പഠനാനന്തര തൊഴിൽവീസ വീണ്ടും അനുവദിക്കണമെന്ന് ബ്രിട്ടനിലെ വാഴ്സിറ്റികൾ

വിദേശരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം കുറയുന്നതു തടയാൻ പഠനശേഷമുള്ള തൊഴിൽവീസ സമ്പ്രദായം വീണ്ടും ഏർപ്പെടുത്തണമെന്ന് ബ്രിട്ടനിലെ പ്രമുഖ സർവകലാശാലകൾ നിർദേശിച്ചു. തൊഴിൽവീസ അനുവദിക്കാത്തതുമൂലം ഇന്ത്യക്കാരുൾപ്പെടെയുള്ള രാജ്യാന്തര വിദ്യാർഥികൾ ഉപരിപഠനത്തിനായി മറ്റു രാജ്യങ്ങളിലേക്കു പോകുന്നതു ബ്രിട്ടനു തിരിച്ചടിയായ സാഹചര്യത്തിലാണിത്. 2010–11 ൽ 24,000 ഇന്ത്യൻ വിദ്യാർഥികളാണു ബ്രിട്ടനിൽ എത്തിയിരുന്നത്. 2015–16 ൽ ഇത് 9000 ആയി കുറഞ്ഞു. 

പഠനശേഷം 2 വർഷത്തേക്കു തൊഴിൽവീസ അനുവദിക്കുന്ന സമ്പ്രദായം 2012 ലാണു ബ്രിട്ടൻ നിർത്തലാക്കിയത്. പ്രമുഖ സർവകലാശാലകളുടെ പ്രതിനിധികളുൾപ്പെട്ട സമിതിയാണു ഗ്ലോബൽ ഗ്രാജ്വേറ്റ് ടാലന്റ് വീസ എന്ന താൽക്കാലിക വീസ പദ്ധതി നിർദേശം മുന്നോട്ടു വച്ചരിക്കുന്നത്. യുഎസിനും കാനഡയ്ക്കും മൂന്നു വർഷം നീളുന്ന പഠനാനന്തര തൊഴിൽ വീസയുണ്ട്. ഓസ്ട്രേലിയയിൽ ഈ വീസ നാലു വർഷത്തേക്കാണ്.

Education News>>