ചന്ദന പൊട്ടിക്കരഞ്ഞു, വീട്ടുകാർ പൊട്ടിച്ചിരിച്ചു

മംഗലപുരം ഇന്ദീവരത്തിൽ 20ാം തിയതി വൈകിട്ടോടെ ഒരു ഫോൺകോൾ എത്തി. ചന്ദനയുടെ പൊട്ടിക്കരച്ചിലും ഉയർന്നു. വീട്ടുകാർ ആകെ അമ്പരന്നു. വിതുമ്പലിനും ചിരിക്കുമിടയിൽ ചന്ദന അറിയിച്ചു. മെഡിക്കൽ പ്രവേശന പരീക്ഷാഫലം വന്നെന്നും എസ്‌സി വിഭാഗത്തിൽ തനിക്കു രണ്ടാം റാങ്കുണ്ടെന്നും. ഇതു കേട്ടതോടെ കുടുംബത്തിൽ പൊട്ടിച്ചിരിയായി. 

എസ്ബിഐയിൽ ഓഡിറ്റിങ് വിഭാഗത്തിൽ മാനേജർ റജികുമാർ, സുജ ദമ്പതികളുടെ മൂത്തമകളാണു ചന്ദന.  രണ്ടാംശ്രമത്തിലാണ് തിളക്കമാർന്ന വിജയം നേടിയത്. ദൃഢനിശ്ചയവും കഠിനാധ്വാനവും വീട്ടുകാരുടെ പ്രോത്സാഹനവുമാണു വിജയത്തിന്റെ പിന്നിലെന്നു ചന്ദന പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽകോളജിൽ പഠിക്കാനാണ്  ആഗ്രഹം.

മനോരമ ന്യൂസിൽനിന്നാണ്  മുത്തച്ഛൻ സുധാകരൻ കൊച്ചുമകളുടെ വിജയം അറിഞ്ഞത്. ഉടൻ ഫോണിലൂടെ അറിയിക്കുകയായിരുന്നു.  പിതാവ്  റജികുമാർ വയനാട് സുൽത്താൻ ബത്തേരിയിൽ ബാങ്ക് ഓഡിറ്റിങ്ങിലാണ്.  കേന്ദ്രീയവിദ്യാലയത്തിൽ ഏഴാംക്ലാസിൽ പഠിക്കുന്ന  നന്ദനയാണ് അനുജത്തി.

Education News>>