അഡ്മിറ്റ് കാർഡിൽ സ്വന്തം ഫോട്ടോയ്ക്ക് പകരം അമിതാബ് ബച്ചൻ

പരീക്ഷാ അഡ്മിറ്റ് കാർഡിൽ സ്വന്തം ഫോട്ടോയ്ക്ക് പകരം അമിതാബ് ബച്ചന്റെ ഫോട്ടോ ! ഉത്തർ പ്രദേശിലെ ഡോ. റാം മനോഹർ ലോഹ്യ യൂണിവേഴ്സിറ്റിയിലാണ് സംഭവം. യൂണിവേഴ്സിറ്റിക്കു കീഴിലുള്ള ഫൈസാബാദ് രവീന്ദ്ര സിങ് സ്മാരക് മഹാവിദ്യാലയത്തിലെ രണ്ടാം വർഷ ബി.എഡ് വിദ്യാർഥിയായ അമിത് ദ്വിവേദിക്കാണ് അമിതാഭ് ബച്ചന്റെ പടമുള്ള അഡ്മിഷൻ കാർഡ് ലഭിച്ചത്.

പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന വേളയിൽ വിദ്യാർഥിയോ ഇന്റർനെറ്റ് കഫേക്കാരോ തെറ്റായി ഫോട്ടോ അപ്‌ലോഡ് ചെയ്തതാവാം കാരണം എന്നാണ് കോളജ് അധികൃതർ സംശയിക്കുന്നത്. എന്നാൽ താൻ കൃത്യമായിട്ടാണ് അപേക്ഷാഫോം പൂരിപ്പിച്ചതെന്ന് വിദ്യാർഥി ഉറപ്പിച്ചു പറയുന്നു. മറ്റു  രേഖകൾ ഹാജരാക്കിയതിനെ തുടർന്ന് വിദ്യാർഥിയെ പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നു. അമിതാബ് ബച്ചന്റെ ഫോട്ടോ പതിച്ച മാർക്ക് ഷീറ്റാണോ തനിക്കു ലഭിക്കുക എന്ന ആധിയിലാണ് വിദ്യാർഥിയിപ്പോൾ. യൂണിവേഴ്സിറ്റിയുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നും വിദ്യാർഥിക്ക് ശരിയായ മാർക്കു ഷീറ്റ് ലഭ്യമാക്കുമെന്നും കോളജ് അധികൃതർ അറിയിച്ചു.