ഐടി കമ്പനിയിൽ നിന്ന് സർക്കാർ ജോലിക്ക്

ഐടി കമ്പനിയിലെ ജോലി ഉപേക്ഷിച്ച് പിഎസ്‌സി പരീക്ഷാ പരിശീലനത്തിനിറങ്ങിയ നിതയ്ക്കു തെറ്റിയില്ല. സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സിൽ സർവേയർ ഗ്രേഡ് രണ്ട് റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്കോടെ സർക്കാർ സർവീസിൽ പ്രവേശനം ഉറപ്പിച്ചിരിക്കുകയാണ് ഈ മിടുക്കി.  എട്ടു മാസത്തെ കഠിന പരിശ്രമമാണ് നിതയെ സംസ്ഥാന തലത്തിൽ പിഎസ്‌സി നടത്തിയ പരീക്ഷയിൽ ഒന്നാമതെത്തിച്ചത്. 

കൊല്ലം മണക്കാട് വടക്കേവിള ശാന്തിനഗർ– 126 ശ്രീജയന്തിയിൽ മഹേഷിന്റെ ഭാര്യയായ നിത കുടുംബ ജീവിതത്തിന്റെ തിരക്കുകൾക്കിടെയാണ് പരീക്ഷാ പരിശീലനത്തിനു സമയം കണ്ടെത്തിയത്. ബിഎസ്‌സി മാത്‌സ് വിജയിച്ച ശേഷം രണ്ടു വർഷത്തെ സർവേയർ കോഴ്സും പൂർത്തിയാക്കി.   കൊല്ലം എയ്സിലായിരുന്നു പരീക്ഷാ പരിശീലനം.  തൊഴിൽവീഥിയും കോംപറ്റീഷൻ വിന്നറും സ്ഥിരമായി വായിക്കാറുണ്ട്. പരീക്ഷയിൽ 20 മാർക്കിന്റെ പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് ഉത്തരം എഴുതാൻ തൊഴിൽവീഥിയുടെ പരീക്ഷാപരിശീലനം സഹായിച്ചു. കോച്ചിങ് സെന്ററിലെ പരിശീലനത്തിനൊപ്പം കബൈൻഡ് സ്റ്റഡിയും നടത്തിയിരുന്നു. സർവകലാശാല അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലും വനിതാ എസ്ഐ ഷോർട്ട് ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്.  മക്കൾ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഐശ്വര്യയും യുകെജിയിൽ പഠിക്കുന്ന നിവേദ്യയും. സദാനന്ദനാണ് നിതയുടെ അച്ഛൻ.  അമ്മ അജിത.