മലയാളി വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസിലേക്കുള്ള വഴികാണിച്ച് കേജ്‍രിവാള്‍

മലയാളി വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ അധ്യാപക വേഷത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. മലപ്പുറം അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് കേജ്‍രിവാള്‍ സിവില്‍ സര്‍വീസിലേക്കുള്ള വഴികാണിച്ചത്.   മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. അരീക്കോട്  സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സിവില്‍സര്‍വീസ് കളരിയായ ആസ്പയറിലെ ഇരുപത്തിയഞ്ച് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് കേജ്‍രിവാളിന്റെ ക്ളാസിലിരിക്കാന്‍ അവസരം ലഭിച്ചത്. 

കേരളത്തിലെ വിദ്യാഭ്യാസ നിലവാരത്തെ കേജ്‍രിവാള്‍ പുകഴ്ത്തി. ഉന്നത വിദ്യാഭ്യാസത്തിന് സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും പഴയ ഐ.ആര്‍.എസ് ഉദ്യോഗസ്ഥനായ കേജ്‍രിവാള്‍ ഉപദേശിച്ചു. സംവാദം രാഷ്ട്രീയത്തിലേക്ക് കടന്നപ്പോള്‍ രാജ്യം രക്ഷപ്പെടണമെങ്കില്‍ മൂല്യബോധമുള്ള കൂടുതല്‍ ആളുകള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പുനർ നിർമാണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ യുവതലമുറ തയ്യാറാകണം. 

രാഷ്ട്രീയത്തിൽ ഇന്നു കാണുന്ന  അപചയത്തിനു യുവതലമുറ രാഷ്ട്രീയത്തോടു കാണിക്കുന്ന വൈമുഖ്യവും കാരണമാണെന്നു കേജ്‌രിവാൾ പറഞ്ഞു. സ്കൂള്‍ പ്രിൻസിപ്പൽ  കെ .ടി മുനീബുറഹ്മാൻ അടക്കമുള്ളവര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ഉണ്ടായിരുന്നു. ഒടുവില്‍ കേജ്‌രിവാളിനെ കേരളത്തിലേക്കും സ്കൂളിലേക്കും ക്ഷണിച്ചാണു വിദ്യാർഥികൾ  മടങ്ങിയത്.