ആ മാഷും കുട്ടികളും പറഞ്ഞുതരുന്നത്

മുന്നിലിരിക്കുന്ന കുട്ടി തന്റേതല്ലെന്നു തോന്നുന്ന നിമിഷം അധ്യാപകൻ വിദ്യാലയത്തിന്റെ പടിയിറങ്ങണമെന്നു പറഞ്ഞിട്ടുണ്ട്, ഗുരു നിത്യചൈതന്യ യതി. ക്ലാസിലിരിക്കുന്ന കുട്ടികളെല്ലാം തന്റേതാണെന്നു കരുതിയ ഒരു അധ്യാപകനെ പടിയിറങ്ങാൻ സമ്മതിക്കാത്ത വിദ്യാർഥികളെ ഒാർക്കുന്നില്ലേ? അധ്യാപകൻ എന്ന വാക്കിന്റെ ആഴവും അർഥവും ശിഷ്യരിലൂടെ കാണിച്ചുതന്ന തമിഴ്നാട്ടിലെ വെളിയഗരം ഗവൺമെന്റ് സ്കൂൾ അധ്യാപകൻ ജി. ഭഗവാനെ ഒാർക്കതെ ഈ അധ്യാപക ദിനം എങ്ങനെ പൂർണമാകും. 

കഴിഞ്ഞ ജൂൺ 20 ന് തന്റെ റിലീവിങ് ഓർഡർ കൈപ്പറ്റാനാണ് ഭഗവാൻ സ്കൂളിലെത്തിയതിനെ തുടർന്നാണ് ആ രംഗങ്ങൾ ഉണ്ടായത്. ‘വിടില്ല, വിടില്ല’ എന്ന് ഉറക്കെക്കരഞ്ഞുകൊണ്ടു കുട്ടികൾ പ്രിയപ്പെട്ട ഗുരുവിനെ വട്ടംപിടിച്ച്, സ്കൂളിന്റെ ഗേറ്റ് അടച്ച് അതിനു മുന്നിൽ സ്നേഹമതിൽ തീർക്കുകയായിരുന്നു. പ്രിയപ്പെട്ട അധ്യാപകനെ പിരിയാൻ വിടാത്ത കുട്ടികളുടെ ഹൃദയവികാരം ആ കാഴ്ചയെ അപൂർവസുന്ദരമാക്കി. കുട്ടികളുടെ കരച്ചിൽകണ്ടു പിടിച്ചുനിൽക്കാനാകാതെ അധ്യാപകൻ പൊട്ടിക്കരഞ്ഞതും നാം കണ്ടു.

ഭഗവാന്റെ സ്ഥലംമാറ്റത്തിനെതിരെ കുട്ടികളുടെയും രക്ഷിതാക്കളുടെയും ‘സ്നേഹസമരം’ തന്നെയായിരുന്നു അത്; നമുക്കു പരിചയമുള്ള ഒരു സ്കൂളിലും കാണാത്തവിധം വ്യത്യസ്തമായൊരു സമരം. ഭഗവാന്റെ സ്ഥലംമാറ്റം താൽക്കാലികമായി റദ്ദാക്കി തമിഴ്നാട് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവെത്തിയതോടെ കുട്ടികളുടെയും അധ്യാപകന്റെയും കരച്ചിൽ, ചിരിയുടെ പൂന്തോട്ടമായി  വിടരുകയും ചെയ്തു.

തിരുവള്ളൂർ ജില്ലയിലെ സ്കൂളിൽ നാലുവർഷം മുൻപ് എത്തിയ ജി.ഭഗവാൻ എന്ന ഇരുപത്തിയെട്ടുകാരൻ വിദ്യാർഥികളുടെയും  രക്ഷിതാക്കളുടെയും ഹൃദയംകവർന്ന കഥ നമ്മുടെ അധ്യാപകരുടെ പരിശീലന ക്ലാസുകളിലേക്ക് എടുത്തുവയ്ക്കാനുള്ള പാഠംകൂടിയാണ്. കഥപറഞ്ഞും വീട്ടുവിശേഷങ്ങൾ ചോദിച്ചും കരുതലുള്ള ചങ്ങാതിയായും കുട്ടികളുടെ ഒപ്പം നടന്ന അദ്ദേഹം, പുസ്തകങ്ങൾക്കപ്പുറത്തേക്ക് അവരെ കൂട്ടിക്കൊണ്ടുപോവുകയും സ്കൂളിന്റെതന്നെ നിലവാരം ഉയർത്തുകയുമായിരുന്നു. ആറു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഇംഗ്ലിഷിനെ വരുതിയിലാക്കാനുള്ള എളുപ്പവിദ്യകൾ പഠിപ്പിച്ചുകൊടുത്ത് ഭഗവാൻ അവരെ പരീക്ഷയുടെ കടമ്പ കടത്തി. തന്റെ വിദ്യാർഥികളെ മനുഷ്യത്വത്തിന്റെയും സ്നേഹത്തിന്റെയും സഹജാവബോധത്തിന്റെയും പാഠങ്ങൾകൂടി ആ അധ്യാപകൻ പഠിപ്പിച്ചതിന്റെ വെളിച്ചമാണ് ആ സ്കൂൾമുറ്റത്തു നാം കണ്ടത്.

പുണ്യംചെയ്‌ത കൈകൾകൊണ്ടാണ് അധ്യാപകൻ ശിഷ്യരെ അനന്തമായ അറിവുകളിലേക്ക് ആനയിക്കുന്നത്. ആ യാത്ര സംതൃപ്തിയോടെ കണ്ടുനിൽക്കുന്ന രക്ഷിതാക്കളെക്കൂടി അദ്ദേഹം തന്റെ ബന്ധുവാക്കുന്നു. ഭഗവാന്റെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയില്ലെങ്കിൽ കുട്ടികളെ സ്കൂൾ മാറ്റുമെന്ന മുന്നറിയിപ്പുമായി രക്ഷിതാക്കളും കുട്ടികൾക്കൊപ്പമുണ്ടായത് അതുകൊണ്ടുതന്നെയാണ്. യാത്രപറയാനെത്തിയ ഭഗവാനെ സ്കൂളിൽനിന്നുവിടാതെ അവർ സ്നേഹത്തടവിലാക്കി. കുട്ടികളുടെയും രക്ഷിതാക്കളുടെയും വികാരം തിരിച്ചറിഞ്ഞ വിദ്യാഭ്യാസ വകുപ്പ് 10 ദിവസത്തേക്ക് ഉത്തരവ് റദ്ദാക്കിയിരിക്കുന്നു. 

അക്ഷരവെളിച്ചത്തിനൊപ്പം കുട്ടികൾക്കു ജീവിതമൂല്യങ്ങളുടെ മധുരംകൂടി പകരാനായത് ഭഗവാൻ എന്ന അധ്യാപകനെ വേറിട്ടുനിർത്തുന്നു; വിദ്യാലയത്തിൽനിന്നു കിട്ടേണ്ട ആദ്യ പാഠത്തിന്റെ തലക്കെട്ട് ‘സ്നേഹം’ എന്നാണെന്നു തിരിച്ചറിഞ്ഞ ആ കുട്ടികളെയും. 

Education News>>