു ശേഷം രണ്ടു കൈകളും ഉപയോഗിച്ചുള്ള എഴുത്തു പരിശീലനം ആരംഭിക്കും. 45 മിനിറ്റ് നീളുന്ന ഒരു ക്ലാസില്‍ എല്ലാ വിദ്യാർഥികളും 15 മിനിറ്റ് രണ്ടു കൈ കൊണ്ടും ഒരേ സമയം എഴുതും. 

ഒന്നാം ക്ലാസില്‍ പരിശീലനം ആരംഭിക്കുന്നതിനാല്‍ ഹൈസ്‌കൂള്‍ ക്ലാസുകളില്‍ എത്തുമ്പോഴേക്കും വിദ്യാർഥികള്‍ അനായാസമായി ഈ വിദ്യ വശത്താക്കും. 1999ല്‍ ആരംഭിച്ച ഈ സ്‌കൂളിനെപ്പറ്റി കേട്ടറിഞ്ഞു ദക്ഷിണ കൊറിയയില്‍നിന്നു വരെ ഗവേഷകര്‍ ഇതിനെക്കുറിച്ചു പഠിക്കാനെത്തിയിട്ടുണ്ട്. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ ഒന്നര മണിക്കൂര്‍ കൊണ്ട് എഴുതി പൂര്‍ത്തിയാക്കാന്‍ ഈ സിദ്ധിയിലൂടെ വിദ്യാർഥികള്‍ക്കു സാധിക്കുമെന്നും ശര്‍മ അവകാശപ്പെടുന്നു. 

ഓരോ കൈയുടെയും പ്രവര്‍ത്തനം തലച്ചോറിന്റെ ഓരോ പാതിയാണ് നിയന്ത്രിക്കുന്നത്. വലതു കൈ ഉപയോഗിക്കുന്നവരുടെ തലച്ചോറിന്റെ ഇടതു ഭാഗമാണ് ശക്തം. ഇരു കൈകളും കൊണ്ടൊരു കുട്ടി എഴുതുമ്പോള്‍ ഒരേ സമയം തലച്ചോറിന്റെ രണ്ടു പാതികളെയും ഉദ്ദീപിപ്പിക്കാന്‍ സാധിക്കും. 

ലിയോനാര്‍ഡോ ഡാവിഞ്ചി, ബെന്‍ ഫ്രാങ്ക്‌ളിന്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പോലുള്ള മഹാപ്രതിഭകളും വീണവാദിനിയിലെ വിദ്യാർഥികളെ പോലെ രണ്ടു കൈകളും ഒരേ സമയം ഉപയോഗിക്കാന്‍ സാധിക്കുന്നവരായിരുന്നു. ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് ഇത്തരത്തിലുള്ളവരെന്ന് കണക്കാക്കപ്പെടുന്നു. 


Education News>>