സ്‌കൂള്‍ കുട്ടികളുടെ തലയിലെ പേന്‍ തുരത്താന്‍ മുനിസിപ്പാലിറ്റി

ദക്ഷിണ ഡല്‍ഹി മുനിസിപ്പല്‍ കോർപറേഷന്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി പുതിയൊരു ദൗത്യത്തിന് ഇറങ്ങി തിരിച്ചിരിക്കുകയാണ്. ദൗത്യം എന്നു കേള്‍ക്കുമ്പോള്‍ ലഹരി വിരുദ്ധ ബോധവത്ക്കരണമോ ശുചിത്വ പരിപാടിയോ മറ്റോ ആണെന്നു കരുതിയാല്‍ തെറ്റി. കുട്ടികളുടെ തലയിലെ പേന്‍ ശല്യത്തിനെതിരെയാണു മുനിസിപ്പല്‍ കോര്‍പറേഷന്‍ പോരാട്ടം ആരംഭിച്ചിരിക്കുന്നത്. 

അടുത്തിടെ നടന്ന അധ്യാപകരുടെയും രക്ഷിതാക്കളുടെയും യോഗത്തിലാണു വിദ്യാർഥികളുടെ തലയില്‍ നുരയ്ക്കുന്ന പേനുകള്‍ ചര്‍ച്ചയായത്. ഇതൊരു പൊതു ആരോഗ്യ പ്രശ്‌നമാണെന്നു കണ്ടതോടെ കോര്‍പറേഷന്‍ നടപടികള്‍ ആരംഭിക്കുകയായിരുന്നു. 

ദൗത്യത്തിന്റെ ഭാഗമായി എല്ലാ വിദ്യാർഥികള്‍ക്കും അടുത്ത രണ്ടു മാസത്തിനകം പേന്‍ചീര്‍പ്പും ഷാംപൂവും കോർപറേഷന്‍ നല്‍കും. വീട്ടിലെ എല്ലാവരുടെയും തലയില്‍നിന്നു പേന്‍ അകറ്റിയാല്‍ മാത്രമേ പ്രശ്‌നത്തിനു പൂർണ പരിഹാരമാകൂ എന്നതിനാല്‍ മാതാപിതാക്കള്‍ക്കായും സ്‌കൂളുകള്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ദക്ഷിണ ഡല്‍ഹി മുനിസിപ്പല്‍ കോർപറേഷന്റെ കീഴിലുള്ള 581 സ്‌കൂളുകളിലായി രണ്ടര ലക്ഷത്തോളം വിദ്യാർഥികളാണു പഠിക്കുന്നത്. 

പേന്‍ ശല്യം പ്രതിരോധിക്കാനുള്ള പ്രകൃതിദത്ത മാർഗങ്ങള്‍ നല്‍കാനാണ് മുനിസിപ്പല്‍ കോര്‍പറേഷന്‍ ആലോചിക്കുന്നത്. പദ്ധതിയില്‍ അണി ചേരാനായി ചില എന്‍ജിഒകളെയും കോര്‍പറേറ്റ് സ്ഥാപനങ്ങളെയും കോര്‍പറേഷന്‍ ക്ഷണിച്ചിട്ടുണ്ട്.

Education News>>