എൻജിനീയറിങ് വേണ്ട? 6 സ്വകാര്യ സ്വാശ്രയ കോളജുകളിൽ ആളില്ല

ഈ വർഷത്തെ ബിടെക് പ്രവേശനം പൂർത്തിയായപ്പോൾ 49,926 സീറ്റുകളിൽ  24,710 എണ്ണവും ഒഴിഞ്ഞുകിടക്കുന്നു. 6 സ്വകാര്യ സ്വാശ്രയ കോളജുകളിൽ ഒരു വിദ്യാർഥി പോലും ചേർന്നില്ല– തൃശൂർ ജില്ലയിൽ മൂന്നും എറണാകുളത്തു രണ്ടും പത്തനംതിട്ടയിൽ ഒന്നും കോളജുകൾ. ഇതിൽ പത്തനംതിട്ടയിലെ കോളജിൽ പ്രവേശനം നടത്തരുതെന്നു മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു.

സർക്കാർ, എയ്ഡഡ് കോളജുകളിലും സർക്കാർ സ്വാശ്രയ കോളജുകളിലും സീറ്റ് ഒഴിഞ്ഞു കിടപ്പുണ്ട്.

പ്രിയം കംപ്യൂട്ടർ സയൻസ്

ഈ വർഷം കംപ്യൂട്ടർ സയൻസിനോടായിരുന്നു കൂടുതൽ പ്രിയം. 9,444 സീറ്റിൽ 5,859 പേർ ചേർന്നു (61 %). സിവിൽ, മെക്കാനിക്കൽ എന്നിവയായിരുന്നു തൊട്ടു പിന്നിൽ. ഇലക്ട്രോണിക്സിനും ഇലക്ട്രിക്കലിനുമാണു കുട്ടികൾ ഏറ്റവും കുറവ്– 34 % വീതം.