രണ്ടാം ശ്രമത്തിൽ രണ്ടാം റാങ്ക് തിളക്കവുമായി സംറീൻ

ആദ്യശ്രമത്തിൽ പിന്നോട്ടുപോയതിൽ നിരാശപ്പെടാതെ കുതിച്ച സംറീൻ ഫാത്തിമ കേരള എംബിബിഎസ് പ്രവേശന പരീക്ഷയിൽ രണ്ടാംറാങ്ക് നേടുമെന്നു പ്രതീക്ഷിച്ചില്ല.  എന്നാൽ മികച്ച റാങ്ക് നേടുമെന്ന് ഉറപ്പുണ്ടായിരുന്നു.

കഴിഞ്ഞവർഷം നീറ്റ് പരീക്ഷയിൽ 19,340 ആയിരുന്നു റാങ്ക്. കേരളത്തിൽ 3250 ാം റാങ്ക്. രണ്ടാം ശ്രമത്തിൽ എത്രത്തോളം മുന്നോട്ടു പോകാനാകുമെന്നു സംശയിക്കുന്നവർക്കു രണ്ടാം റാങ്ക് നേടി കരുത്തുപകരുകയാണ് സംറീൻ.

 സിബിഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ പത്താം റാങ്ക് നേടിയശേഷമാണ് എംബിബിഎസ് പഠനമെന്ന ആഗ്രഹത്തിനുവേണ്ടി പരിശ്രമിച്ചത്. കേരളത്തിൽ ഏതു മെഡിക്കൽ കോളജിലും സംറീനു പ്രവേശനം ലഭിക്കുമെന്നുറപ്പ്. എന്നാൽ പുതുച്ചേരി ജിപ്മെറിൽ മെഡിസിനു ചേരാൻ തീരുമാനിച്ചിരിക്കുകയാണ് സംറീൻ. 

അവിടെ ജനറൽ വിഭാഗത്തിൽ 198 ഉം കാറ്റഗറിയിൽ 28ഉം ആണ് റാങ്ക്. ന്യൂറോളജിസ്റ്റാകുകയാണു ലക്ഷ്യം.കരമന മുസ്‌ലിം പള്ളിക്കു സമീപം ആണ്ടവർ മൻസിലിൽ മുഹമ്മദ് ഷമീന്റെയും റീജ ബീഗത്തിന്റെയും മൂത്തമകളാണു സംറീൻ. ഷമീൻ മസ്കത്തിൽ സിവിൽ എൻജിനീയറായിരുന്നു. ഇപ്പോൾ ചുങ്കത്ത് ജ്വല്ലറിയിൽ. സംറീന്റെ സഹോദരിമാരായ സമ റുക്സാർ തിരുവല്ലം ക്രൈസ്റ്റ് നഗറിൽ പ്ലസ് ടുവിനും സാമിയ ഇഷ്റീൻ നന്ദൻകോട് ഹോളി ഏഞ്ചൽസിലും പഠിക്കുന്നു.

Education News>>