എച്ച്എസ്എ : ഒന്നാം റാങ്ക് നേടി ഗീതു

ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയിൽ ജോലി ലഭിച്ചെങ്കിലും അധ്യാപകവൃത്തിയോടുള്ള താൽപര്യം ഉപേക്ഷിക്കാൻ ഗീതു കൃഷ്ണനു കഴിയുമായിരുന്നില്ല. പത്തനംതിട്ട ജില്ലയിലെ  എച്ച്എസ്എ സോഷ്യൽ സ്റ്റഡീസ് റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് നേടി ഗീതു അതു തെളിയിക്കുകയും ചെയ്തു. പിഎസ്‌സി റാങ്ക് ലിസ്റ്റുകളിലെ സ്ഥിര സാന്നിധ്യമാണ് വി. ഗീതു കൃഷ്ണൻ. സർവകലാശാല അസിസ്റ്റന്റ്, യുപിഎസ്എ, അസിസ്റ്റന്റ് സെയിൽസ്മാൻ, വനിതാ പൊലീസ് കോൺസ്റ്റബിൾ, ബീറ്റ് ഫോറസ്റ്റ് ഒാഫിസർ, ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തുടങ്ങിയ പ്രധാന തസ്തികകളുടെയെല്ലാം ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

എച്ച്എസ്എസ്ടി ഇക്കണോമിക്സ് ലിസ്റ്റിലും ഉൾപ്പെടുമെന്നാണു പ്രതീക്ഷ. കരുനാഗപ്പള്ളി ടോപ്പേഴ്സ് കോച്ചിങ് സെന്ററിലെ പരീക്ഷാ പരിശീലനമാണ് പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ മികച്ച വിജയം നേടുന്നതിനു സഹായിച്ചതെന്നു ഗീതു പറയുന്നു. തൊഴിൽവീഥിയിലെ പരീക്ഷാ പരിശീലനവും മികച്ച നിലവാരം പുലർത്തിയതായി ഗീതു വ്യക്തമാക്കുന്നു.    കരുനാഗപ്പള്ളി കാട്ടിൽകടവ് ആദിനാട് തെക്ക് അരയശ്ശേരിൽ വീട്ടിൽ സുലീഷിന്റെ ഭാര്യയായ ഗീതു എംഎ ഇക്കണോമിക്സ്, ബി.എഡ്, സെറ്റ് യോഗ്യതകൾ നേടിയിട്ടുണ്ട്. കൊല്ലം  ജില്ലാ കോടതിയുടെ ഭാഗമായ മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണലിൽ ലാസ്റ്റ് ഗ്രേഡായി ജോലി ചെയ്യുകയാണിപ്പോൾ. ഫെബ്രുവരിയിലാണ് ഈ നിയമനം ലഭിച്ചത്.  എച്ച്എസ്എ സോഷ്യൽ സ്റ്റഡീസ്  നിയമന ഉത്തരവ് ലഭിക്കുമ്പോൾ ഈ ജോലി ഉപേക്ഷിക്കും.