റാങ്ക് ലിസ്റ്റുകൾ ഒന്നൊന്നായി കീഴടക്കി സഹോദരിമാർ

പിഎസ്‌സി പരീക്ഷകൾ ബിന്ദുവിനും ബിന്ദുഷയ്ക്കും വീട്ടുകാര്യം പോലെയാണ്. ഒന്നിച്ചിരുന്നു പഠിച്ച് ഒന്നിച്ചു പരീക്ഷ എഴുതി പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ ഒന്നൊന്നായി കീഴടക്കുകയാണ് ഈ സഹോദരികൾ. ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് തസ്തികയ്ക്കു കൊല്ലം ജില്ലയിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലാണ് അവസാനമായി ഇവർ ഒന്നിച്ചത്. ലിസ്റ്റിൽ ‌ചേച്ചി ബിന്ദുവിന് രണ്ടാം റാങ്കും അനിയത്തി ബിന്ദുഷയ്ക്ക് പതിനൊന്നാം റാങ്കുമുണ്ട്.  ചവറ പൊന്മന ചിറ്റൂർ ആദിത്യവിലാസത്തിൽ ബാബുവിന്റെയും ഉഷയുടെയും മക്കളായ ബി.യു.ബിന്ദുവും, ബി.യു.ബിന്ദുഷയും പിഎസ്‌സി റാങ്ക് ലിസ്റ്റുകളിലെ നിരന്തര സാന്നിധ്യമാണ്. 

നഴ്സിങ്ങാണ് പഠനമേഖലയെങ്കിലും ലാസ്റ്റ് ഗ്രേഡ് മുതലുള്ള എല്ലാ പിഎസ്‌സി പരീക്ഷകളും  എഴുതാറുണ്ട്. കൊല്ലം ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്, എൽഡി ക്ലാർക്ക്, സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് തുടങ്ങി പത്തോളം പിഎസ്‌സി ലിസ്റ്റുകളിൽ ഇതിനകം ഇടംനേടി.  ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് ലിസ്റ്റിൽ നിന്നു നിയമനം നേടി കൊല്ലം മുനിസിഫ് കോടതിയിൽ ജോലി ചെയ്യുകയാണ് ചേച്ചി ബിന്ദു. അനിയത്തി ബിന്ദുഷ, ഇന്ത്യൻ നേവിയിൽ മൾട്ടി ടാസ്കിങ് സ്റ്റാഫായി എറണാകുളത്തു ജോലിചെയ്യുന്നു. ജോലിക്കിടയിലും പിഎസ്‌സി പരീക്ഷാ പരിശീലനം ഇവർ കൈവിട്ടിട്ടില്ല. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷാപരിശീലനമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 

കഴിഞ്ഞ മൂന്നുകൊല്ലമായി പിഎസ്‌സി പരീക്ഷാപരിശീലന രംഗത്തു സജീവമാണ് ഇവർ. കരുനാഗപ്പള്ളി ടോപ്പേഴ്സിൽ പരീക്ഷാപരിശീലനം നടത്തിയിരുന്നു. തൊഴിൽവീഥിയും കോംപറ്റീഷൻ വിന്നറും പഠനത്തിന് ഉപയോഗിക്കുന്നുണ്ട്. സ്റ്റാഫ് നഴ്സ് ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകൾക്കും തൊഴിൽവീഥിയിലെ പരിശീലനം മികവുറ്റതായിരുന്നു എന്ന് ഇരുവരും പറയുന്നു. പിഎസ്‌സിയുടെ മുൻ ചോദ്യപേപ്പറുകൾ വിശകലനം ചെയ്തു പഠിക്കും. ബിന്ദുവിന്റെ വിവാഹം കഴിയുന്നതുവരെ രണ്ടുപേരും ഒന്നിച്ചിരുന്നുതന്നെയായിരുന്നു പഠനം. പിന്നീടു സമയം കിട്ടുമ്പോഴെക്കെ ഒന്നിച്ചുകൂടും.  സിവിൽ പൊലീസ് ഒാഫിസറായ ശ്രീകാന്താണ് ബിന്ദുവിന്റെ ഭർത്താവ്. ഏകമകൻ ആയുഷ് യുകെജി വിദ്യാർഥി. സ്റ്റാഫ് നഴ്സ് റാങ്ക് ലിസ്റ്റിൽ നിന്നു നിയമന ഉത്തരവ് ലഭിക്കുന്ന മുറയ്ക്കു ജോലിയിൽ പ്രവേശിക്കാനാണ് രണ്ടുപേരുടെയും തീരുമാനം.