‘നിഷ്’ സംസ്ഥാന വാഴ്സിറ്റിക്ക് വീണ്ടും ആലോചന

തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിനെ (നിഷ്) കേന്ദ്ര സർവകലാശാലയാക്കാനുള്ള തീരുമാനം ഉപേക്ഷിച്ചതോടെ സംസ്ഥാന സർവകലാശാലയാക്കാനുള്ള നീക്കം വീണ്ടും തുടങ്ങി. സംസ്ഥാന സർവകലാശാലയാക്കാനുള്ള സാധ്യതകൾ പരിശോധിക്കാൻ മന്ത്രി കെ.കെ. ശൈലജ സാമൂഹികനീതി സ്പെഷൽ സെക്രട്ടറി ബിജു പ്രഭാകറിനോടു നിർദേശിച്ചു. നടപടികൾ പ്രാഥമിക ഘട്ടത്തിലാണെന്നും സാമ്പത്തികവശങ്ങളടക്കം പരിശോധിക്കേണ്ടതുണ്ടെന്നും ബിജു പ്രഭാകർ പറഞ്ഞു. 

കഴിഞ്ഞ യുഡിഎഫ് സർക്കാർ നിഷ് സംസ്ഥാന സർവകലാശാലയ്ക്കായി നടപടി തുടങ്ങിയിരുന്നു. ഇതിനുള്ള ബില്ലും ചട്ടങ്ങളും മന്ത്രിസഭ അംഗീകരിച്ച് നിയമസഭയിൽ അവതരിപ്പിക്കുന്നതിനു തൊട്ടുമുൻപായിരുന്നു കേന്ദ്ര സർവകലാശാലയാക്കുമെന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം. തുടർന്നു നിഷ് കേന്ദ്രത്തിനു കൈമാറാൻ നടപടിയെടുക്കുകയും വിതുരയിൽ 50 ഏക്കർ വിട്ടുകൊടുക്കുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞശേഷം കേന്ദ്രനടപടികൾ നിശ്ചലമായപ്പോൾ ഉമ്മൻ ചാണ്ടി പ്രധാനമന്ത്രിക്കു കത്തെഴുതി. എംപിമാരും എംഎൽഎമാരുമൊക്കെ ഏറെ സമ്മർദം ചെലുത്തി. അതെല്ലാം അവഗണിച്ചുകൊണ്ടാണ് കേന്ദ്ര സർവകലാശാലയാക്കേണ്ടതില്ലെന്ന തീരുമാനമുണ്ടായത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ എവിടെയെങ്കിലും പദ്ധതി തുടങ്ങാൻ ഉദ്ദേശിക്കുന്നു എന്നാണ് ഈയിടെ രാജ്യസഭയിൽ ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി കൃഷൻപാൽ ഗുർജർ മറുപടി നൽകിയത്. കേന്ദ്രം നിലപാട് മാറ്റിയതറിഞ്ഞ് ശശി തരൂർ എംപി പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു. QUOTS തീരുമാനം മാറ്റിയതിന്റെ കാരണം കേന്ദ്രമന്ത്രി അറിയിച്ചില്ല. നടപടികൾ മന്ദഗതിയിലായെന്ന വാർത്ത കണ്ടാണ് രാജ്യസഭയിൽ‍ ചോദ്യം ഉന്നയിച്ചത്. ബിനോയ് വിശ്വം എംപി കേന്ദ്ര സർവകലാശാലയ്ക്കായി മുൻപു കത്തു നൽകിയിരുന്നു. പുതിയ വിവരങ്ങൾ അറിയില്ല. അവഗണിക്കപ്പെട്ടിരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു പ്രത്യേക പരിഗണന നൽകുന്നതുകൊണ്ടാകാം തീരുമാനം മാറ്റിയത്. ഒ. രാജഗോപാൽ എംഎൽഎ.

Education News>>