എംജിയിൽ ഫ്ലിപ്പിങ് പഠനം

എംജി സർവകലാശാല ക്യാംപസിൽ ഇനി വിദ്യാർഥികൾ ക്ലാസെടുക്കും. അധ്യാപകർക്കു പകരം വിദ്യാർഥികൾ ക്ലാസ് നയിക്കുന്ന ഫ്ലിപ്പിങ് പഠന സമ്പ്രദായത്തിനു സർവകലാശാലയിൽ തുടക്കമാകുന്നു. തുടർന്ന് കോളജുകളിലും വ്യാപിപ്പിക്കാനാണു തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ നാനോ സയൻസ്–ടെക്നോളജി കേന്ദ്രത്തിൽ പദ്ധതി ആരംഭിച്ചു. യുഎസിലെ ശൈലിയിൽ നിന്നു പ്രേരണ ഉൾക്കൊണ്ടാണു വൈസ് ചാൻസലർ ഡോ.സാബു തോമസിന്റെ പദ്ധതി.

സെമിനാറുകളിൽ നിന്നു വ്യത്യസ്തമായി എല്ലാവരും ഒരേ വിഷയത്തിൽ ക്ലാസെടുക്കാൻ തയാറായെത്തുന്നു എന്നതാണ് ഫ്ലിപ്പിങ്ങിന്റെ പ്രത്യേകത. അധ്യാപകൻ തിരഞ്ഞെടുക്കുന്ന വിദ്യാർഥി ആദ്യം ക്ലാസെടുക്കും. തുടർന്ന് മുഴുവൻ വിദ്യാർഥികളും ചെറു സംഘങ്ങളായി ചർച്ച ആരംഭിക്കും. ഇതിൽ ഉയരുന്ന സംശയങ്ങൾക്ക് അധ്യാപകനും ക്ലാസെടുത്ത വിദ്യാർഥിയും ഉത്തരം പറയും. ചർച്ചയിൽ ഉരുത്തിരിയുന്ന ആശയങ്ങളും ക്രോഡീകരിക്കും.

More Campus Updates>