കണക്കിനു മാർക്കു വാങ്ങാനൊരു പൊടിക്കൈ

ക്ലാസിൽ ചോദ്യം ചോദിക്കുമ്പോൾ അടി കൊള്ളാതെ രക്ഷപ്പെടാൻ ചില വിരുതന്മാർ പ്രയോഗിച്ച് വിജയിച്ച ഒരു ടെക്‌നിക്ക് ഉണ്ട്. ഉത്തരം അറിയില്ലെങ്കിലും അറിയാം എന്ന ഭാവത്തിൽ കൂളായി നടു നിവർത്തി ചുമലുകൾ പിന്നോട്ടാക്കി തലയുയർത്തി ടീച്ചറെയും നോക്കി ഇരിക്കും. എപ്പോഴും വിജയിക്കണമെന്നില്ലെങ്കിലും ഈ നമ്പർ കാണിച്ച് രക്ഷപ്പെട്ടിട്ടുള്ളവർ നിരവധിയാണ്. കൂനിക്കൂടി പ്രതിരോധത്തിലെന്ന പോലെ ഇരിക്കാതെ ഈ വിധം ആത്മവിശ്വാസത്തോടെ ഇരുന്നാൽ മറ്റൊരു പ്രയോജനം കൂടി ഉണ്ടെന്നാണ് സാൻ ഫ്രാൻസിസ്കോ സ്‌റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ക്ലാസിൽ ഈ ഇരിപ്പ് തുടർന്നാൽ കണക്ക് പരീക്ഷയ്ക്ക് മാർക്ക് മെച്ചപ്പെടുത്താം എന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ. 

125 കോളജ് വിദ്യാർഥികളിലാണ് ഗവേഷകർ ഈ പരീക്ഷണം നടത്തിയത്. ശാന്തരായി നടു നിവർത്തി നേരെ ഇരുന്നപ്പോൾ കണക്ക് ചെയ്യൽ കൂടുതൽ എളുപ്പമായി തീർന്നതായി 56 ശതമാനം വിദ്യാർഥികളും അഭിപ്രായപ്പെട്ടു. 

നേരെ മറിച്ച് നടു വളച്ച് കൂനിക്കൂടി ഇരിക്കുന്നവരിൽ ബുദ്ധി ശരിയായി പ്രവർത്തിക്കില്ലെന്നു ഗവേഷകർ പറയുന്നു. ഈ ഇരിപ്പ് ശരീരത്തിലും ബുദ്ധിയിലും നെഗറ്റീവായ  ഓർമ്മകൾ ഉണർത്തും. കണക്കിനോടു പേടിയുള്ള വിദ്യാർഥികളിലാണ് ഇരിപ്പിലെ ഈ ചെറിയ മാറ്റം കാര്യമായ സ്വാധീനം ചെലുത്തിയത്. കണക്കു ചെയ്യുന്നതിൽ മാത്രമല്ല കായിക താരങ്ങൾക്കും പൊതുവേദിയിൽ പ്രകടനങ്ങൾ നടത്തുന്നവർക്കും ഈ അംഗ വിന്യാസം പ്രയോജനപ്പെടുമെന്ന് ഗവേഷണ ഫലം ചൂണ്ടിക്കാട്ടുന്നു. 

Education News>>