ഒബിസി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് വൈകുന്നു

മറ്റു പിന്നാക്ക സമുദായങ്ങളിൽ‌ (ഒബിസി) ഉൾപ്പെട്ട വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്  വിതരണം വൈകുന്നു.  2017– 18 അധ്യയന വർഷത്തിൽ സ്കോളർഷിപ്പിനായി തിരഞ്ഞെടുത്ത് ഗുണഭോക്തൃ പട്ടികയിൽ ഉൾ‌പ്പെട്ട പകുതിയിലധികം വിദ്യാർഥികൾക്കും തുക ലഭിച്ചിട്ടില്ല. 

പ്രീ പ്രൈമറി തലത്തിൽ  750, അപ്പർപ്രൈമറി തലത്തിൽ 900, ഹൈസ്കൂൾ വിദ്യാർഥികൾക്ക് 1000 എന്നിങ്ങനെയാണ്  50% കേന്ദ്രസഹായത്തോടെ നൽകുന്ന സ്കോളർഷിപ് തുക. വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലേക്കാണു തുക കൈമാറുക. 2016–17 വർഷത്തെ സ്കോളർഷിപ്പും ലഭിക്കാത്തവരുണ്ട്. ഗുണഭോക്താക്കളുടെ എണ്ണത്തിലെ വർധനയാണ് വിതരണം വൈകാൻ കാരണമായി പറയുന്നത്.

അതിനിടെ  ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം ഇത്തവണ പൂർണമായും പരിഷ്കരിച്ചിരുന്നു.  രക്ഷിതാക്കളുടെ വാർഷിക വരുമാനം 44500 രൂപയിൽ കൂടാത്ത, വാർഷിക പരീക്ഷയിൽ (ഒന്നാം ക്ലാസ് ഒഴികെ) 50% മാർക്കു നേടിയവർക്കായിരുന്നു തൊട്ടു മുൻവർഷം വരെ അപേക്ഷിക്കാവുന്നത്. 

വാർഷിക പരീക്ഷയിൽ (ഒന്നാം ക്ലാസ് ഒഴികെ) 80% മാർക്കുനേടിയിരിക്കണമെന്നാണു പുതിയ നിബന്ധന.  രക്ഷിതാവിന്റെ വാർഷികവരുമാനം 250000 രൂപ വരെയാക്കുകയും ചെയ്തു. സെപ്റ്റംബർ 25വരെയായിരുന്നു സ്കൂളുകളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. തുക കൈമാറേണ്ട അക്കൗണ്ട് സജീവമാണോ എന്ന് സ്കൂൾ അധികൃതർ പരിശോധിച്ച് ഉറപ്പു വരുത്തണമെന്നായിരുന്നു നിർദേശം. പക്ഷേ ഇടപാടുകൾ നടന്നിട്ടില്ലാത്തതിനാൽ പല അക്കൗണ്ടുകളും നിർജീവാവസ്ഥയിലാണ്. 

More Campus Updates>