പുസ്തകങ്ങളോട് പ്രണയമുണ്ടോ? എന്നാൽ നിങ്ങൾക്കായി ഇതാ ഒരു കരിയർ

പുസ്തകങ്ങളോടു കൂട്ടുകൂടുവാൻ ഇഷ്ട്ടപെടുന്ന വ്യക്തിയാണോ നിങ്ങൾ? പുതിയ കാര്യങ്ങള്‍ അറിയുവാനും വാർത്തകളെ കൃത്യതയോടെ മനസ്സിലാക്കുവാനും നിങ്ങള്‍ ശ്രമിക്കാറുണ്ടോ? എഴുത്തുകാരോട് അതിയായ ഒരു ആരാധന നിങ്ങളിൽ ഉണ്ടോ? എങ്കിൽ നിങ്ങൾക്ക് കരിയറായി തിരഞ്ഞെടുക്കാവുന്ന വിഷയമാണ് ലൈബ്രറി സയന്‍സ്.

അധികമാരും ചെന്നെത്താത്ത ഒരു പ്രൊഫഷണൽ മേഖലയാണ് ലൈബ്രേറിയൻഷിപ്. പ്രൊഫഷണലി ക്വാളിഫൈഡ് ആയിട്ടുള്ള ഒരാൾക്കു മാത്രമേ ലൈബ്രേറിയാനാകാൻ സാധിക്കൂ. ലൈബ്രേറിയന്മാരെ വെറും പുസ്തക സൂക്ഷിപ്പുകാരായി കാണുന്ന ഏറെ പഴക്കം ചെന്ന ചിന്താഗതിയാണ് നമ്മുടേത്. വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ കിട്ടാനുളള പുതിയ കാലത്ത് ലൈബ്രേറിയന്‍മാരുടെ വേഷവും കോലവുമെല്ലാം മാറി. അവരുടെ ജോലിയുടെ സ്വഭാവത്തിലും കിട്ടുന്ന ശമ്പളത്തിലുമൊക്കെ മാറ്റം വന്നു. ഇന്നിപ്പോള്‍ ലൈബ്രറികളില്‍ മാത്രമൊതുങ്ങുന്നില്ല ലൈബ്രേറിയന്റെ പ്രവര്‍ത്തനമേഖല. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പത്ര/ടെലിവിഷന്‍ സ്ഥാപനങ്ങളിലും ബഹുരാഷ്ട്ര കമ്പനികളിലുമൊക്കെ ലൈബ്രേറിയന്‍ കൂടിയേ തീരൂ. ഇന്ന് ആഗോളതലത്തിൽ ലൈബ്രേറിയന്മാരെ വിളിക്കുന്നത് നോളജ് മാനേജർസ് അല്ലെങ്കിൽ ഇൻഫർമേഷൻ സയിന്റിസ്റ്റ് എന്നാണ്. അതുപോലെ പരമ്പരാഗത പുസ്തക ശേഖരങ്ങൾ കാലഹരണപ്പെടുകയും ഇ-റിസോഴ്സസ് അല്ലെങ്കിൽ ഡിജിറ്റൽ കണ്ടന്റ്സ് എൽ.ഐ.എസ് രംഗം കീഴടക്കുകയും ചെയ്തു.

ലൈബ്രറി സയൻസിലെ മികച്ച കോഴ്സുകൾ:

ബൃഹത്തായൊരു പഠനമേഖലയാണ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമെടുത്തശേഷം ലൈബ്രറി സയന്‍സിലേക്ക് തിരിയുന്നതാണ് ഏറ്റവും നല്ലത്. ബിരുദയോഗ്യത നേടിയവര്‍ക്ക് ഒരുവര്‍ഷത്തെ ബാച്ചിലര്‍ ഇന്‍ ലൈബ്രറി സയന്‍സ് (ബി.എല്‍.ഐ.സി.) കോഴ്‌സിനു ചേരാം. 

അതിനുശേഷം താത്പര്യമുള്ളവര്‍ക്ക് മാസ്‌റ്റേഴ്‌സ് ഡിഗ്രി ഇന്‍ ലൈബ്രറി കോഴ്‌സ് (എം.എല്‍.ഐ.സി.) പഠിക്കാവുന്നതാണ്. എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകളും ചെയ്യാം. നല്ല സ്ഥാപനങ്ങളില്‍ നിന്ന് ബി.എല്‍.ഐ.സി. കോഴ്‌സ് കഴിഞ്ഞിറങ്ങിയാല്‍ തന്നെ കൊളളാവുന്ന ജോലി ലഭിക്കുമെന്ന കാര്യം ഉറപ്പ്.

ഡിജിറ്റൽ ലൈബ്രേറിയൻഷിപ്, ഡാറ്റ ആൻഡ് ഇൻഫർമേഷൻ സയൻസ്, ബിഗ് ഡാറ്റ അനലിറ്റിക്സ് തുടങ്ങിയവ ഏറ്റവും പുതിയ സ്പെഷലൈസേഷനുകളാണ്.

ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങൾ : 

ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠിപ്പിക്കുന്ന രാജ്യത്തെ ചില മുന്‍നിര സ്ഥാപനങ്ങളെ പരിചയപ്പെടാം

1) ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, മുംബൈ

2) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ റിസോഴ്‌സ്, ന്യൂഡല്‍ഹി

3) ഡോക്യുമെന്റേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സെന്റർ , ബാംഗ്‌ളൂര്‍

4) ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാല, ഡല്‍ഹി

5) അലിഗഡ് മുസ്‌ലിം സര്‍വകലാശാല, 

6) ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി 

കേരളത്തിലെ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠനം

കേരള സര്‍വകലാശാലയുടെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്

* രണ്ടു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എല്‍.ഐ.സി. കോഴ്‌സ്

എം.ജി. യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് 

* ഒരു വര്‍ഷത്തെ ബി.എല്‍.ഐ.സി. കോഴ്‌സ് 

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്

* ഇന്റഗ്രേറ്റഡ് എം.എല്‍.ഐ.സി. കോഴ്‌സ് 

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈബ്രററി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സും 

*രണ്ടുവര്‍ഷത്തെ എം.എല്‍.ഐ.എസ്.സി. കോഴ്‌സ്

ജോലി സാധ്യത :

സര്‍വകലാശാലകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സര്‍ക്കാര്‍/സ്വകാര്യ ലൈബ്രറികള്‍, വിദേശ എംബസികള്‍, ഫോട്ടോ/ഫിലിം/റേഡിയോ/ടെലിവിഷന്‍ ലൈബ്രറികള്‍, മ്യൂസിയം ആര്‍ട് ഗാലറികള്‍ കൂടാതെ ബഹുരാഷ്ട്ര കമ്പനികളിലും ലൈബ്രറി ബിരുദക്കാര്‍ക്ക് അവസരങ്ങൾ ഉണ്ട്. ഇന്‍ഫര്‍മേഷന്‍ അനലിസ്റ്റ്, ഇന്‍ഡെക്‌സര്‍, ഇന്‍ഫര്‍മേഷന്‍ ആര്‍ക്കിടെക്റ്റ്, ആര്‍ക്കൈവിസ്റ്റ് എന്നൊക്കൊയാണ് ഇവിടങ്ങളിലെ ലൈബ്രേറിയന്റെ തസ്തിക. വിവരങ്ങള്‍ ക്രോഡീകരിച്ച് ഇന്റര്‍നെറ്റ് വഴി ലോകം മുഴുവനുമെത്തിക്കുക എന്നതായിരിക്കും മള്‍ട്ടിനാഷണല്‍ കമ്പനികളിലെ ലൈബ്രേറിയന്റെ ജോലി. സ്വകാര്യ കമ്പനികളില്‍ ഇന്‍ഫര്‍മേഷന്‍ അനലിസ്റ്റ്, ഇന്‍ഫര്‍മേഷന്‍ ആര്‍ക്കിടെക്റ്റ് ജോലി ചെയ്യുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയ്ക്കടുത്ത് വാര്‍ഷികവരുമാനം ലഭിക്കുന്നുണ്ട്.

More Campus Updates>>